തൃശൂർ: വഞ്ചിക്കുളം പാർക്കിലെ മനോഹരതീരത്ത് വരയുത്സവം തീർത്ത് ആർട്ടോപിയ. ഇൻ ആർട്ട് വേൾഡ് എന്ന ചിത്രകലാകാരൻമാരുടെ സംഘം സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പ് കാണാനെത്തിയവരുടെയും മനം നിറച്ചു. പ്രകൃതിയും പച്ചപ്പും തെയ്യവും പോട്രയിറ്റുകളുമായി നൂറോളം വരുന്ന കലാകാരൻമാർ കാൻവാസുകളിൽ നിറച്ചാർത്തുകൾ തീർത്തപ്പോൾ കാണാനെത്തിയ കുട്ടികൾക്കും പ്രദേശവാസികൾക്കും അദ്ഭുതം.
ഒരു പ്രകൃതിചിത്രം പോലെ മനോഹരമായ കോർപറേഷൻ വഞ്ചിക്കുളം പാർക്കിന്റെ കടവുകളും ദൃശ്യങ്ങളും ചിത്രകാരിൽ ചിലർ കാൻവാസുകളിലാക്കിയത് ശ്രദ്ധ നേടി. ഇന്നലെ രാവിലെ 11ന് തുടങ്ങിയ ആർട്ടോപിയയുടെ ഉദ്ഘാടനം സാമൂഹിക പ്രവർത്തക ഷീബ അമീർ നിർവഹിച്ചു. ചടങ്ങിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ അനീസ് അൻസി അദ്ധ്യക്ഷനായി. എം.ടി. നിലമ്പൂർ, അബ്ദുട്ടി, സുധീഷ് എന്നിവർ സംസാരിച്ചു.
അക്രിലിക്, ജലച്ചായം, പെൻസിൽ എന്നിവ ഉപയോഗിച്ചായിരുന്നു കലാകാരൻമാർ മനോഹരചിത്രങ്ങൾ തീർത്തത്. അനീസ് അൻസി, ആഷ ലൈല, വൈ.ഇ.സെഡ്.ഷാജഹാൻ, ഷിൻജിത്ത്, അനഫ് അലി, ബിനോജ് തുടങ്ങിയവർ ചിത്രങ്ങൾ വരച്ചു. ഇന്നലെ നടന്ന ഏകദിന ചിത്രകലാ ക്യാമ്പിലെ ചിത്രങ്ങൾ മറ്റൊരു എക്സിബിഷൻ സംഘടിപ്പിച്ച് വിൽപ്പന ചെയ്യാനാണ് ഐ.എ.ഡബ്ളിയു കലാകാരസംഘത്തിന്റെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |