
തൃശൂർ: കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്ത് മാത്രമേ സംസ്ഥാനത്തിന് മുന്നോട്ട് പോകാനാകൂവെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. തൃശൂർ പ്രസ് ക്ലബ്ബിന്റെ 11-ാമത് ടി.വി.അച്യുതവാരിയർ പുരസ്‌കാര ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാരിസ്ഥിതിക അവബോധം ശരിയായ രീതിയിൽ സൃഷ്ടിക്കേണ്ടത് മാധ്യമങ്ങളുടെ മുഖ്യഅജൻഡയാകണം. പാരിസ്ഥിതിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ പൊതുമരാമത്ത് ടൂറിസം മേഖലയിൽ ഒരു ഡിസൈൻ പോളിസി നടപ്പിലാക്കുന്നുണ്ട്. രാജ്യത്ത് തന്നെ ഇതാദ്യമാണ്. പരിസ്ഥിതിക്കിണങ്ങുന്ന പുനരുപയോഗ സാദ്ധ്യതകളുള്ള നിർമ്മാണരീതിയാണ് ഇതിൽ പരാമർശിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
പുരസ്‌കാര ജേതാക്കളായ മാതൃഭൂമി ന്യൂസിലെ ബിജു പങ്കജിനും മാതൃഭൂമി ദിനപത്രത്തിലെ രെജി ആർ.നായർക്കും മന്ത്രി പുരസ്‌കാരവും ഫലകവും സമ്മാനിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി.ബാബു അദ്ധ്യക്ഷനായി. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എൻ.ശ്രീകുമാർ അച്യുതവാരിയർ അനുസ്മരണ പ്രഭാഷണം നടത്തി. പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് എം.വി.വിനീത ആശംസാപ്രസംഗം നിർവഹിച്ചു. അവാർഡ് ജേതാക്കൾ മറുപടിപ്രസംഗം നടത്തി. അവാർഡ് പ്രസ് ക്ലബ് സെക്രട്ടറി രഞ്ജിത്ത് ബാലൻ സ്വാഗതവും ട്രഷറർ ടി.എസ്.നീലാംബരൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |