SignIn
Kerala Kaumudi Online
Friday, 23 October 2026 3.27 PM IST

കെയർടേക്കർമാരുടെ ശ്രദ്ധക്കുറവിൽ ആളിക്കത്തി കുട്ടിപ്പക

child

തൃശൂർ: രാമവർമ്മപുരം ചിൽഡ്രൻസ് ഹോമിൽ 17കാരനെ 15 വയസുകാരൻ ദാരുണമായി കൊലപ്പെടുത്തുന്നതിന് വഴിവച്ചത് കെയർ ടേക്കർമാരുടെ ശ്രദ്ധക്കുറവും കാരണം. ബുധനാഴ്ച കുട്ടികൾ തമ്മിൽ വഴക്ക് ഉണ്ടായപ്പോൾ പിരിച്ചുവിട്ടെങ്കിലും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ അറിയിക്കുകയോ കുട്ടികളുടെ മനസ് ആശ്വസിപ്പിക്കുന്നതിന് കൗൺസലിംഗ് നൽകുകയോ ചെയ്തില്ല.
കൂടാതെ കുട്ടികൾക്ക് എടുക്കാവുന്നവിധം മാരകായുധങ്ങൾ സൂക്ഷിച്ചതും തെറ്റാണെന്നാണ് കണ്ടെത്തൽ. കുട്ടികൾ തമ്മിൽ വഴക്കും സംഘട്ടനവും ഉണ്ടാകുമ്പോൾ അവരെ ആശ്വസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടത് കെയർ ടേക്കർമാരാണ്. ഇപ്രകാരം പ്രവർത്തിച്ചില്ലെന്ന് കണ്ടെത്തിയാണ് ജില്ലാ വനിതാ ശിശു വികസന ഓഫീസർ കളക്ടർ അർജുൻ പാണ്ഡ്യന് റിപ്പോർട്ട് നൽകിയത്. ഇക്കാര്യത്തിൽ കെയർ ടേക്കർമാർക്കെതിരെ നടപടിയുണ്ടായേക്കും.
കുട്ടികൾ തമ്മിൽ വഴക്ക് കൂടിയപ്പോൾ 17കാരൻ 15 വയസുകാരനെ മർദ്ദിച്ചിരുന്നു. 15കാരന്റെ മുഖത്തും ചുണ്ടിലും മറ്റും മർദ്ദനത്തിൽ പരിക്കേറ്റിരുന്നു. ഇന്നലെ രാവിലെ ഉറക്കമുണർന്നപ്പോൾ വേദനയുണ്ടായി. ഈ സമയം തോന്നിയ വിരോധമാണ് കൊലപാതകത്തിന് കാരണം.


ആളില്ലായ്മയിൽ ഞെരുങ്ങി
രാമവർമ്മപുരത്തെ ചിൽഡ്രൻസ് ഹോം ഉൾപ്പെടുന്ന വളപ്പിലാണ് സർക്കാരിന്റെ ചിൽഡ്രൻസ് ഹോം, ഒബ്‌സർവേഷൻ ഹോം, മഹിളാ മന്ദിരം, വൃദ്ധസദനം, വനിതകൾക്കുള്ള ആശാഭവൻ, പ്രത്യാശാഭവൻ ഉൾപ്പെടെയുള്ളവ പ്രവർത്തിക്കുന്നത്. ഇവിടെയെല്ലാം വേണ്ടത്ര ഉദ്യോഗസ്ഥരില്ലെന്ന് കണക്കുകളിൽ വ്യക്തം. രാമവർമ്മപുരത്തെ സർക്കാർ ചിൽഡ്രൻസ് ഹോമിൽ ഒരു സൂപ്രണ്ടും ഒരു പ്രൊബേഷൻ ഓഫീസറും ഒരു പി.ടി ടീച്ചറും ഒരു ചൈൽഡ് വെൽഫയർ ഇൻസ്ട്രക്ടറും ആറ് കെയർ ടേക്കറും രണ്ട് പാചകക്കാരനും വേണം. ഗവ. ഒബ്‌സർവേഷൻ ഹോമിൽ ഒരു സൂപ്രണ്ടും നാല് കെയർടേക്കർമാരും ഒരു പാചകക്കാരനും വേണമെന്നിരിക്കെ ഇവിടെയെല്ലാം വളരെ കുറച്ച് ഉദ്യോഗസ്ഥർ മാത്രമാണുള്ളത്.

ചിൽഡ്രൻസ് ഹോമിലെ കൊലപാതകം:
കെയർ ടേക്കർമാർക്കെതിരെ നടപടി !

തൃശൂർ: രാമവർമ്മപുരം ചിൽഡ്രൻസ് ഹോമിൽ സഹ അന്തേവാസിയുടെ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് പതിനേഴുകാരൻ മരിച്ച സംഭവത്തിൽ കെയർ ടേക്കർമാർക്കെതിരെ നടപടിയുണ്ടായേക്കും. സംഭവം നടന്നയുടനെ കളക്ടർ അർജുൻ പാണ്ഡ്യൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ വനിതാ ശിശു സംരക്ഷണ ഓഫീസർ നൽകിയ റിപ്പോർട്ടിൽ കെയർ ടേക്കർമാരുടെ ഭാഗത്ത് നിന്ന് അശ്രദ്ധ ഉണ്ടായതായി ചൂണ്ടിക്കാട്ടിയിരുന്നു. ആക്രമിക്കാൻ ചുറ്റിക എടുത്തത് സ്‌റ്റോർ റൂമിൽ നിന്നാണെന്ന് കണ്ടെത്തി. ഇത് ഗുരുതര വീഴ്ച്ചയാണെന്ന വിലയിരുത്തൽ റിപ്പോർട്ടിലുണ്ട്. പ്രാഥമിക റിപ്പോർട്ട് കളക്ടർക്ക് കൈമാറി. ഇത് സർക്കാരിന് കൈമാറി. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറും സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. ഇതിനിടെ എല്ലാ മാസവും മോണിറ്ററിംഗ് സമിതി ചേരുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കുന്നതിൽ ഗുരുതരമായ വീഴ്ച്ചയുണ്ടെന്നും ആരോപണമുണ്ട്. ജില്ലാ വനിതാ ശിശു സംരക്ഷണ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ് ചിൽഡ്രൻ ഹോം പ്രവർത്തിക്കുന്നത്.


സ്‌കൂളിലും പ്രശ്‌നക്കാരൻ

സഹ അന്തേവാസിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ കുട്ടി സ്‌കൂളിലും പ്രശ്‌നം സൃഷ്ടിച്ചിരുന്നു. സഹപാഠിയെ മർദ്ദിച്ചതായി പറയുന്നു. ഇത് സംബന്ധിച്ച് മർദ്ദനമേറ്റ കുട്ടിയുടെ രക്ഷിതാക്കൾ പരാതി കൊടുക്കാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു സംഭവം.

ചിൽഡ്രൻസ് ഹോമുകളെ അവഗണിക്കുന്നതിന്റെ ഫലം: ജോൺ ഡാനിയൽ

തൃശൂർ: കൊടി സുനിയെയും കിർമാണിയെയും പോലുള്ളവർക്ക് പഞ്ചനക്ഷത്ര സൗകര്യമൊരുക്കാനായി ജയിലുകളുടെ നവീകരണത്തിനും തടവുകാരുടെ ക്ഷേമത്തിനും കോടികൾ ചെലവഴിക്കുന്ന പിണറായി സർക്കാർ സംസ്ഥാനത്തെ ചിൽഡ്രൻസ് ഹോമുകളെയും അഭയകേന്ദ്രങ്ങളെയും അവഗണിക്കുന്നതിന്റെ ദുരന്തഫലമാണ് രാമവർമപുരം ചിൽഡ്രൻസ് ഹോമിലുണ്ടായ കൊലപാതകമെന്ന് ജോൺ ഡാനിയൽ. മാസങ്ങളായി സർക്കാർ ഫണ്ട് അനുവദിക്കാത്തതിനാൽ ദൈനംദിന ആവശ്യങ്ങൾ തടസപ്പെട്ട് ചിൽഡ്രൻസ് ഹോമിലെ അന്തേവാസികളും ജീവനക്കാരും കടുത്ത അതൃപ്തിയിലും അമർഷത്തിലുമാണ്. അന്തേവാസികൾക്ക് നേരാംവണ്ണം ഭക്ഷണമോ വസ്ത്രമോ ചികിത്സകളോ കിട്ടുന്നില്ല. ചെയ്ത ജോലിക്ക്
വേതനം കിട്ടാത്ത ജീവനക്കാർക്ക് സ്ഥാപനത്തിന്റെ പ്രവർത്തനം കാര്യക്ഷമമായി നിയന്ത്രിക്കാൻ കഴിയില്ല. രാമവർമപുരം ചിൽഡ്രൻസ് ഹോമിലെ സംഭവത്തെക്കുറിച്ചു കളക്ടർ പ്രഖ്യാപിച്ച അന്വേഷണത്തിൽ, സ്ഥാപനത്തിലെ അന്തേവാസികളും ജീവനക്കാരും നേരിടുന്ന പ്രശ്‌നങ്ങളും ഉൾപ്പെടുത്തണമെന്നും ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL