
തൃശൂർ: അതത് പ്രദേശത്തെ സന്നദ്ധ സംഘടനകളെയും അസോസിയേഷനുകളെയും അറിയിക്കാത്തതിനാൽ വന്ധ്യംകരണത്തിന് എല്ലാ തെരുവുനായ്ക്കളെ പിടികൂടാനാവാതെ എ.ബി.സി പദ്ധതി വഴിപാടാകുന്നു. തെരുവുനായ്ക്കൾ തമ്പടിക്കുന്ന സ്ഥലവും സമയവുമെല്ലാം മനസിലാക്കി വരാത്തത് കൊണ്ട് പലപ്പോഴും പിടികൂടാനാകുന്നില്ല.
എ.ബി.സി പദ്ധതി പ്രകാരം ഒരു പ്രദേശത്തെ ഫീഡിംഗ് പോയിന്റ് നിർണയിക്കാൻ അസോസിയേഷനുകൾക്കോ, കോർപ്പറേഷൻ പ്രതിനിധികൾക്കോ ഡോഗ് ഫീഡർമാരുടെ സമ്മത പ്രകാരം അവകാശമുണ്ടെന്ന് പറയുന്നു. കുട്ടികളും വൃദ്ധരും നടക്കുന്ന വഴികളിലോ, കളിസ്ഥലത്തോ, ഗേറ്റിന്റെ മുൻവശത്തോ ഫീഡിംഗ് പോയിന്റ് പാടില്ല.
കൃത്യമായ മാനദണ്ഡം പാലിച്ച് ഫീഡിംഗ് പോയിന്റ് നിർണയിച്ചാൽ പലയിടങ്ങളിൽ നിന്ന് ഭക്ഷണം കഴിച്ച് നായ്ക്കൾ പ്രദേശത്ത് തമ്പടിക്കുന്നത് ഒഴിവാകും. ഫീഡിംഗ് പോയിന്റ് കോർപ്പറേഷനിൽ എവിടെയും നിർണയിച്ചിട്ടില്ലെന്നും പരാതിയുണ്ട്.
നഗരം നിറഞ്ഞ് മാലിന്യം
വേനൽ തുടങ്ങിയതോടെ മാലിന്യങ്ങൾ നഗരകേന്ദ്രങ്ങളിൽ കുന്നുകൂടി. ഇവ ഭക്ഷിക്കാനായി തെരുവു നായകൾ തമ്പടിക്കുകയാണ്. രാത്രി കാലങ്ങളിലാണ് ശല്യം. തൃശൂരിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും റെയിൽവേസ്റ്റേഷനിലും മാർക്കറ്റിലും ശല്യം കൂടുതലാണ്. പൂങ്കുന്നം, നെല്ലങ്കര, കളക്ടറേറ്റ് എന്നിവിടങ്ങളിലും ശല്യം കൂടി. വൈകിട്ട് പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യമാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ ഭീതിയോടെയാണ് കഴിയുന്നത്. നായ്ക്കളെ പിടികൂടാനായി ഡോഗ് ഫീഡർമാരുടെ സഹായം തേടണമെന്ന് എ.ഐ.വൈ.എഫ് തൃശൂർ മണ്ഡലം സെക്രട്ടറി ജി.എം.അഖിൽ, പ്രസിഡന്റ് സിബി ജോർജ് എന്നിവർ അറിയിച്ചു.
ചാവക്കാടും മാളയിലും കേന്ദ്രം ഉടൻ
അതേസമയം, ചാവക്കാടും മാളയിലും വന്ധ്യംകരണ കേന്ദ്രങ്ങൾ ഉടൻ തുടങ്ങും. ചാവക്കാട് നഗരസഭയ്ക്ക് കീഴിലെ കേന്ദ്രം അടുത്തമാസവും മാള ബ്ലോക്കിൽ രണ്ട് മാസത്തിനുള്ളിലും തുറക്കും. വടക്കാഞ്ചേരി നഗരസഭയിൽ ആരംഭിക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും നടപ്പായില്ല. പ്രാദേശിക എതിർപ്പ് കാരണം ചിലയിടങ്ങളിൽ സ്ഥലം കണ്ടെത്താനായിട്ടില്ല. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് മൂന്നിടങ്ങളിലും കേന്ദ്രം തുടങ്ങുന്നത്.
ആവശ്യങ്ങൾ
വന്ധ്യംകരണത്തിന് സഹകരിക്കുന്ന മൃഗസംരക്ഷണ ഗ്രൂപ്പുകൾക്കും അനിമൽ ഷെൽട്ടറുകൾക്കും ധനസഹായം അനുവദിക്കാൻ ബഡ്ജറ്റിൽ പ്രൊവിഷൻ ഉണ്ടാവണം.
ഉദ്യോഗസ്ഥ തലത്തിൽ എ.ബി.സി പദ്ധതി സംബന്ധിച്ച് കൃത്യമായ അവലോകനത്തിന് വിധേയമാക്കണം.
മാലിന്യസംസ്‌കരണം കൂടുതൽ കാര്യക്ഷമമാക്കുകയും ജൈവമാലിന്യങ്ങൾ പൊതുസ്ഥലത്ത് തള്ളുന്നത് തടയുകയും വേണം
കേന്ദ്രത്തിൽ വേണ്ടത്
നായകളെ പാർപ്പിക്കാനുള്ള കൂട് : 50.
ഓപ്പറേഷൻ തിയേറ്റർ, പ്രീ ഓപ്പറേറ്റീവ് വാർഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, കിച്ചൻ, വാഷ് റൂം, നായകളെ കൊണ്ടുവിടാൻ വാഹനം, ഡോക്ടറും നഴ്‌സും അറ്റൻഡറും അടക്കം 5 ജീവനക്കാർ
ഒരു നായയെ വന്ധ്യംകരിച്ച് പുനരധിവസിപ്പിക്കാൻ ചെലവ്: 2,100 രൂപ
തെരുവുനായകളുടെ വന്ധ്യംകരണ കേന്ദ്രത്തിന് സഹായം നൽകാൻ ജില്ലാ പഞ്ചായത്ത് തയ്യാറാണെങ്കിലും തദ്ദേശ സ്ഥാപനങ്ങൾക്ക് സ്ഥലം കണ്ടെത്താനാകുന്നില്ല.
വി.എസ്.പ്രിൻസ്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |