തൃശൂർ: ക്രിമിനലുകൾ നഗരമദ്ധ്യത്തിലും വിളയാടുമ്പോൾ, കഴിഞ്ഞ ഡിസംബറിൽ വ്യത്യസ്ത സംഭവങ്ങളിൽ കൊല്ലപ്പെട്ടത് യുവതിയടക്കം നാലു പേർ. പുതുവർഷ തലേന്ന് നഗരത്തിൽ തേക്കിൻകാട് മൈതാനിയിൽ പതിന്നാലുകാരന്റെ കത്തിക്കിരയായി യുവാവ് കൊല്ലപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. പാലിയം റോഡ് ടോപ്പ് റസിഡൻസിയിൽ എടക്കളത്തൂർ വീട്ടിൽ ജോൺ ഡേവിസിന്റെ മകൻ ലിവിൻ ഡേവിസാണ് (29) 14കാരന്റെ കൊലക്കത്തിക്ക് ഇരയായത്.
കടം തീർക്കാൻ സ്വർണ്ണാഭരണത്തിനായി കുന്നംകുളം ആർത്താറ്റ് കിഴക്കുംമുറിയിൽ നാടൻചേരിൽ വീട്ടിൽ വീട്ടമ്മയായ സിന്ധുവിനെ (50) കൊലപ്പെടുത്തിയത്. ഘാതകനായത് സഹോദരീ ഭർത്താവായ കണ്ണനായിരുന്നു.
12 പവൻ സ്വർണമാണ് കവർന്നത്. രാത്രി വീട്ടിൽ ടി.വി കണ്ടുകൊണ്ട് ഇരിക്കെ കണ്ണൻ വെട്ടുകത്തിക്ക് വെട്ടുകയായിരുന്നു. സിന്ധുവിനെയും ഭർത്താവ് മണികണ്ഠനെയും കൊലപ്പെടുത്തി സ്വർണം കവരുകയായിരുന്നു ലക്ഷ്യം. ഈ സമയം മണികണ്ഠൻ പുറത്തുപോയിരിക്കുകയായിരുന്നു. ക്രിസ്മസ് ദിനത്തിൽ കൊടകരയിൽ മുൻവൈരാഗ്യത്തെ തുടർന്ന് വീടു കയറി ആക്രമിച്ച യുവാവും ആക്രമണത്തിൽ മറ്റൊരു യുവാവും കുത്തേറ്റ് മരിച്ചത്. കല്ലിങ്ങപ്പുറം വീട്ടിൽ സുബ്രന്റെ മകൻ സുജിത്ത് (29), മഠത്തിക്കാടൻ സജീവന്റെ മകൻ അഭിഷേക് (28) എന്നിവരാണ് മരിച്ചത്.
നാല് വർഷം മുമ്പുണ്ടായ സംഘർഷത്തിന്റെ പകരം വീട്ടാനെത്തിയതായിരുന്നു ഒരു സംഘം. പുതുവത്സരാഘോഷത്തിനിടെ, തങ്ങളുടെ പ്രദേശത്തെത്തിയ സംഘത്തെ ചോദ്യം ചെയ്തതിനാണ് ഷുഹൈബ് എന്ന യുവാവിനെ ഷാഫിലി എന്ന യുവാവ് 24 തവണ കുത്തിയത്. ഗുരുതര പരിക്കേറ്റ ഷുഹൈബിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമ്പതിലേറെ കാപ്പ പ്രതികൾ ജയിലിൽ
തൃശൂർ മേഖലയിലെ അമ്പതോളം പേരാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്നത്. ഇതിന് പുറമേ നിരവധി പേരെ ആറു മാസം , ഒരു വർഷം എന്നീ കാലയളവിലേക്ക് ജില്ലയിലേക്ക് കടക്കാതെ നാടു കടത്തപ്പെട്ടവരുമുണ്ട്. എന്നാൽ പലരും പൊലീസിന്റെ കണ്ണുവെട്ടിച്ച് ജില്ലയിൽ വിലസുകയാണ്. തിരുവനന്തപുരം മേഖലയിലെ 87 പേർ വിയ്യൂർ സെൻട്രൽ ജയിലിലും കണ്ണൂർ മേഖലയിലെ 71 പേർ തൃശൂർ അതിസുരക്ഷാ ജയിലിലും കഴിയുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |