തൃശൂർ: മൂന്നുനേരവും മാളിയേക്കൽ വീട്ടിലിൽ തിക്കിത്തിരക്കാണ്. ചോറിനും ചാളയ്ക്കും കടിപിടി കൂടാൻ ചുറ്റുവട്ടത്തെ പൂച്ചകളും പട്ടികളുമെത്തും. ചിക്കനായി കലഹവുമുണ്ടാകും. കലപിലകൂട്ടി കുയിലും കുരുവിയും കാക്കയും മൈനയും ദേശാടനക്കിളിയുമെത്തും.
രണ്ടാഴ്ച കൂടുമ്പോഴേ ചിക്കൻ കറിയുള്ളൂ. പക്ഷേ ഈ കലപില എല്ലാ ദിവസവും ഉണ്ട്.
ഇവർക്കെല്ലാം നടുവിൽ എല്ലാം നിയന്ത്രിക്കാൻ ഗൃഹനാഥൻ പെരിഞ്ഞനം മാളിയേക്കൽ വീട്ടിൽ ശ്രീജിത്തുമുണ്ടാകും (45). എല്ലാവർക്കും മാളിയേക്കൽ വീട്ടിലെത്തിയാൽ രണ്ടുനേരം കുശാലാണ്. ശ്രീജിത്ത് തന്റെ 23ാം വയസിൽ തുടങ്ങിയതാണിത്. ഓലഞ്ഞാലിക്കുരുവി, ചെമ്പോത്ത്, പൂത്താങ്കീരി, കുളക്കോഴി, കാടുമുഴക്കി, മഞ്ഞക്കിളി, തത്ത, കുയിൽ, വണ്ണാത്തിപ്പുള്ള്, തവള, വാൽമാക്രി, ആമ എന്നിങ്ങനെ അപൂർവങ്ങളായ ദേശാടനക്കിളികൾ വരെയുണ്ട് 20 സെന്റിലെ വീട്ടുവളപ്പിൽ.
'കുട്ടിക്കാലത്തേ കാടുകയറിയിരുന്നു. തന്നാലാവുന്ന സഹായം മൃഗങ്ങൾക്കും ചെയ്യണമെന്ന് തോന്നിയത് അങ്ങനെയാണ്. ഇവയ്‌ക്കെല്ലാമായി എന്തെങ്കിലും ചെയ്യാൻ മനുഷ്യനേ കഴിയൂ'. പക്ഷിമൃഗാദികളോടുള്ള സ്‌നേഹത്തിനും പരിചരണത്തിനും കാരണമിതാണ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ കൂടിയാണ് ശ്രീജിത്ത്. ഫോട്ടോയെടുത്ത് ഫേസ്ബുക്കിലോ ഇൻസ്റ്റയിലോ ഇടാനല്ല, കാടുജീവിതം മറ്റുള്ളവർക്ക് കൂടി മനസിലാക്കിക്കൊടുക്കുകയാണ് ലക്ഷ്യമെന്ന് ശ്രീജിത്ത് പറയുന്നു. ഫോട്ടോഗ്രാഫർ എന്ന നിലയിലുള്ള വരുമാനം മാത്രമാണ് ഏക സമ്പാദ്യം.
ഭക്ഷണക്രമീകരണം ഇങ്ങനെ:
തെരുവിൽ നിന്നും കിട്ടിയ 14 പട്ടികളും മൂന്ന് പൂച്ചകളുമുണ്ട് വീട്ടിൽ. കൂടാതെ തെരുവിലെ 25ഓളം പട്ടികൾക്കും ഭക്ഷണം നൽകുന്നു. വീട്ടിലുള്ളവയ്ക്ക് ഭക്ഷണം നൽകിയ ശേഷം തെരുവിലേക്ക് പുറപ്പെടും. രാവിലെ അഞ്ചരയ്ക്കും രാത്രി ഏഴരയ്ക്കുമാണ് തീറ്റ നൽകൽ. പക്ഷികൾക്കും മറ്റും തീറ്റ നൽകാൻ രണ്ടടി ഉയരത്തിൽ ഒരു തട്ട് അടിച്ചിട്ടുണ്ട്. കുടിക്കാനും കുളിക്കാനുമായി ഒരു കുളവും. തവളകളുടെ പ്രജനനകാലത്ത് കുളത്തിന് പ്രത്യേക സംരക്ഷണമുണ്ടാകും. ഈ സമയം പക്ഷികൾക്ക് പാത്രത്തിൽ വെള്ളം നൽകും. 15 ഓളം അണ്ണാറക്കണ്ണന്മാരും വീട്ടിലെ നിത്യസന്ദർശകരാണ്.
ദാരിദ്ര്യമെങ്കിലും...
ഭൂമിയുടെ അവകാശികൾക്കായി ഭക്ഷണവും വൈദ്യസഹായവും ഒരുക്കിനൽകുന്ന ശ്രീജിത്തിന് പതിനായിരത്തിൽ താഴെയാണ് വരുമാനം. പൊട്ടിപ്പൊളിഞ്ഞ് മേൽക്കൂരയില്ലാത്ത വീട്ടിലാണ് ഭാര്യ ജയന്തിയോടൊപ്പം താമസം. അമ്മ രമണിഅമ്മ അടുത്തിടെയാണ് മരിച്ചത്. അച്ഛൻ 22 വർഷങ്ങൾക്ക് മുമ്പേ മരിച്ചു.
20 സെന്റ് ഭൂമി വിറ്റ് മറ്റൊരു അഞ്ച് സെന്റ് വാങ്ങാനും ബാക്കി തുകയ്ക്ക് നല്ലൊരു വീട് വയ്ക്കാനും പലരും ഉപദേശിക്കാറുണ്ട്. അങ്ങനെ ചെയ്താൽ എന്നെ ആശ്രയിച്ച് കഴിയുന്ന ഇവയൊക്കെ എങ്ങോട്ട് പോകും.
-ശ്രീജിത്ത് മാളിയേക്കൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |