SignIn
Kerala Kaumudi Online
Friday, 23 October 2026 4.15 PM IST

ഇന്ന് പാടും,​ യാത്രാമൊഴി !

തൃശൂർ: സ്മൃതിതൻ ചിറകിലേറി ആ ഗാനധാരകൾ സംഗീതപ്രേമികളുടെ മനസിൽ നിറയവേ,​ ആ ഭാവഗായകൻ പാടിത്തീർന്ന ഗാനം പോലെ അവർക്കു മുന്നിൽ വിസ്തരിച്ചു കിടന്നു. പൂങ്കുന്നത്തെ വീട്ടിലും റീജ്യണൽ തിയറ്ററിലും പൊതുദർശനത്തിന് വച്ച ഭൗതികശരീരത്തിൽ ആയിരക്കണക്കിന് സംഗീതപ്രേമികൾ മനസിൽ ഗാനപുഷ്പങ്ങളർപ്പിച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെ മൃതദേഹം വീട്ടിലെത്തിച്ചു. തുടർന്ന് ഒരു മണിക്കൂറോളം പൊതുദർശനത്തിന് വച്ച ശേഷം റീജ്യണൽ തിയറ്ററിലേക്ക് കൊണ്ടുപോയി. പിന്നീട് ഒരു മണിയോടെ വീണ്ടും വീട്ടിലെത്തിച്ചു. ഇന്നലെ രാത്രി വൈകും വരെയും ഇടതടവില്ലാതെ സംഗീതപ്രേമികൾ പ്രിയ ഗായകനെ അവസാനമായി കാണാനെത്തി. കലാമണ്ഡലം ഗോപിയാശാൻ, ശ്രീകുമാൻ തമ്പി, ഗായകൻ എം.ജി.ശ്രീകുമാർ, നടൻ ബിജു മേനോൻ, ജയരാജ് വാര്യർ, മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ, മുൻ മന്ത്രി വി.എസ്.സുനിൽ കുമാർ, ടി.വി.ചന്ദ്രമോഹൻ, ഗാനരചയിതാവ് റഫീഖ് അഹമ്മദ്, ഗായിക മൃദുല വാര്യർ, യു.പി.ജോസഫ് , ശ്രീവത്സൻ.ജെ.മേനോൻ,നടൻ മമ്മൂട്ടി, ബിജു മേനോൻ,സുജാത തുടങ്ങി നൂറുകണക്കിന് പേർ ആദരാഞ്ജലിയർപ്പിച്ചു.

ദു:ഖം തളം കെട്ടി മണ്ണത്ത് വീട്

അമല മെഡിക്കൽ കോളേജിൽ നിന്ന് ഇന്നലെ രാവിലെ ഒമ്പതരയോടെ പൂങ്കുന്നത്തുള്ള മണ്ണത്ത് വീടിന്റെ നടുത്തളത്തിലെത്തിച്ചു. തന്റെ പ്രിയതമന്റെ ചേതനയറ്റ മുഖത്തേക്ക് നനഞ്ഞ മിഴികളുമായി ഭാര്യ ലളിത നോക്കിയിരുന്നു. തൊട്ടരികിൽ മകൾ ലക്ഷ്മിയും മകൻ ദിനനാഥും. ഇതിനിടെ അടുത്ത ബന്ധുക്കളെത്തി ആശ്വസിപ്പിച്ചു. മരുമകൾ സുമിതയും പേരക്കുട്ടി നിവേദയുമെത്തിയതോടെ നെടുവീർപ്പുയർന്നു.


ഇരിങ്ങാലക്കുടയിൽ പൊതുദർശനം


പി.ജയചന്ദ്രന് അറിവിന്റെ ബാലപാഠം പകർന്ന മാതൃവിദ്യാലയം ഇന്ന് അന്തിമോപചാരം അർപ്പിക്കും. രാവിലെ എട്ടരയോടെ പൂങ്കുന്നത്തെ വീട്ടിൽ നിന്ന് ഇരിങ്ങാലക്കുട നാഷണൽ സ്‌കൂളിലെത്തിക്കും. ഇവിടെ വിദ്യാർത്ഥിയായിരിക്കെയാണ് മൃദംഗം, ചെണ്ട എന്നിവയെല്ലാം പഠിച്ചത്. പി.ജയചന്ദ്രൻ സ്‌കൂൾതലത്തിൽ ലളിത സംഗീതത്തിനും മൃദംഗവാദനത്തിനും നിരവധി സമ്മാനം നേടി. ശേഷം ചേന്ദമംഗലത്തെ തറവാട്ടിലേക്ക് കൊണ്ടുപോകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL