SignIn
Kerala Kaumudi Online
Friday, 23 October 2026 8.27 AM IST

വരും പ്രത്യേക ഇടനാഴിയും സോളാർ ഫെൻസിംഗും

ചാലക്കുടി: വനത്തിൽ വെള്ളത്തിന്റെ ലഭ്യത കുറയുന്നതാണ് ആനകളെ പുറത്തേക്ക് ഇറങ്ങാൻ പ്രേരിപ്പിക്കുന്ന പ്രധാനഘടകം. ഒപ്പം ഭക്ഷണം തേടലും. കാലടി പ്ലാന്റേഷൻ വനമേഖലയിൽ നിന്നും വൈകിട്ട് ചാലക്കുടിപ്പുഴയിൽ വെള്ളം കുടിക്കാൻ കൂട്ടമായി ആനകളെത്തുന്നു. പിന്നീട് വിശാലമായ എണ്ണപ്പന തോട്ടത്തിൽ തീറ്റ തേടൽ. ഇതിനിടെ പലതും ജനങ്ങളുടെ പറമ്പിലേക്കും ഇരച്ചെത്തും. കണ്ണിൽക്കണ്ടതെല്ലാം നശിപ്പിക്കും. നാട്ടുകാർ പൊറുതിമുട്ടിയിട്ട് വർഷങ്ങളായി. എത്രയും വേഗം പരിഹാരം വേണമെന്ന് ജനങ്ങൾ ഒന്നടങ്കം ആവശ്യപ്പെടുന്നു. കാട്ടാനകളിറങ്ങി ജനജീവിതത്തിന് വരുത്തുന്ന ദുരിതവും ഭീഷണിയും വിവരിച്ച് കേരള കൗമുദി തയ്യാറാക്കിയ ഫീച്ചർ വലിയ പ്രതികരണമുണ്ടാക്കി. എം.എൽ.എയും മറ്റ് ജനപ്രതിനിധികളും പ്രതികരിച്ചു. കർഷകരും പങ്കുചേർന്നു.

സോളാർ ഫെൻസിംഗ് ഉടൻ

വാഴച്ചാൽ ഡിവിഷനിലെ ഏഴാറ്റുമുഖം, അതിരപ്പിള്ളി ഫോറസ്റ്റ് സ്‌റ്റേഷനുകളെ ബന്ധിപ്പിച്ച് സൗരോർജ്ജ ഫെൻസിംഗ് ഒരുക്കുമെന്ന് വാഴച്ചാൽ ഡി.എഫ്.ഒ ആർ.ലക്ഷ്മി പറഞ്ഞു. ഇതിന്റെ നിർമ്മാണപ്രവർത്തനം ഫെബ്രുവരി മദ്ധ്യത്തോടെ ആരംഭിക്കും. 60 കിലോ മീറ്റർ ദൈർഘ്യത്തിൽ ജനവാസ മേഖല കേന്ദ്രീകരിച്ചായിരിക്കും ഫെൻസിംഗ്. ആനകൾക്ക് വെള്ളം കുടിക്കുന്നതിന് പ്രത്യേക ഇടനാഴി സജ്ജമാക്കും. പറമ്പിക്കുളം വനപാലകരുടെ വിദഗ്ദ്ധ സംഘമാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഇടനാഴികളിലൂടെ ആനകൾ പുറത്തിറങ്ങാതിരിക്കാനും സംവിധാനമുണ്ടെന്നും അവർ പറഞ്ഞു.


സൗരോർജ ഫെൻസിംഗ് സംവിധാനം വരുന്നതോടെ വന്യമൃഗ ശല്യത്തിന് വലിയൊരളവ് കുറവുണ്ടാകും. 14 കോടിയാണ് നബാർഡ് അനുവദിച്ചത്. ടെൻഡർ പുരോഗമിക്കുന്നു. വാഴച്ചാൽ ഡിവിഷനിലെ അതിരപ്പിള്ളി മേഖലയിലാണ് പദ്ധതി നടപ്പാക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായ ആളുകൾക്കുള്ള നഷ്ട പരിഹാര തുക വർദ്ധിപ്പിച്ച്, കാലതാമസമില്ലാതെ കൊടുക്കണം.

സനീഷ്‌കുമാർ ജോസഫ്
എം.എൽ.എ


നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളുടെ തിരിച്ചുപോക്കിന് വനവത്കരണ പദ്ധതി പുനരാരംഭിക്കണം. വെള്ളം സംരക്ഷിച്ച് നിറുത്തുന്ന മഴമരങ്ങളും പുല്ലുകളും വനത്തിലില്ല. മൃഗങ്ങൾക്ക് കാട്ടിലേയ്ക്ക് തിരികെപ്പോകാൻ ഉതകുന്ന പദ്ധതിക്ക് വനം വകുപ്പ് മുൻകൈയെടുക്കണം.

കെ.കെ.റിജേഷ്
പഞ്ചായത്ത് പ്രസിഡന്റ്
അതിരപ്പിള്ളി

വന്യമൃഗങ്ങളെ ഭയന്ന് മലയോരക്കർഷകർ പലായനം ചെയ്യേണ്ട അവസ്ഥയിലെത്തി. ഫെൻസിംഗ് സംവാധാനം എല്ലാ ഭാഗത്തുമെത്തിക്കണം. വന്യമൃഗങ്ങളാൽ നശിക്കുന്ന കാർഷിക വിളകൾക്ക് ഉടനെ നഷ്ടപരിഹാരം നൽകണം.

ടി.ബി.ദേവരാജൻ
കർഷക കോൺഗ്രസ്
മുൻ നിയോ. പ്രസിഡന്റ്.


ഒരു ഭാഗത്ത് പ്ലാന്റേഷൻ കാടുകൾ, മറ്റൊരിടത്ത് കോട്ടാമല. ഇവിടെ നിന്നും ആളുകൾ ഓടിച്ചുവിടുന്ന ആനകൾ ചായ്പ്പൻകുഴി മേഖലയിൽ തമ്പടിച്ച് ജനങ്ങളുടെ സമാധാന ജീവിതം തകർക്കുന്നു. ഇത് തടയുന്നതിന് ആർ.ആർ.ടി സംഘങ്ങളെ ശക്തമാക്കണം. വനത്തിൽ ഫയർ ലൈൻ ഒരുക്കണം. അടിക്കാടുകൾ തീയിട്ട് നശിപ്പിച്ചാൽ നല്ല ചെടികളും മരങ്ങളും വളരും.

പീയൂസ്
ചായ്പ്പൻകുഴി


ആനകളുടെ ശല്യത്താൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലെത്തി. എല്ലാ വിളകളും ഇവ തകർത്തെറിയുന്നു. ഞങ്ങളെ ജീവിക്കാൻ അനുവദിക്കണം

മുണ്ടയ്ക്ക ജോർജ്
വെറ്റിലപ്പാറ പതിമൂന്നിലെ കർഷകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL