
തൃശൂർ: സി.പി.എമ്മിന്റെ ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങൾ സജീവം. കുന്നംകുളത്ത് ഫെബ്രുവരി 9, 10, 11 തിയതികളിലായി നടക്കുന്ന സമ്മേളനത്തിന്റെ പതാക ദിനാചരണം കഴിഞ്ഞു. സെമിനാറുകളും അനുബന്ധ പരിപാടികളും ആരംഭിച്ചു. ടൗൺഹാളിലാണ് പ്രതിനിധി സമ്മേളനം. പൊതുസമ്മേളനം ചെറുവത്തൂർ മൈതാനിയിലാണ്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതിനിധി സമ്മേളനവും പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. കുന്നംകുളത്ത് നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രചാരണവുമായി നാടെങ്ങും ചുമരെഴുത്തുകൾ നിറഞ്ഞു. കുന്നംകുളം ഏരിയയിൽ ലോക്കൽ കമ്മിറ്റികളിലും ബ്രാഞ്ചുകളിലും സംഘാടക സമിതികളായി. കുടുംബയോഗങ്ങളും പൂർത്തിയാവുന്നു.
ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ച്, ലോക്കൽ, ഏരിയാ സമ്മേളനങ്ങൾ പൂർത്തിയായ ശേഷമാണ് ജില്ലാ സമ്മേളനം ചേരുന്നത്. നിലവിലെ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് തന്നെ ഇത്തവണയും തുടരാനാണ് സാദ്ധ്യത. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി.ജോസഫ്, ജില്ലാ സെക്രട്ടറിയേറ്റംഗം കെ.വി.അബ്ദുൾ ഖാദർ എന്നിവരിൽ ഒരാളായിരിക്കും പുതിയ സെക്രട്ടറിയാവുകയെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും ഇവരെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്നറിയുന്നു.
444 പ്രതിനിധികൾ
ജില്ലയിലെ 17 ഏരിയാ കമ്മിറ്റികളിൽ നിന്ന് തിരഞ്ഞെടുത്ത 398 പ്രതിനിധികൾക്ക് പുറമേ ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങളടക്കം 444 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 47,317 അംഗങ്ങളുള്ള ജില്ലയിലെ പാർട്ടിയിൽ 2677 ബ്രാഞ്ചുകളും 200 ലോക്കൽ കമ്മിറ്റികളും 17 ഏരിയാ കമ്മിറ്റികളുമുണ്ട്.
അനുബന്ധ പരിപാടികൾ തുടങ്ങി
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള അനബന്ധ പരിപാടികൾ ആരംഭിച്ചു. ഏരിയാതലത്തിൽ ഫുട്‌ബോൾ മേള നടന്നു. നാടൻകല അവതരണവും ഘോഷയാത്ര, സെമിനാറുകൾ, കവിയരങ്ങ്, മെഗാ തിരുവാതിരക്കളി, പ്രാദേശിക കലാസംഘങ്ങളുടെ പരിപാടികൾ എന്നിവയുണ്ടാകും. ഏഴിന് രക്തസാക്ഷി കുടുംബ സംഗമവും പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും ഒമ്പതിന് വയലാർ രാമവർമയുടെ കൊച്ചുമകൾ രേവതി വർമയും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും നടക്കും.
പതാക, ദീപശിഖ, കൊടിമര ജാഥകൾ
ഫെബ്രുവരി എട്ടിന് വൈകിട്ട് അഞ്ചിന് പൊതുസമ്മേളന നഗറിലെത്തും. ദീപശിഖജാഥ തൃശൂർ ചെട്ടിയങ്ങാടിയിലെ അഴീക്കോടൻ രാഘവൻ രക്തസാക്ഷി സ്മൃതി കേന്ദ്രത്തിൽ നിന്നും പതാക ജാഥ വടക്കാഞ്ചേരി താലൂക്ക് ഓഫീസ് പരിസരത്തെ എം.കെ.കൃഷ്ണൻ സ്മൃതി കേന്ദ്രത്തിൽ നിന്നും കൊടിമരജാഥ ഗുരുവായൂർ സത്യഗ്രഹ സ്മാരക നഗറിൽ നിന്നും ആരംഭിക്കും. രക്തസാക്ഷികളായ കുഞ്ഞാതു, ടി.പി.സുബ്രഹ്മണ്യൻ, എ.ബി.ബിജേഷ്, പി.യു.സനൂപ് എന്നിവരുടെ സ്മൃതി കേന്ദ്രങ്ങളിൽ നിന്നാണ് അനുബന്ധ ദീപശിഖ ജാഥകൾ തുടങ്ങുക.
സമ്മേളനത്തിന്റെ ഒരുക്കങ്ങൾ സജീവമായി നടക്കുന്നു. സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും സമ്മേളനത്തിൽ പങ്കെടുക്കും. അനുബന്ധ പരിപാടികൾ നടന്നു വരികയാണ്.
-എം.എം.വർഗീസ്,
ജില്ലാ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |