SignIn
Kerala Kaumudi Online
Friday, 23 October 2026 2.14 AM IST

വൻ പൊട്ടിത്തെറികളില്ലാതെ ഏരിയ സമ്മേളനങ്ങൾ പൂർത്തിയാക്കി സി.പി.എം

തൃശൂർ : കരുവന്നൂർ തട്ടിപ്പിന്റെ അലയൊലികൾ, ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവി, സർക്കാരിന്റെ പ്രതിച്ഛായാ നഷ്ടം എന്നിങ്ങനെ സംഭവബഹുലമായ കാലയളവായിരുന്നെങ്കിലും കാര്യമായ പൊട്ടിത്തെറികളില്ലാതെ സി.പി.എം ഏരിയ സമ്മേളനങ്ങൾക്ക് പരിസമാപ്തി. ഇതോടെ ഫെബ്രുവരിയിലെ ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കവുമായി പാർട്ടി ഘടകം രംഗത്ത്. കുന്നംകുളത്താണ് ജില്ലാ സമ്മേളനം.

17 ഏരിയ കമ്മിറ്റികളിൽ കുന്നംകുളം, ചാലക്കുടി തുടങ്ങി എതാനും കമ്മിറ്റികളിൽ മത്സരങ്ങളുണ്ടായി. തൃശൂരിൽ ഏരിയ സെക്രട്ടറിയെ നിശ്ചയിച്ചതിലുള്ള അതൃപ്തി ഒഴിച്ചാൽ വലിയ തലവേദനയില്ലാതെയാണ് ഏരിയാ സമ്മേളനം സമാപിച്ചത്. കുന്നംകുളത്ത് 21 അംഗ ഏരിയ കമ്മിറ്റി അംഗങ്ങളെ വരെ മത്സരമില്ലാതെ തിരഞ്ഞെടുത്തെങ്കിലും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം വന്നത് നേതൃത്വത്തെ ഞെട്ടിച്ചു. രണ്ട് പേരുകളാണ് ഉയർന്നുവന്നത്. എം.എൻ.സത്യൻ സെക്രട്ടറി സ്ഥാനത്തേക്ക് പി.എം.സോമന്റെ പേര് പറഞ്ഞപ്പോൾ മുരളീധരൻ, കൊച്ചനിയന്റെ പേര് നിർദ്ദേശിച്ചു. 11 പേർ കൊച്ചനിയനായി കൈപൊക്കിയപ്പോൾ, സോമനായി എട്ട് പേർ രംഗത്തെത്തി. രണ്ടുപേർ നിഷ്പക്ഷത പാലിച്ചു. ചാലക്കുടിയിൽ സി.പി.എം ഏരിയാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരമുണ്ടായി. നിലവിലെ സെക്രട്ടറി കെ.എസ്.അശോകന് എതിരായി കൊരട്ടിയിൽ നിന്നുള്ള കെ.പി.തോമസാണ് മത്സരിച്ചത്. അശോകന് 13ഉം കെ.പി.തോമസിന് എട്ടും വോട്ട് ലഭിച്ചു. കഴിഞ്ഞതവണ എതിരില്ലാതെയായിരുന്നു അശോകനെ തിരഞ്ഞടുത്തത്. കൊടുങ്ങല്ലൂരിൽ സി.ഐ.ടി.യു നേതാവിനെയാണ് ഏരിയ സെക്രട്ടറിയായി നിശ്ചയിച്ചത്.


പുതിയ ജില്ലാ സെക്രട്ടറി വരുമോ ?

ജില്ലാ സമ്മേളനം ഫെബ്രുവരിയിൽ നടക്കാനിരിക്കെ പുതിയ ജില്ലാ സെക്രട്ടറി വന്നേക്കുമെന്ന ചർച്ചകളും സജീവമായി. നിലവിലെ സെക്രട്ടറി, എം.എം.വർഗീസിന് പാർട്ടി ഭരണഘടന അനുസരിച്ച് ഒരു ടേം കൂടി തുടരാം. എന്നാൽ എൽ.ഡി.എഫ് ജില്ലാ കൺവീനറും മുൻ എം.എൽ.എയുമായ കെ.വി.അബ്ദുൾ ഖാദർ സെക്രട്ടറിയായി വന്നേക്കുമെന്ന സൂചനയുണ്ട്. കഴിഞ്ഞതവണ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന യു.പി.ജോസഫിന്റെ പേരും കേൾക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL