SignIn
Kerala Kaumudi Online
Friday, 23 October 2026 5.32 PM IST

ബിനിലിനെ ഒന്ന് കാണണം : വഴി തേടി കുടുംബം...

തൃശൂർ: ...ന്റെ മോനെ, എങ്ങനെയെങ്കിലും ഇങ്ങോട്ട് എത്തിക്കാമോ?. അടുക്കളയ്ക്ക് തൊട്ടടുത്ത കിടപ്പുമുറിയിൽ നിന്നും ബിനിലിന്റെ അമ്മ ലൈസ കരഞ്ഞുപറയുകയാണ്. ജീവനോടെയല്ലെങ്കിലും അവനെ ഒന്ന് കാണാൻ വഴിതേടുകയാണ് കുടുംബം. ഈ സമയം, വാർദ്ധക്യത്തെ പോലും വക വയ്ക്കാതെ മകന്റെ മൃതശരീരം നാട്ടിലെത്തിക്കാനായി കളക്ടറേറ്റ് ഉൾപ്പെടെയുള്ള ഓഫീസ് കയറിയിറങ്ങുകയാണ് പിതാവ് ബാബു.
ഇലക്ട്രീഷ്യൻ പണിക്ക് റഷ്യയിൽ പോയി അവിടത്തെ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയാണ് കുട്ടനെല്ലൂർ തോട്ടപ്പടി കരുണ ലെയിനിലെ തോലത്ത് ബാബുവിന്റെയും ലൈസയുടെയും മകൻ ബിനിൽ (32) കൊല്ലപ്പെട്ടത്. യുക്രൈനിൽ യുദ്ധമുഖത്ത് ബിനിൽ റഷ്യൻ കൂലിപ്പട്ടാളക്കാരനായതിന്റെ ഉത്തരം ഒറ്റനില വീടിന്റെ മുഷിഞ്ഞ ചുവരിൽ നിന്നും വ്യക്തം.
അകന്ന ബന്ധു മുഖേനയാണ് ബിനിലും മറ്റൊരു ബന്ധുവായ ജയിൻ കുര്യനും (27) റഷ്യയിലെത്തിയതും കൂലിപ്പട്ടാളത്തിൽ ചേരുന്നതും. ഇവർക്കൊപ്പമുണ്ടായിരുന്ന കല്ലൂർ സ്വദേശി സന്ദീപ് ചന്ദ്രൻ നേരത്തെ കൊല്ലപ്പെട്ടിരുന്നു. പലരുടെയും ദാരിദ്ര്യാവസ്ഥ മുതലെടുത്താണ് മനുഷ്യക്കടത്തിന് സമാനമായ ഇത്തരം പ്രവൃത്തി നടക്കുന്നതെന്ന് ബിനിലിന്റെ വീട്ടിലെത്തിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് ബിനിൽ മരിച്ചെന്ന വിവരം അറിയിച്ച് ജയിൻ കുര്യന്റെ ഫോൺ കുടുംബത്തിന് ലഭിച്ചത്. ജയിൻ കുര്യനും പരിക്കേറ്റ് റഷ്യയിലെ ആശുപത്രിയിൽ കഴിയുകയാണ്. രാവിലെ രമേശ് ചെന്നിത്തല വീട്ടിലെത്തിയപ്പോൾ ബിനിലിന്റെ അമ്മ ലൈസയും ഭാര്യ ജോയ്‌സിയും കരഞ്ഞുകൊണ്ട് കട്ടിലിൽ കിടക്കുകയായിരുന്നു. അവസാനമായി ബിനിലിനെ ഒരു നോക്ക് കാണാൻ അവസരം ഒരുക്കണമെന്നായിരുന്നു രമേശ് ചെന്നിത്തലയോട് അവരുടെ ആവശ്യവും പ്രാർത്ഥനയും. ജോയ്‌സിയുടെ അമ്മ അൽഫോൺസയും സഹോദരി ഏയ്ഞ്ചലും ഇപ്പോൾ കുട്ടനെല്ലൂരിലെ വീട്ടിലുണ്ട്.

ബിനിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കറുമായി ബന്ധപ്പെടുന്നുണ്ട്. ബിനിലിന്റെ മൃതദേഹം നാട്ടിലെത്തിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പരിക്കേറ്റ ജയിനിനെയും കൊണ്ടുവരണം. അതിനുള്ള ശ്രമം തുടരുകയാണ്.

രമേശ് ചെന്നിത്തല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL