SignIn
Kerala Kaumudi Online
Friday, 23 October 2026 9.26 PM IST

ഭൂമിക്കായി ഒളകരക്കാരുടെ ഒടുങ്ങാത്ത കാത്തിരിപ്പ്

1

തൃശൂർ : ഭൂമി എന്ന സ്വപ്‌നത്തിനായി കാത്തിരിപ്പ് തുടരുകയാണ് ഒളകരക്കാർ. ആദിവാസികൾക്ക് ഭൂമി നൽകുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി കഴിഞ്ഞദിവസം ഉണ്ടാകുമെന്ന് ഒളകര നിവാസികൾ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും കേസ് പരിഗണിച്ച ജഡ്ജി അവധിയായതോടെ വീണ്ടും മാറ്റി.

ഹൈക്കോടതിയിൽ സമർപ്പിച്ച രേഖകളെല്ലാം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത് നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരമുള്ള പ്രവർത്തനം നടത്തി സമർപ്പിച്ചിട്ട് വേണം കോടതി കേസ് വീണ്ടും പരിഗണനയ്‌ക്കെടുക്കാൻ. അതുകൊണ്ട് ഇനിയും മാസങ്ങളെടുത്തേക്കും. നിലവിലെ സാഹചര്യത്തിൽ ഹൈക്കോടതി വിധിക്ക് അനുസരിച്ച് ഭൂമി നൽകാമെന്ന് ധാരണയായിരുന്നു.

അവകാശം നൽകുന്നതിനെതിരെ വൺ എർത്ത് വൺ ലൈൻ എന്ന സംഘടന നൽകിയ കേസിന്റെ വിധിക്ക് വിധേയമായി പട്ടയം നൽകാനാണ് തീരുമാനം. ഒന്നരയേക്കർ വീതം ഭൂമി വിതരണം ചെയ്യാൻ സ്‌റ്റേറ്റ് ലെവൽ മോണിറ്ററിംഗ് സമിതി (എസ്.എൽ.എം.സി) തീരുമാനിച്ചിരുന്നു. ഇതിനു പുറമേ വനം വകുപ്പിന്റെ ഉടക്കും തിരിച്ചടിയായി. എസ്.എൽ.എം.സി യോഗത്തിന്റെ നടപടിക്രമങ്ങളടങ്ങിയ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചിരുന്നു. ഭൂമിക്കായുള്ള ഒളകര നിവാസികളുടെ അവകാശ പോരാട്ടത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 2016 മുതൽ ഇക്കാര്യത്തിൽ നിരന്തര ഇടപെടലുണ്ടായി. ജില്ലാ ഭരണകൂടവും റവന്യൂ, സർവേ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് വനം വകുപ്പ് അധികൃതരുടെ സാന്നിദ്ധ്യത്തിലാണ് ഭൂമി അളന്ന് രേഖപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കിയത്.

അമ്പത് വർഷമായിട്ടും ഭൂമിയില്ല

ഒളകര നിവാസികളുടെ മുൻ തലമുറക്കാർ ഏകദേശം നൂറ് വർഷം മുമ്പ് വനത്തിലുള്ളിലെ മുപ്പഴകൂടി, പൈങ്ങോട്ടുകണ്ടം എന്നിവിടങ്ങളിലായി താമസിച്ചിരുന്നതായാണ് കിർത്താർഡ്‌സിന്റെ പഠന റിപ്പോർട്ട്. പീച്ചി ഡാം നിർമ്മിച്ച ശേഷം 1957ൽ വെള്ളം കയറിയതോടെ കുഴിക്കുത്തി എന്ന മറ്റൊരു സ്ഥലത്തേക്ക് മാറി. പിന്നീട് അമ്പത് വർഷം മുമ്പ് ഒളകരയിലെത്തി. ആദ്യകാലത്ത് 300 ഏക്കറോളം ഭൂമിയിലാണ് താമസിച്ചിരുന്നത്. വന്യമൃഗങ്ങളെ ഭയക്കാതെ സുരക്ഷിത യാത്രയ്ക്ക് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് ഊരിൽ നിന്ന് കാട്ടിലേയ്ക്ക് മൺപാത വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചത്.

പാണഞ്ചേരിയിൽ നിന്ന് 30 കിലോമീറ്റർ

ഒളകര പട്ടികവർഗ സങ്കേതത്തിലെത്തണമെങ്കിൽ ജില്ലാ അതിർത്തി വാണിയമ്പാറയിൽ നിന്ന് പാലക്കാട് ജില്ലയിൽ കയറി പോത്തുച്ചാടി, വാൽക്കുളമ്പ്, കണ്ണച്ചി പരുത തുടങ്ങിയ വനപാതകളിലൂടെ സഞ്ചരിക്കേണ്ടിയിരുന്നു. പാണഞ്ചേരി പഞ്ചായത്ത് ഓഫീസിൽ നിന്ന് മുപ്പത് കിലോമീറ്ററോളം ദൂരം. മൺപാത യാഥാർത്ഥ്യമായതോടെ ഈ ദൂരം കുറഞ്ഞു.

44 വീടുകൾ
150 ൽ അധികം ആളുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, OLAKARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL