SignIn
Kerala Kaumudi Online
Friday, 23 October 2026 6.35 PM IST

ഖജനാവിലെ പ്രതീക്ഷ അരങ്ങിന് വെട്ടമാകുമോ ?

തൃശൂർ : അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇറ്റ്‌ഫോക്ക് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ പ്രഖ്യാപനം കഴിഞ്ഞു. ഇനി എല്ലാം സർക്കാരിന്റെ കൈകളിൽ. മൂന്ന് കോടിയിലേറെ ചെലവ് വരുന്ന നാടകോത്സവത്തിന് സംസ്ഥാന സർക്കാർ നയപരമായ അംഗീകാരം നൽകിയെങ്കിലും ഇതുവരെയും തുക അനുവദിച്ചിട്ടില്ല. രണ്ട് കോടിയെങ്കിലും സർക്കാരിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാടകോത്സവത്തിന്റെ അണിയറ ഒരുക്കമാരംഭിച്ചത്.

സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഗ്രാന്റ് ബിനാലെ ഉൾപ്പെടെയുള്ള സാംസ്‌കാരികോത്സവങ്ങൾ സർക്കാർ ഉപേക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 15 വർഷം മുമ്പ് ഭരത് മുരളി രൂപകൽപ്പന ചെയ്ത ഇറ്റ്‌ഫോക്ക് നാടകോത്സവവും നടത്തേണ്ടതില്ലെന്ന് തീരുമാനം ഉണ്ടായെങ്കിലും കടുത്ത പ്രതിഷേധം ഉയർന്നതോടെ അനുമതി നൽകി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞതവണ ഇറ്റ്‌ഫോക്കിന്റെ ഭാഗമായി പ്രഖ്യാപിച്ച മാദ്ധ്യമ പുരസ്‌കാരം പോലും വിതരണം ചെയ്തിട്ടില്ല. അതുകൊണ്ട് ഇത്തവണ മാദ്ധ്യമ പുരസ്‌കാരം ഏർപ്പെടുത്തിയേക്കില്ല.

ചുരുങ്ങി, ഇത്തവണ 15 എണ്ണം

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നാടകങ്ങളുടെ എണ്ണവും കുറഞ്ഞു. കഴിഞ്ഞതവണ വിദേശ നാടകങ്ങളടക്കം 23 എണ്ണമുണ്ടായിരുന്നത് ഇത്തവണ 15 ആയി. ഇതിൽ അഞ്ച് വിദേശ നാടകങ്ങളാണ് ഉൾപ്പെടുത്തിയത്. റഷ്യ, ഈജിപ്‌റ്റ്, ഇറാഖ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള നാടകങ്ങളാണ് ഉൾക്കൊണ്ടിട്ടുള്ളത്. ഇതിൽ 107 വിദേശ നാടകങ്ങളും 351 ഇന്ത്യൻ നാടകങ്ങളും ഇറ്റ്‌ഫോക്കിലേക്ക് അപേക്ഷ നൽകി.

മൂന്ന് മലയാള നാടകങ്ങൾ

ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന നാടകോത്സവത്തിൽ മൂന്ന് മലയാള നാടകങ്ങളാണ് ഇടം പിടിച്ചത്. റിമ കല്ലിങ്ങൽ സംവിധാനം ചെയ്ത നെയ്ത്ത്, ആറാം വിരൽ, ഭൂതങ്ങൾ എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുക. മഹാരാഷ്ട്ര, ഡൽഹി, കർണാടക, മണിപ്പൂർ, ആസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള നാടകങ്ങളും വരുന്നുണ്ട്. അതേസമയം വിദേശ ടീമുകളെയെത്തിക്കാൻ ഒട്ടനവധി നൂലാമാലകളുണ്ടെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിസാ നിയമങ്ങൾ കർശനമായതോടെയാണ് ഈ പ്രതിസന്ധി. സന്ദർശക വിസയ്ക്ക് വരുന്നവർക്ക് ഇത്തരം പരിപാടികളിൽ പങ്കെടുക്കാനാകില്ല. ഇന്ത്യൻ നാടകങ്ങളും അവതരിപ്പിക്കാൻ വരുന്നതിന് യാത്രയിനത്തിൽ വലിയ ചെലവാണെന്നും സെക്രട്ടറി കരിവള്ളൂർ മുരളി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL