തൃശൂർ: കേരളത്തിലെ ബി.ജെ.പിയുടെ ഏക ലോക്‌സഭാംഗവും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി പ്രതിനിധീകരിക്കുന്ന തൃശൂരിന്റെ കേന്ദ്ര ബഡ്ജറ്റിലെ പ്രതീക്ഷകൾ ഗോപിയായി. തീർത്ഥാടന ടൂറിസം, മെട്രോ തൃശൂരിലേക്ക് നീട്ടാനുള്ള നടപടി, പ്രസാദം പദ്ധതി, എയിംസ് എന്നിവയൊക്കെ സ്വപ്‌നങ്ങളായി തുടരും. കേന്ദ്ര ബഡ്ജറ്റിലെ പൊതുപദ്ധതികളിൽ പലതും തൃശൂരിന് കൂടി ഗുണകരമാകുമെന്നല്ലാതെ തനത് പദ്ധതികളൊന്നുമില്ല. ഇത്തവണയെങ്കിലും പുതിയ പദ്ധതികൾ ഉണ്ടാകുമെന്നാണ് ബി.ജെ.പി നേതാക്കളും പ്രതീക്ഷിച്ചത്. കർഷകരുടെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞ് കേന്ദ്രത്തിലറിയിച്ച് പരിഹാരമുണ്ടാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കർഷകർക്കും നിരാശയായി.
തീർത്ഥാടന ടൂറിസം പദ്ധതി, മെട്രോ നീട്ടൽ, റെയിൽവേ പദ്ധതികൾ തുടങ്ങി പ്രതീക്ഷിച്ച പലതിലും അനുകൂല തീരുമാനമുണ്ടായില്ല. തൃശൂർ പൂരത്തിന്റെ പശ്ചാത്തലത്തിൽ ബഡ്ജറ്റിൽ പദ്ധതി പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയും ഇല്ലാതായി. ബഡ്ജറ്റിൽ തൃശൂരിന് പദ്ധതികൾ പ്രഖ്യാപിക്കാതെ വീണ്ടും സുരേഷ് ഗോപിയെ നാണം കെടുത്തുന്നതിൽ ബി.ജെ.പി നേതൃത്വത്തിനും അതൃപ്തിയുണ്ട്.
പൊതുപദ്ധതികൾ തൃശൂരിന് അനുകൂലം
അതേസമയം ബഡ്ജറ്റിലെ പൊതുപദ്ധതികളിൽ പലതും തൃശൂരിനും ഗുണകരമായേക്കും. രാജ്യത്തെ എല്ലാ ജില്ലാ ആശുപത്രികളിലും ഡേ കെയർ കാൻസർ സെന്റർ തുറക്കുമെന്ന പ്രഖ്യാപനം തുണയാകും. അടുത്ത മൂന്ന് വർഷത്തിനകം ജില്ലാ ആശുപത്രികളിൽ കാൻസർ സെന്റർ തുറക്കുമെന്നാണ് പ്രഖ്യാപനം. എന്നാൽ ഈ സാമ്പത്തിക വർഷം പ്രവർത്തനമാരംഭിക്കുന്ന 200 കേന്ദ്രങ്ങളിൽ തൃശൂരും ഉൾപ്പെടുമോയെന്നത് കാത്തിരുന്ന് കാണേണ്ടി വരും. സുസ്ഥിര മത്സ്യബന്ധനത്തിനായി ചട്ടക്കൂട് ഒരുക്കുമെന്ന പ്രഖ്യാപനവും കിസാൻ ക്രെഡിറ്റ് കാർഡ് വായ്പാ പരിധി ഉയർത്തിയതും ഉപയോഗപ്രദമാകും. അടുത്ത അഞ്ചുവർഷത്തിനകം 75,000 മെഡിക്കൽ സീറ്റ് വർദ്ധിപ്പിക്കുമെന്നതും അടുത്തവർഷം 10,000 മെഡിക്കൽ സീറ്റുകൾ കൂട്ടുമെന്നുമുള്ള പ്രഖ്യാപനവും പ്രതീക്ഷയേകം.
ആയുർവേദ മേഖലയ്ക്ക് ഗുണകരമെന്ന്
ഇന്ത്യയിൽ 50 പുതിയ ടൂറിസം ഡെസ്റ്റിനേഷൻ ആരംഭിക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനം കേരളത്തിന് പ്രതീക്ഷ പകരുന്നതാണെന്നും ഇന്ത്യയിലെ ആയുർവേദ മേഖലയ്ക്ക് ഗുണകരമാണെന്നും എ.എം.എം.ഒ.ഐ ജനറൽ സെക്രട്ടറി ഡോ.ഡി.രാമനാഥൻ പറഞ്ഞു. മെഡിക്കൽ ടൂറിസം വിസ, ഹീൽ ഇൻ ഇന്ത്യ പാർട്ണർഷിപ്പോടെ സ്വകാര്യമേഖലയിലും അനുവദിക്കുമെന്നും വിസാചട്ടം ലഘൂകരിക്കുമെന്നുമുള്ള ധനമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണ്. ആയുഷ് വിസയിലൂടെ സംസ്ഥാനത്ത് ആയുർവേദ ചികിത്സയ്ക്ക് വിദേശികൾ കൂടുതലെത്തിച്ചേരാൻ ഗുണകരമാണ്. ഇടക്കാല ബഡ്ജറ്റിന് തുടർച്ചയായി റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന് 20,000 കോടി കൂടുതൽ അനുവദിച്ചത് ഇന്ത്യയിലെ ഹെൽത്ത് സെക്ടറിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |