
തൃശൂർ: രോഗികളെ പരിശോധിക്കൽ, മരുന്ന് കുറിക്കൽ, മരുന്നുഗവേഷണം എൺപതാം വയസിലും ഇന്ത്യയിലെ ആദ്യ ആയുർവേദ ഡോക്ടറായ കന്യാസ്ത്രീ ഡോ.സിസ്റ്റർ ഡൊണാറ്റ തിരക്കിലാണ്. രാമവർമ്മപുരത്ത് തൃശൂർ ജൂബിലി മിഷൻ ആശുപത്രി ആയുർവേദ വിഭാഗത്തിന്റെ ചുമതലക്കാരിയാണ് ഡോ.സിസ്റ്റർ ഡൊണാറ്റ.
കൊവിഡ് കാലത്ത് ഡോ.ഡൊണാറ്റയുടെ ഗവേഷണത്തിലൂടെ തയ്യാറാക്കിയ ഔഷധച്ചായയായ 'ഡോണാ ടീ' നിരവധി രോഗികൾക്കാണ് ആശ്വാസമായത്. ചുക്ക്, കുരുമുളക്, വെളുത്തുള്ളി, കറുവപ്പട്ട, കുടംപുളി, തുളസി, ആടലോടകം, പനിക്കൂർക്ക, മാവ്, പേര, കറിവേപ്പ്, തേയിലപ്പൊടി, ശർക്കര എന്നിവയെല്ലാം ചേർത്ത് തിളപ്പിച്ചാണ് 'ഡോണാ ടീ' ഒരുക്കിയത്. 'ഡോണാ ടീ' കുടിച്ച കൊവിഡ് രോഗികളിലടക്കം പഠനം നടത്താൻ ജൂബിലി മിഷൻ ആശുപത്രിയിലെ ഗവേഷണ വിഭാഗം പ്രൊജക്ടും തയ്യാറാക്കി.
എയ്ഡ്‌സ്, കാൻസർ രോഗികളിൽ രസായന ചികിത്സ നടത്തിയിരുന്നു. രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനും റേഡിയേഷന്റെ പാർശ്വഫലം കുറയ്ക്കാനും ച്യവനപ്രാശങ്ങളിലൂടെയും മറ്റും കഴിഞ്ഞുവെന്ന് ഡോക്ടർ പറയുന്നു. നാല് പതിറ്റായി രസായന ഔഷധം കഴിക്കുന്ന എയ്ഡ്‌സ് രോഗിയും കൂട്ടത്തിലുണ്ട്. പുതിയ കോശങ്ങളുടെ നിർമ്മാണം അതിവേഗത്തിലാക്കാനുള്ള രസായനങ്ങളുടെ കഴിവിനെക്കുറിച്ച് കൂടുതൽ ഗവേഷണം വേണമെന്നും സിസ്റ്റർ പറയുന്നു.
ആയുർവേദ പഠനത്തെ തുണച്ച സംസ്‌കൃതം
മുണ്ടൂർ ആറംപിള്ളിയിലെ ക്രൈസ്തവ കുടുംബമായ പുത്തൂർ വീട്ടിലാണ് ജനിച്ചതെങ്കിലും സ്‌കൂളിൽ സംസ്‌കൃതം പഠിച്ചതാണ് ആയുർവേദ പഠനത്തിന് തുണയായതെന്ന് സിസ്റ്റർ പറയുന്നു. സിസ്റ്റേഴ്‌സ് ഒഫ് ചാരിറ്റിയിൽ കന്യാസ്ത്രീയായ ശേഷം ആയുർവേദം പഠിക്കാൻ താത്പര്യമുണ്ടോയെന്ന് മദർ സുപ്പീരിയറാണ് ചോദിച്ചത്. ആയുർവേദത്തോടുള്ള ഇഷ്ടം കാരണം തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിൽ ഡി.എ.എമ്മിന് ചേർന്നു. ആദ്യവർഷം റാങ്ക് നേടിയ ശേഷം തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിൽ നിന്ന് ബി.എ.എമ്മിന് ചേർന്നു. ആദ്യമൂന്ന് വർഷവും റാങ്ക് നേടി. തുടർന്ന് പഞ്ചകർമ്മയിൽ എം.ഡി പാസായി. അമല മെഡിക്കൽ കോളേജ്, ഹിമാലയത്തിലെ ഗഡുവാൾ, പാലക്കാട് പാലന എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. 10 വർഷത്തോളമായി ജൂബിലിയിലാണ്. എ.എം.എ.ഐ, പൂമുള്ളി സ്മാരകം, തൃശൂർ അതിരൂപത എന്നിവയുടെ പുരസ്‌കാരങ്ങൾ തേടിയെത്തി.
'ആയുർവേദ മരുന്നുകളിൽ കൂടുതൽ ഗവേഷണം നടത്തണമെന്നാണ് ആഗ്രഹം. ആയുർവേദത്തിന്റെ ഫലസിദ്ധി തെളിവ് സഹിതം പുറത്തുവന്നാൽ വലിയ നേട്ടമുണ്ടാകും'.
ഡോ.സിസ്റ്റർ ഡൊണാറ്റ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |