
വടക്കാഞ്ചേരി : കുട്ടനെല്ലൂർ തോളത്ത് വീട്ടിൽ ബാബുവിന്റെ മകൻ ബിനിൽ (31) റഷ്യൻ കൂലിപ്പട്ടാളത്തിലെത്തി യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ട് ഫെബ്രുവരി അഞ്ചിന് ഒരു മാസം. സങ്കടത്തിന്റെ നെരിപ്പോടിൽ കണ്ണീർ തോരാതെ കുടുംബം കഴിയുമ്പോഴും മൃതദേഹം നാട്ടിലെത്തിക്കാൻ ഒരു നടപടിയുമായില്ല.
റഷ്യ പിടിച്ചെടുത്ത യുക്രൈനിലെ നെവസ്‌കോയി എന്ന സ്ഥലത്ത് വച്ചാണ് ബിനിൽ കൊല്ലപ്പെട്ടതെങ്കിലും മൃതദേഹം ഇതുവരെ വീണ്ടെടുക്കാനായിട്ടില്ലെന്നാണ് ഇന്ത്യൻ എംബസി ബന്ധുക്കളെ അറിയിച്ചത്. മേഖലയിൽ കനത്തയുദ്ധം നടക്കുകയാണ്. അത് തീരാതെ അങ്ങോട്ട് പ്രവേശിക്കാനാകില്ല. റഷ്യൻ എംബസി, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, കേന്ദ്രമന്ത്രിമാർ, അടൂർ പ്രകാശ് എം.പി എന്നിവർക്ക് ബന്ധുക്കൾ പരാതി നൽകിയെങ്കിലും അനുകൂലമായ ഒരു മറുപടിയും ലഭിക്കുന്നില്ല. അതേസമയം ബിനിലിന്റെ ഭാര്യാ സഹോദരൻ തെക്കുംകര കുത്തുപാറ തെക്കേ മുറിയിൽ കുരിയന്റെ മകൻ ജെയിൻ (27) ഗുരുതര പരിക്കേറ്റ് ഇപ്പോഴും ആശുപത്രിയിലാണ്.
യുവാവിനെ നാട്ടിലെത്തിക്കുന്നതും തികഞ്ഞ അനിശ്ചിതത്വത്തിലാണ്. ഇരുവരും റഷ്യൻ പൗരന്മാരാണെന്നതും പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. ഡ്രോൺ ആക്രമത്തിൽ ഗുരുതര പരിക്കാണ് ജെയിനിന് സംഭവിച്ചത്. മോസ്‌കോയിലെ സൈനിക ആശുപത്രിയിലാണ് യുവാവ് കഴിയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |