തൃശൂർ: മയക്കുമരുന്ന് മാഫിയയുടെ പിടിയിലാകുന്ന സ്‌കൂൾ വിദ്യാർത്ഥിനികളുടെയും യുവതികളുടെയും എണ്ണം കൂടുന്നു. ചില സ്‌കൂളുകളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ എട്ടിലും ഒമ്പതിലും പഠിക്കുന്ന വിദ്യാർത്ഥിനികളെയടക്കം പിടികൂടി. ഇവരെ മാതാപിതാക്കളെ വിളിച്ചുവരുത്തി ഏൽപ്പിക്കുകയായിരുന്നുവെന്ന് എക്‌സൈസ് സംഘം പറഞ്ഞു.
മയക്കുമരുന്ന് മാഫിയ വിദ്യാർത്ഥിനികളെയും യുവതികളെയും കൂടുതലായി രംഗത്തിറക്കുകയാണെന്നാണ് ഇന്റലിജന്റ്‌സ് വിഭാഗത്തിന് ലഭിച്ച വിവരം. മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് പുറമേ വിദ്യാർത്ഥിനികളെ കാരിയർമാരാക്കിയും വിൽപ്പനയുണ്ട്. നഗരത്തോട് ചേർന്നുള്ള ഒരു സ്‌കൂളിലെ വിദ്യാർത്ഥിനിയെ മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് പിടികൂടാനെത്തിയപ്പോൾ ഗുണ്ടാസംഘങ്ങളാണ് എതിർപ്പുമായെത്തിയത്. ഒടുവിൽ അവരെ നേരിടാൻ കഴിയാതെ പിന്മാറേണ്ടി വന്നു.
പുതുവർഷാഘോഷത്തിനായി കൊണ്ടുവന്ന മയക്കുമരുന്നുമായി പിടിയിലായ നാലംഗ സംഘത്തിൽ ഒരു യുവതിയെ അടക്കമാണ് തളിപ്പറമ്പ് എക്‌സൈസ് സംഘം പിടികൂടിയത്. കഴിഞ്ഞദിവസം തൃശൂരിൽ 14കാരൻ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയപ്പോൾ ഒപ്പം പെൺകുട്ടിയുമുണ്ടായിരുന്നു. കോളേജ് വിദ്യാർത്ഥിനികൾക്ക് താമസിച്ച് മയക്കുമരുന്ന് ഉപയോഗിക്കാനുള്ള രഹസ്യകേന്ദ്രങ്ങൾ വരെ ഇടനിലക്കാർ നഗരത്തിൽ ഒരുക്കിയിരുന്നത് മാസങ്ങൾക്ക് മുമ്പ് എക്‌സൈസ് സംഘം കണ്ടെത്തിയിരുന്നു.
മരുന്നടിക്ക് താവളങ്ങളും
മയക്കുമരുന്നടിച്ച് തിരിച്ചുപോയാൽ പിടികൂടുമെന്നതിനാൽ പെൺകുട്ടികൾക്ക് മാത്രമായി താമസിക്കാനുള്ള സൗകര്യമാണ് മാഫിയ ഒരുക്കുന്നത്. പലരും വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് ഹോസ്റ്റലിൽ നിന്ന് ഈ കേന്ദ്രങ്ങളിലേക്കെത്തുന്നത്. ഇവിടെ ഒരു ദിവസം താമസിച്ച് മയക്കുമരുന്നടിച്ച ശേഷം കോളേജിലേക്ക് മടങ്ങും. പ്രൊഫഷണൽ കോളേജുകളിലടക്കം പെൺകുട്ടികൾ മയക്കുമരുന്നിന് അടിമകളാകുന്നത് കൂടിവരികയാണ്. പ്രായപൂർത്തിയാകാത്തതിനാൽ കേസെടുക്കാനോ പേരുവിവരങ്ങൾ പുറത്തു വിടാനോ കഴിയാറില്ല. തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ ചില എം.ബി.ബി.എസ് വിദ്യാർത്ഥികളെ മയക്കുമരുന്ന് ഉപയോഗിച്ചതിന് പൊലീസ് പിടികൂടിയിരുന്നു. പിന്നീട് ഉന്നതങ്ങളിലെ സമ്മർദ്ദത്തെ തുടർന്ന് സംഭവം തേച്ചുമാച്ചു കളഞ്ഞു. കോളേജ് വിദ്യാർത്ഥിനികൾക്ക് മയക്കുമരുന്നെത്തിക്കുന്ന വൻ മാഫിയാ സംഘമാണ് നഗരത്തിലുള്ളത്.
പെൺകുട്ടികളും യുവതികളുമൊക്കെ യാതൊരു സങ്കോചവും കൂടാതെയാണ് കണ്ണികളാകുന്നത്. കായിക സംസ്‌കാരം കൈവിട്ട് കുട്ടികൾ മയക്കുമരുന്നിന് അടിമകളാകുകയാണ്. ഇതിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചാണ് എക്‌സൈസ് സംഘം രംഗത്തിറങ്ങിയിരിക്കുന്നത്. ഗുണ്ടാസംഘങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന മാഫിയ സംഘത്തെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും എക്‌സൈസ് നടത്തുന്നുണ്ട്.
എ.ബി.പ്രസാദ്
ഇൻസ്‌പെക്ടർ
എക്‌സൈസ് ഇന്റലിജന്റ്‌സ് ബ്യൂറോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |