SignIn
Kerala Kaumudi Online
Friday, 23 October 2026 2.32 PM IST

ജയചന്ദ്രൻ സംഗീതത്തെ ജീവിത സഖിയാക്കിയ വേലായുധൻ

vela
ജയചന്ദ്രനൊപ്പം വേലായുധൻ

തൃശൂർ: മൈക്കില്ലാതെ, ആളനക്കമില്ലാതെ, കൈയടികളില്ലാതെ റോഡരികിൽ പൊരിവെയിലത്ത് നിന്ന് വേലായുധൻ പാടിയ പി.ജയചന്ദ്രന്റെ പാട്ടുകൾക്ക് കണക്കില്ല. ചിലർ കൈയടിക്കും, നാണയത്തുട്ടുകൾ എറിയും. പാട്ട് വേലായുധന് ആത്മാവാണ്. തെരുവ് ശരീരവും. ജയചന്ദ്രൻ കൺകണ്ട ദൈവവും.
ജയചന്ദ്രന്റെ നാൽപ്പതോ അമ്പതോ പാട്ടുകൾ ദിവസവും പാടും. വർഷത്തിൽ 300 ദിവസമെങ്കിലും മൈക്കിന് മുന്നിലുണ്ടാകും. അങ്ങനെ നോക്കുമ്പോൾ ഒരുകൊല്ലം പാടിയ പാട്ടുകൾ പതിനായിരം കവിയും. 15 വർഷമായി ഒന്നര ലക്ഷം പാട്ടുകൾ! പിന്നെ പാടുന്നത് ഗാനഗന്ധർവൻ യേശുദാസിന്റെ പാട്ടുകൾ മാത്രം. കേച്ചേരിക്കടുത്ത് തണ്ടിലത്ത് കുളക്കുന്നത്ത് പരേതരായ ചാത്തപ്പന്റേയും കാളിയുടേയും മകനായി ജനിച്ച വേലായുധൻ പണി അന്വേഷിച്ച് കിട്ടാത്തതിനെത്തുടർന്നാണ് പാട്ട് സ്ഥിരം പണിയാക്കിയത്. ഏതാണ്ട് എല്ലാ ജില്ലകളിലും പാടി. ജയചന്ദ്രനെ തേടി പാട്ടിന്റെ ലോകത്ത് അലഞ്ഞുനടന്നു. ഒടുവിൽ ജയരാജ് വാര്യരുടെ വീട്ടിൽ വച്ച് മനസിലെ വിഗ്രഹത്തിന് മുന്നിലെത്തി. ജയചന്ദ്രനൊപ്പം പാട്ടുപാടി. തോളത്ത് തട്ടി അദ്ദേഹം അഭിനന്ദിച്ചു. ജയചന്ദ്രന്റെ പഴയ പാട്ടുകളാണ് വേലായുധന് ഇഷ്ടം. ഒരു വരി തെറ്റാതെ പാടിത്തീർക്കും. വേലായുധന് സ്വന്തമായി ആറടി മണ്ണില്ല. വീടും പറമ്പുമില്ല. സഹോദരങ്ങളുടെ വീട്ടിലാണ് താമസം. ജീവിതവഴി പങ്കുവയ്ക്കാൻ ആരെയും കൂട്ടിയില്ലേ എന്ന് ചോദിച്ചപ്പോൾ 'ജീവിതസഖിയുണ്ട്, ജയേട്ടന്റെ പാട്ടുകളാണെന്റെ സഖി... എന്നായിരിന്നു ഉത്തരം. ഒടുവിൽ വേദനിപ്പിക്കുന്ന ആ വാർത്ത കേട്ടപ്പോൾ പറയാൻ വാക്കുകളില്ലാതെ വേലായുധൻ വിതുമ്പി...

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL