SignIn
Kerala Kaumudi Online
Friday, 23 October 2026 4.15 PM IST

കരുതിയിരിക്കണം, കള്ളക്കടൽ പ്രതിഭാസം

kadal
1

തൃശൂർ : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഈ മാസം 21ന് രാവിലെ 8.30 വരെ കടലേറ്റത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സമുദ്രത്തിൽ അതിശക്തമായ കാറ്റ് വീശുമ്പോൾ പ്രതിഫലനമെന്നോണം തീരത്ത് തിരകളുണ്ടാകുന്നതാണ് കള്ളക്കടൽ പ്രതിഭാസം. അപ്രതീക്ഷിതമായി അടിച്ചുകയറുന്ന തിരകൾ വൻനാശവും തീരത്തുണ്ടാക്കാറുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. കേരളതീരത്ത് അരമീറ്റർ മുതൽ ഒരു മീറ്റർ വരെ ഉയർന്ന തിരയടിക്കുമെന്നാണ് മുന്നറിയിപ്പിലുള്ളത്. തമിഴ്‌നാട് തീരത്തും 21ന് 0.7 മീറ്റർ മുതൽ ഒരു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ വീശിയടിച്ചേക്കുമെന്ന് മുന്നറിയിപ്പുണ്ട്. കൊടുങ്ങല്ലൂർ, അഴീക്കോട്, ചാവക്കാട് മുനയ്ക്കക്കടവ് കോസ്റ്റൽ പൊലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരവാസികൾക്കും നേരിട്ടും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും ജാഗ്രതാ നിർദ്ദേശം കൈമാറിയിട്ടുണ്ട്.

ജാഗ്രത പാലിക്കണം

1. അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണം.
2. ചെറിയ വള്ളങ്ങളും ബോട്ടും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം.
3. കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ കരയ്ക്ക് അടുപ്പിക്കുന്നതും അപകടമാണ്. അതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കണം.
4. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തണം.
5. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദവും പൂർണമായും ഒഴിവാക്കുക.
7. തീരശോഷണത്തിന് സാദ്ധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL