SignIn
Kerala Kaumudi Online
Friday, 23 October 2026 5.03 PM IST

ട്രെയിൻ ഗതാഗത ക്രമീകരണം; അവധി കഴിഞ്ഞ് മടങ്ങുന്ന യാത്രക്കാർ വലഞ്ഞു

rail
1

തൃശൂർ: ഒല്ലൂർ, പുതുക്കാട് റെയിൽവേ സ്റ്റേഷനുകളിലെ റെയിൽവേ ട്രാക്ക് നവീകരണത്തിന്റെ ഭാഗമായുള്ള ട്രെയിൻ ഗതാഗത ക്രമീകരണം അറിയാതെ വലഞ്ഞ് യാത്രക്കാർ. ഇന്നലെ പുലർച്ചെ 3.30നും 7.30നും മദ്ധ്യേ നിർമ്മാണം നടക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ചില ട്രെയിനുകൾ ഭാഗികമായും പാസഞ്ചർ, മെമു ട്രെയിനുകൾ പൂർണമായും റദ്ദാക്കിയിരുന്നു.

തെക്ക് നിന്നും വരുന്ന ട്രെയിനുകളിൽ മിക്കവയും എറണാകുളത്തോ ചാലക്കുടിയിലോ വച്ച് സർവീസ് അവസാനിപ്പിച്ചിരുന്നു. വടക്ക് നിന്ന് വന്നിരുന്ന ട്രെയിനുകൾ തൃശൂർ, ഷൊർണൂർ, പാലക്കാട് സ്റ്റേഷനുകളിൽ വച്ച് യാത്ര നിറുത്തി. ഇതേ ട്രെയിനുകളുടെ മടക്കയാത്രയും അതേ സ്റ്റേഷനുകളിൽ നിന്നും തന്നെയായിരുന്നു.

ഇന്നലെ വിവാഹത്തിരക്ക് ഏറെയുണ്ടായിരുന്ന ഗുരുവായൂരിലേക്കുള്ള പാസഞ്ചർ ഉൾപ്പെടെയുള്ള മിക്ക ട്രെയിനുകളും റദ്ദാക്കിയതിനാൽ ഇവിടേക്കുള്ള യാത്രക്കാർ റോഡുമാർഗത്തെയാണ് ആശ്രയിച്ചത്. എഗ്മൂർ - ഗുരുവായൂർ, ട്രിവാൻഡ്രം - ഗുരുവായൂർ, മധുരൈ - ഗുരുവായൂർ ട്രെയിനുകൾ ഭാഗകമായി റദ്ദാക്കിയിരുന്നു. പത്ത് മണിക്ക് പണി പൂർത്തിയായ ശേഷം ട്രെയിനുകൾ വിട്ടുതുടങ്ങി. ശബരിമല സ്പെഷ്യൽ ട്രെയിനുകളാണ് ഏറ്റവും വൈകിയത്. അടുത്ത ഞായറാഴ്ച കൂടി ഇതേ നിയന്ത്രണമുണ്ടാകും.

ഞായർ തുണച്ചു, എന്നാൽ...

പാസഞ്ചർ, മെമു ട്രെയിനുകൾ റദ്ദാക്കിയെങ്കിലും ഞായറാഴ്ചയായതിനാൽ പതിവുയാത്രക്കാരെ ബാധിച്ചില്ല. ജോലിക്കും പഠനത്തിനുമായി എറണാകുളത്തേക്കും മറ്റും നിത്യേന യാത്ര ചെയ്യുന്നവരാണ് ഞായറാഴ്ച ട്രാക്ക് നിർമ്മാണം നടക്കുന്നതിനാൽ രക്ഷപ്പെട്ടത്. എന്നാൽ പൊങ്കൽ അവധി കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് മടങ്ങേണ്ട വിദ്യാർത്ഥികൾ, ജോലിക്കാർ ഉൾപ്പെടെയുള്ളവരെ ഗതാഗത നിയന്ത്രണം സാരമായി ബാധിച്ചു. പാലക്കാട്ടേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ തിങ്ങിനിറഞ്ഞാണ് ഇന്നലെ സർവീസ് നടത്തിയത്.

കാരേക്കൽ - എറണാകുളം, മധുരൈ - ഗുരുവായൂർ, ചെന്നൈ - ആലപ്പി ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതാണ് തമിഴ്നാട്ടിലേക്കുള്ള യാത്രക്കാരെ വലച്ചത്. ചെന്നൈ സെൻട്രൽ - ട്രിവാൻഡ്രം സെൻട്രൽ, മംഗള ലക്ഷദ്വീപ്, ബംഗളൂരു - കന്യാകുമാരി, കേരള സമ്പർക്ക് ക്രാന്തി എക്സ്പ്രസ് ട്രെയിനുകൾ സമയക്രമീകരണത്തിന്റെ ഭാഗമായി മണിക്കൂറുകളോളം വൈകിയതും യാത്രക്കാർക്ക് തിരിച്ചടിയായി.

26നും ഗതാഗത ക്രമീകരണം

ട്രാക്ക് നവീകരണത്തിന്റെ ഭാഗമായി 26നും ഗതാഗത ക്രമീകരണമുണ്ടാകും. 25ന് ചെന്നൈയിൽ നിന്ന് ആരംഭിക്കുന്ന ചെന്നൈ സെൻട്രൽ - ആലപ്പി ട്രെയിൻ (22639) തൃശൂരിൽ യാത്ര അവസാനിപ്പിക്കും. തിരിച്ച് (22640) 26ന് എറാണാകുളത്ത് നിന്നാകും ചെന്നൈ സെൻട്രലിലേക്ക് മടങ്ങുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL