
തൃശൂർ : മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളേജിൽ അനർഹമായി സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റിയത് 29 പേർ. പതിനായിരം രൂപ മുതൽ 53,600 വരെ അനധികൃതമായി കൈപ്പറ്റിയവരുണ്ട്. അനധികൃതമായി പെൻഷൻ കൈപ്പറ്റിയവരോട് അടിയന്തരമായി കാരണം കാണിക്കൽ നൽകണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു.
ഇവരിൽ നിന്ന് ഫെബ്രുവരി 15ന് അകം 18 ശതമാനം പലിശയോട് കൂടി തുക തിരിച്ചു പിടിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് ഉടൻ നൽകിയേക്കും. സ്റ്റാഫ് നേഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ്, ജൂനിയർ ലാബ് അസിസ്റ്റന്റ്, ക്ലറിക്കൽ അറ്റൻഡൻസ്, ഹോസ്പിറ്റൽ അറ്റൻഡൻസ്, ക്ലീനേഴ്‌സ് എന്നീ തസ്തികയിൽ ജോലി ചെയ്യുന്നവരാണ് അനധികൃതമായി പെൻഷൻ കൈപ്പറ്റിയത്.
പ്രിൻസിപ്പൽ ഓഫീസ്, നെഞ്ചുരോഗാശുപത്രി, മെഡിക്കൽ കോളേജ് ആശുപത്രി എന്നീ വിഭാഗങ്ങളിലെ ജീവനക്കാർക്ക് എതിരെയാണ് നടപടി. അനർഹമായി പെൻഷൻ കൈപ്പറ്റിയവരിൽ ഭൂരിഭാഗം പേരും വനിതാ ജീവനക്കാരാണ്. വിവിധ വകുപ്പിലായി നിരവധി പേരാണ് ഇത്തരത്തിൽ മാസങ്ങളായി അനർഹമായി ക്ഷേമ പെൻഷൻ തട്ടിയെടുക്കുന്നത്.
പെൻഷൻ കൈപ്പറ്റിയവർ
പ്രിൻസിപ്പൽ ഓഫീസ് 10
നെഞ്ചുരോഗാശുപത്രി 6
മെഡിക്കൽ കോളേജാശുപത്രി 13
പതിനായിരങ്ങൾ ശമ്പളം പറ്റുന്നവർ
ക്ലീനിംഗ് സ്റ്റാഫ് ഒഴികെ ഭൂരിഭാഗം പേരും പതിനായിരക്കണക്കിന് ശമ്പളം പറ്റുന്നവരാണ് ഏറെയും. ക്ലീനേഴ്‌സിന് 26,000 രൂപ മുതലാണ് ശമ്പളം. സ്റ്റാഫ് നേഴ്‌സിന് അമ്പതിനായിരത്തിൽ താഴെ ശമ്പളമുണ്ട്. രണ്ടര വർഷത്തോളമായി ഇത്തരത്തിൽ പാവപ്പെട്ടവർക്ക് നൽകുന്ന സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റിയവരുണ്ട്. അനർഹമായി, സാമൂഹിക ക്ഷേമ പെൻഷൻ കൈപ്പറ്റിയവരിൽ ഭൂരിഭാഗം പേരും ഇടത് യൂണിയനിൽ ഉൾപ്പെട്ടവരാണെന്ന ആരോപണവുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |