തൃശൂർ : ഡിസംബറിലെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അണിയറ ഒരുക്കങ്ങൾക്കിടെ സംഘടനാ തിരഞ്ഞെടുപ്പിൽ മുഴുകി പ്രമുഖ രാഷ്ട്രീയ പാർട്ടികൾ. ഭരണ കക്ഷികളായ സി.പി.എം, സി.പി.ഐ എന്നിവർക്ക് പുറമേ കേന്ദ്രഭരണ പാർട്ടിയായ ബി.ജെ.പിയും സംഘടനാ തിരഞ്ഞെടുപ്പിന്റെ ഒരുക്കത്തിലാണ്. കോൺഗ്രസിലാകട്ടെ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിയിലും താത്കാലിക ഡി.സി.സി പ്രസിഡന്റുമായാണ് മുന്നോട്ട് പോകുന്നത്.
ചേലക്കര ഉപതിരഞ്ഞെടുപ്പിന് മുമ്പ് ആരംഭിച്ച സി.പി.എമ്മിന്റെ ബ്രാഞ്ച്, ലോക്കൽ, ഏരിയ സമ്മേളനങ്ങൾ പൂർത്തിയാക്കി ജില്ലാ സമ്മേളനത്തിലേക്ക് കടക്കുകയാണ്. കുന്നംകുളത്ത് ഫെബ്രുവരി 9, 10, 11 തിയതികളിലാണ് ജില്ലാ സമ്മേളനം. നിലവിൽ എം.എം.വർഗീസാണ് ജില്ലാ സെക്രട്ടറി. എന്നാൽ ഇത്തവണ മാറ്റങ്ങൾക്ക് സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാൽ എൽ.ഡി.എഫ് കൺവീനർ കെ.വി.അബ്ദുൾ ഖാദറിന്റെ പേരിനാണ് മുൻതൂക്കം. കഴിഞ്ഞതവണ സെക്രട്ടറി സ്ഥാനത്തെത്തുമെന്ന് കരുതിയിരുന്ന സി.ഐ.ടി.യു നേതാവ് യു.പി.ജോസഫിന്റെ പേരും ഉയരുന്നുണ്ട്. മത്സര സാദ്ധ്യത കുറവാണെങ്കിലും ഏരിയതലങ്ങളിൽ ചിലയിടങ്ങളിലെ അഭിപ്രായഭിന്നത നേതൃത്വത്തെ അലട്ടുന്നുണ്ട്.
കോൺഗ്രസിൽ ചരടുവലി
ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുണ്ടായ കോലാഹലങ്ങളിൽ ഡി.സി.സി പ്രസിഡന്റ് രാജിവെച്ച ശേഷം മാസങ്ങൾ പിന്നിട്ടിട്ടും പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിക്കാൻ ഇതുവരെയും കെ.പി.സി.സി നേതൃത്വത്തിനായിട്ടില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് നിരവധി പേർ ചരടുവലി നടത്തിയതോടെ പ്രഖ്യാപനം നീണ്ടു. പാലക്കാട് എം.പി വി.കെ.ശ്രീകണ്ഠനാണ് താത്കാലിക ചുമതലയിൽ പ്രസിഡന്റ് സ്ഥാനത്തുള്ളത്.
ബി.ജെ.പി മൂന്ന് പ്രസിഡന്റുമാരിലേക്ക്
ബൂത്ത് തല തിരഞ്ഞെടുപ്പ് കഴിഞ്ഞ് മണ്ഡലം പ്രസിഡന്റുമാരെ തീരുമാനിക്കാനുള്ള അഭിപ്രായ വോട്ടെടുപ്പ് പൂർത്തിയാക്കി ബി.ജെ.പിയുടെ ജില്ലാ പ്രസിഡന്റുമാരെ ഈ മാസം തന്നെ തെരഞ്ഞെടുത്തേക്കും. പുതിയ സംഘടനാ സംവിധാനം അനുസരിച്ച് തൃശൂരിനെ മൂന്നായി വിഭജിച്ച് മൂന്ന് ജില്ലാ പ്രസിഡന്റുമാരായി മാറും. ജില്ലാ പ്രസിഡന്റുമാരാകാൻ ശക്തമായ ചരടുവലിയുണ്ട്. മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിക്കാനുള്ള അഭിപ്രായ രൂപീകരണ ചർച്ചകളിൽ രൂക്ഷമായ ചേരിതിരിവ് രൂപപ്പെട്ടിരുന്നു. പ്രധാനകേന്ദ്രമായ തൃശൂർ സെൻട്രൽ സോണിൽ കെ.കെ.അനീഷ് കുമാർ തന്നെ തുടർന്നേക്കും. എന്നാൽ എ.നാഗേഷിന്റെ പേരും ഉയരുന്നുണ്ട്. മറ്റ് രണ്ടിടങ്ങളിലും ചരടുവലി ശക്തമാണ്.
സി.പി.ഐയിലും മാറ്റം വന്നേക്കും
സി.പി.ഐയുടെ ബ്രാഞ്ച് സമ്മേളനങ്ങൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഇത് പൂർത്തീകരിക്കും. ലോക്കൽ സമ്മേളനം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പൂർത്തിയാക്കും. മണ്ഡലം സമ്മേളനങ്ങൾ മേയ്, ജൂൺ മാസങ്ങളിലാണ് നടത്തുന്നത്. ജൂലായ് 11 മുതൽ 13 വരെയാണ് ജില്ലാ സമ്മേളനം. നിലവിലെ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് മാറി മറ്റൊരാൾ നേതൃത്വത്തിലേക്ക് കടന്നുവരാനുള്ള സാദ്ധ്യയേറെയാണ്. നിലവിൽ പി.ബാലചന്ദ്രൻ എം.എൽ.എയും അഡ്വ.ടി.കെ.രമേഷ് കുമാറുമാണ് അസി.സെക്രട്ടറിമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |