SignIn
Kerala Kaumudi Online
Friday, 23 October 2026 7.51 AM IST

കളി തന്ന കരുത്താണ് എന്റെ ആത്മവിശ്വാസം: ഐ.എം. വിജയൻ

തൃശൂർ: തൃശൂരിന്റെ ഇത്തിരിവട്ടത്തിൽ നിന്ന് രാജ്യാന്തരതലം വരെ ഒരു ഫുട്ബാളറെന്ന നിലയിൽ വളരാൻ തനിക്ക് തുണയായത് തന്റെ കളിയിൽ തനിക്കുള്ള വിശ്വാസം തന്നെയായിരുന്നുവെന്ന് ഐ.എം. വിജയൻ. പത്മശ്രീ ജേതാവായ ശേഷം തൃശൂർ പ്രസ് ക്ലബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ആ ആത്മവിശ്വാസമില്ലെങ്കിൽ ഞാനും അച്ഛനെപ്പോലെ കൂലിപ്പണിക്കാരനായേനെ....'- വിജയൻ വിശദീകരിച്ചു. ചെറുപ്രായത്തിൽ കേരള പൊലീസ് ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതാണ് ഫുട്ബാളിൽ കൂടുതൽ മികവ് കാട്ടാനും നേട്ടങ്ങൾക്കും വഴിവച്ചത്. ചാത്തുണ്ണി അടക്കമുള്ളവരുടെ പരിശീലനം കരിയറിന് ഗുണമായി. പൊലീസിൽ എത്തിയപ്പോൾ മികച്ച താരങ്ങൾക്കൊപ്പം കളിക്കാൻ കഴിഞ്ഞു. എണ്ണം പറഞ്ഞ ഡിഫൻസിന് മുൻപിലായിരുന്നു അന്നത്തെ കളിയെന്നതും ഗുണകരമായെന്ന് വിജയൻ പറഞ്ഞു.

'പത്മശ്രീ പുരസ്‌കാരം വലിയ സന്തോഷം നൽകുന്നു. സർവീസിൽ നിന്ന് വിരമിച്ചാലും ഫുട്ബാളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമാകും. എന്തായാലും രാഷ്ട്രീയത്തിലേക്കില്ല. എല്ലാ രാഷ്ട്രീയക്കാരുമായും നല്ല ബന്ധമുണ്ട്. ഏത് നേതാവിന്റെ അടുത്തേക്കും മുൻകൂർ അനുമതിയില്ലാതെ കയറിച്ചെല്ലാം, അത് അങ്ങനെ തുടരട്ടെ'യെന്നും വിജയൻ പറഞ്ഞു.

'പിന്നെ, സച്ചിനെപ്പോലെയോ, ചേച്ചിയെ പോലെയോ (പി.ടി. ഉഷ) ഒരു രാജ്യസഭാ എം.പിയാക്കിയാൽ വേണ്ടെന്ന് പറയില്ല. അത്രയ്ക്ക് അഹങ്കാരിയൊന്നുമല്ല ഞാൻ...'- തമാശരൂപേണ വിജയൻ മനസ് തുറന്നു. ഏപ്രിലിൽ പൊലീസിൽ നിന്നും വിരമിക്കും, ശേഷം സിനിമയിലേക്ക് വിളിച്ചാൽ അഭിനയിക്കുമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

പത്മശ്രീ പുരസ്കാരം ആഗ്രഹിച്ച് മുൻപും അപേക്ഷ സമർപ്പിച്ചിരുന്നു. വൈകിയെങ്കിലും ഒടുവിൽ വിരമിക്കാൻ നേരം പുരസ്കാരം ലഭിച്ചതിൽ സന്തോഷവാനാണെന്നും ഐ.എം. വിജയൻ വിശദീകരിച്ചു. അദ്ദേഹത്തിന്റെ പത്നി രാജിയും മീറ്റ് ദ പ്രസിൽ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL