SignIn
Kerala Kaumudi Online
Friday, 23 October 2026 6.35 PM IST

പരിസ്ഥിതിയുടെ കാവലാളെങ്കിലും കണ്ടലുകൾ കെെയൊഴിഞ്ഞ് തദ്ദേശസ്ഥാപനങ്ങൾ

kandal

തൃശൂർ: ആഗോളതാപനത്തിനും കടലേറ്റത്തിനും തീരദേശ മലിനീകരണത്തിനുമെല്ലാം തടയിടുമെന്ന് പഠനങ്ങൾ പുറത്തുവരുമ്പോഴും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കണ്ടൽ വെച്ചുപിടിപ്പിക്കാൻ താൽപ്പര്യമില്ല. പണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കായലും കടലോരങ്ങളുമുള്ള പഞ്ചായത്തുകൾ പോലും ഒഴിഞ്ഞുമാറുന്നത്. പ്രളയത്തെയും സുനാമിയെയുമെല്ലാം പ്രതിരോധിക്കാനും ടൂറിസം മേഖലയുടെ വളർച്ചയെ സഹായിക്കാനും കണ്ടൽക്കാടുകൾ ഗുണകരമായതിനാൽ ഒരു ലക്ഷത്തോളം കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിക്കാൻ ഹരിതകേരളം മിഷൻ രണ്ട് വർഷം മുൻപ് മുന്നിട്ടിറങ്ങിയിരുന്നു. ഇത് പ്രധാനമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കാനാണ് ലക്ഷ്യം.

തുടക്കത്തിൽ പഞ്ചായത്തുകൾ സന്നദ്ധമായെങ്കിലും പിന്നീട് താൽപ്പര്യം കുറഞ്ഞു. കണ്ടൽച്ചെടികൾ വാങ്ങാനും നടാനുമെല്ലാമുള്ള ചെലവ് പ്രത്യേകപദ്ധതികൾ വഴി കണ്ടെത്തണം. മറ്റ് വകുപ്പുകളിലെ പദ്ധതികളുമായി സംയോജിപ്പിച്ച് കണ്ടൽച്ചെടി സംരക്ഷണത്തിനുള്ള സൗകര്യങ്ങളാണ് ഹരിതകേരളം മിഷൻ ഒരുക്കാറുള്ളത്. തൊഴിലുറപ്പ് തൊഴിലാളികൾ, കണ്ടൽ സംരക്ഷണ പ്രവർത്തകർ, സാമൂഹിക വനവത്കരണ വിഭാഗം, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവയുടെ സഹായത്തോടെയും കണ്ടൽവനങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു.

വായു ശുദ്ധമാകും

55 ഡിഗ്രി സെൽഷ്യസിലും കണ്ടൽക്കാടുകൾ പ്രകാശസംശ്‌ളേഷണം നടത്തി ആഗോളതാപനത്തെ അതിജീവിക്കുമെന്ന് കെ.എഫ്.ആർ.ഐയുടെ പഠനം ഈയിടെ പുറത്തുവന്നിരുന്നു. സൂര്യപ്രകാശത്തിന് നേരെ വളരുന്ന സൂചിവേരുകൾ അന്തരീക്ഷത്തിൽ നിന്നും വായു വലിച്ചെടുത്ത് ഉപയോഗിക്കും. സൂചിവേരുകളിലുള്ള ധാരാളം വായു അറകൾ തുറന്ന് അന്തരീക്ഷത്തിൽ വായുലഭ്യത കൂട്ടും.

ഗുണങ്ങൾ

കടൽവെള്ളത്തിന്റെ ഉപ്പുരസത്തെയും തോൽപ്പിച്ച് കവചമായി പ്രവർത്തിക്കും.
നട്ടുപിടിപ്പിക്കുന്നത് ഓരോ ദേശത്തിനും അനുസരിച്ചുള്ള കണ്ടൽച്ചെടികൾ
തീരങ്ങളിൽ ഈർപ്പമുള്ളതിനാൽ ജലസേചനത്തിന്റെ ആവശ്യമില്ല.
കണ്ടലിന്റെ ഇടയിലൂടെ ബോട്ടിംഗ് നടത്താം, ടൂറിസത്തിന് വഴിയൊരുങ്ങും
ജലപക്ഷികളും ദേശാടനപക്ഷികളും കൂടുന്നതിനാൽ പ്രകൃതിസൗന്ദര്യമേറെ

തിരിച്ചടികൾ

ലാഭം ലക്ഷ്യമിട്ടുള്ള സ്വകാര്യ നിർമ്മാണപ്രവർത്തനങ്ങൾ
റിസോർട്ടുകളുടെ വ്യാപനം, റിയൽ എസ്റ്റേറ്റ് ഇടപെടലുകൾ
അശാസ്ത്രീയമായ ടൂറിസം പദ്ധതികൾ, മലിനീകരണം
കൈയേറ്റങ്ങൾ, മത്സ്യഫാമുകളുടെ നിർമ്മാണം

കണ്ടലുകൾക്ക് കാർബൺ ഡയോക്‌സൈഡ് വലിച്ചെടുക്കാനുള്ള ശേഷി കൂടുതലാണ്. തൊഴിലുറപ്പ് തൊഴിലാളികൾ വഴി കണ്ടലുകൾ വെച്ചുപിടിപ്പിക്കാൻ കഴിയും. ഇക്കാര്യത്തിൽ പഞ്ചായത്തിന്റെ ഇടപെടലുകൾ വേണം.

ഡോ.കെ.വിദ്യാസാഗർ
റിട്ട.ഡീൻ, ഫോറസ്ട്രി കോളേജ്, മണ്ണുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL