വിപണന സാദ്ധ്യത ആയിരം കോടിയിലേറെ
തൃശൂർ: ലോക ആയുർവേദ കോൺഗ്രസിൽ 150 ദശലക്ഷം യു.എസ് ഡോളറിന്റെ (ഏകദേശം 1,275 കോടി രൂപ) വിപണന സാദ്ധ്യതയ്ക്ക് ഉതകുന്ന ചർച്ചകൾ നടതോടെ, രാജ്യത്തെ ആയുർവേദ മരുന്ന് നിർമ്മാതാക്കൾക്ക് പ്രതീക്ഷ. അലോപ്പതി ഡോക്ടർമാരടക്കം 58 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത ബിസിനസ് ഡീൽ ആയുർവേദ കോൺഗ്രസിന്റെ ചരിത്രത്തിലാദ്യമായിരുന്നു.
ആയുർവേദ മരുന്നുകളുടെ ഫലസിദ്ധിയെക്കുറിച്ച് കൂടുതൽ ഗവേഷണങ്ങളും തെളിവധിഷ്ഠിത പഠനവും നടത്തി വിദേശനാണ്യം എത്തിക്കാനുള്ള തീവ്രയത്‌നത്തിലാണ് കേന്ദ്രസർക്കാർ. ഇതിന്റെ മുന്നോടിയായാണ് ആയുഷ് വകുപ്പ് എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ രൂപീകരിച്ചത്. വിദേശ രാജ്യങ്ങളിലെ പ്രമുഖ കമ്പനികൾക്ക് ആയുർവേദ കോൺഗ്രസിന് ശേഷം അനുകൂല സമീപനമാണെന്ന് പറയുന്നു. ബിസിനസ് ടു ബിസിനസ് മീറ്റാണ് ലോക ആയുർവേദ കോൺഗ്രസിൽ നിർണായകമായത്. ഔഷധസസ്യങ്ങളുടെ അന്താരാഷ്ട്ര സെമിനാർ, മൃഗങ്ങൾക്കും വൃക്ഷങ്ങൾക്കുമായുള്ള ആയുർവേദ ചികിത്സ എന്നിവയും സജീവ ചർച്ചയായി.
ആധുനിക സാങ്കേതിക വിദ്യയെ ആയുർവേദ ഗവേഷണങ്ങളിലും മരുന്ന് നിർമ്മാണത്തിലും എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്കും കോൺഗ്രസ് വേദിയായി. ആധുനിക ചികിത്സാരീതിയിലെ പുത്തൻ ഗവേഷണരീതികളും പ്രയോജനപ്പെടുത്തും. ഇതിന് വിദേശരാജ്യങ്ങളുടെ സഹായവും തേടിയേക്കും. ആയുഷിലെ മറ്റ് ശാഖകളായ ഹോമിയോ, സിദ്ധ, യുനാനി, യോഗ, നാച്വറോപതി എന്നിവയുടെ പുരോഗതിക്കും വഴിയൊരുങ്ങും.
സമഗ്രവും സുസ്ഥിരവുമായ ആരോഗ്യസംരക്ഷണവ്യവസ്ഥയ്ക്ക് ആയുർവേദത്തിന്റെ സാദ്ധ്യതകളെക്കുറിച്ചും ശാസ്ത്ര സാങ്കേതിക മേഖലകളിലെ വിദഗ്ദ്ധർ ചർച്ച ചെയ്തിരുന്നെന്ന് ആയുർവേദിക് മെഡിസിൻ മാനുഫാക്‌ചേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. ഡി. രാമനാഥൻ പറഞ്ഞു. ഡെറാഡൂണിലായിരുന്നു പത്താം ആയുർവേദ കോൺഗ്രസ്. പ്രമുഖ ആയുർവേദ സ്ഥാപനങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിച്ച വേദിയിൽ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ ഒരുക്കിയ ആരോഗ്യ എക്‌സ്‌പോയും ഉണ്ടായിരുന്നു.
ലോക ആയുർവേദ കോൺഗ്രസിലെ നിർണായക തീരുമാനങ്ങളെത്തുടർന്ന് കേന്ദ്രസർക്കാരിന്റെ തുടർ നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- ഡോ. എസ്. സുനിൽകുമാർ, ട്രസ്റ്റി, വേൾഡ് ആയുർവേദ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |