SignIn
Kerala Kaumudi Online
Tuesday, 06 October 2026 9.45 PM IST

റഷ്യയിലെ പ്ലേഗ് ഭീതി, ലോകം ആശങ്കയിൽ; ഇന്ത്യയിലും എത്തുമോ? ജാഗ്രത വേണ്ടത് എപ്പോൾ, അറിയാം

-plague
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: സൈബീരിയയിൽ ലാബ് ജീവനക്കാരി ഗുരുതര ന്യൂമോണിയ ബാധിച്ച് മരിച്ചതിന് പിന്നാലെ റഷ്യയിൽ ന്യൂമോണിക് പ്ലേഗ് പടരുന്നതായുള്ള ആശങ്ക വർദ്ധിക്കുന്നു. സംഭവത്തിൽ അമേരിക്കയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. എന്നാൽ റഷ്യൻ അധികൃതർ പ്ലേഗ് സ്ഥിരീകരിച്ചിട്ടില്ല. അജ്ഞാത കാരണത്താലുള്ള ന്യൂമോണിയയാണ് മരണകാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

റഷ്യയിൽ എന്താണ് സംഭവിച്ചത്?

ഇർകുട്സ്ക് ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് സംഭവത്തിന്റെ കേന്ദ്രം. സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന 28കാരിയായ ദാര്യ ഷിപിലോവയുടെ കയ്യിൽ നിന്നും ജീവനുള്ള ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് അബദ്ധത്തിൽ പൊട്ടിയതായാണ് റിപ്പോർട്ട്. പിന്നീട് ഇവരെ ഗുരുതര ന്യൂമോണിയയെ തുടർന്ന് സെപ്തംബർ 29ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിലാക്കിയെങ്കിലും രണ്ട് ദിവസത്തിന് ശേഷം ദാര്യ മരണത്തിന് കീഴടങ്ങി.

പ്ലേഗ് ബാക്ടീരിയയുമായി സമ്പർക്കമുണ്ടായിരിക്കാമെന്ന റിപ്പോർട്ടുകളാണ് ആശങ്കയ്ക്ക് കാരണമായത്. എന്നാൽ ഈ വാദം റഷ്യൻ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, യുവതിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 200ഓളം പേരെ നിരീക്ഷണത്തിലാക്കിയതായാണ് റിപ്പോർട്ട്. മേഖലയിൽ മൂന്ന് ആശുപത്രികളിലും ക്വാറന്റൈൻ നടപടികൾ സ്വീകരിച്ചതായും വിവരമുണ്ട്. എന്നാൽ സമ്പർക്കപ്പട്ടികയിലുള്ളവരിൽ ആർക്കും രോഗലക്ഷണങ്ങളുണ്ടായിട്ടില്ലെന്നും പരിശോധനാഫലങ്ങൾ നെഗറ്റീവാണെന്നും അധികൃതർ വ്യക്തമാക്കി.

അമേരിക്ക എന്തുകൊണ്ട് നിരീക്ഷിക്കുന്നു?

റഷ്യയിലെ സംഭവത്തിൽ അമേരിക്കയും അതീവ ശ്രദ്ധ പുലർത്തുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും റഷ്യയ്ക്ക് ആവശ്യമെങ്കിൽ സഹായം നൽകാൻ തയ്യാറാണെന്നും അറിയിച്ചു. റഷ്യൻ ലാബിനുള്ളിൽ രോഗബാധ പടർന്നിരിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. രോഗാണു ലാബിൽ നിന്ന് പുറത്തേക്ക് വ്യാപിച്ചാൽ വളരെ വേഗത്തിൽ പടരാനുള്ള സാദ്ധ്യതയുള്ളതിനാലാണ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.

ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടോ?

ഇന്ത്യയിൽ അവസാനമായി വലിയ പ്ലേഗ് വ്യാപനം ഉണ്ടായത് 1994ലാണ്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലും പിന്നീട് ഗുജറാത്തിലെ സൂറത്തിലുമാണ് അന്ന് രോഗബാധ റിപ്പോർട്ട് ചെയ്തത്. സൂറത്തിലെ സംഭവത്തിൽ ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ പ്രകാരം 876 കേസുകളും 54 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

പ്ലേഗ് പ്രധാനമായും മൂന്ന് തരത്തിലാണുള്ളത്. ബ്യൂബോണിക് പ്ലേഗ്, ന്യൂമോണിക് പ്ലേഗ്, സെപ്റ്റിസീമിക് പ്ലേഗ്. ഇതിൽ ന്യൂമോണിക് പ്ലേഗാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ശ്വാസകോശത്തിൽ നിന്നുള്ള രോഗാണുക്കൾ വഴി പകരാൻ സാദ്ധ്യതയുള്ളത്. യെർസീനിയ പെസ്റ്റിസ് എന്ന ബാക്ടീരിയയാണ് പ്ളേഗിന് കാരണമാകുന്നത്. സാധാരണയായി രോഗബാധിതമായ ചെള്ളുകൾ, രോഗബാധയേറ്റ മൃഗങ്ങൾ എന്നിവയിലൂടെയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്.

ന്യൂമോണിക് പ്ലേഗ് ഗുരുതരമാകാൻ സാദ്ധ്യതയുള്ള രോഗമാണ്. പനി, വിറയൽ, ക്ഷീണം, തലവേദന, ചുമ, ശ്വാസതടസം, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. എന്നാൽ മറ്റ് ശ്വാസകോശ രോഗങ്ങളിലും സമാന ലക്ഷണങ്ങൾ കാണുന്നതിനാൽ കൃത്യമായ രോഗനിർണയത്തിന് ലാബ് പരിശോധന അനിവാര്യമാണ്.

എന്നാൽ നിലവിൽ റഷ്യയിലുണ്ടായ സംഭവം അന്താരാഷ്ട്ര തലത്തിൽ രോഗവ്യാപനമായി മാറിയെന്നതിന് തെളിവുകളില്ല. മാത്രമല്ല, മരിച്ച ലാബ് ജീവനക്കാരിക്ക് ന്യൂമോണിക് പ്ലേഗ് ഉണ്ടായിരുന്നുവെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയെ ബാധിക്കുന്ന തരത്തിലുള്ള ആശങ്കകൾ നിലവിലില്ല. ഫലപ്രദമായ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് പ്ലേഗ് ഫലപ്രദമായി ചികിത്സിക്കാനാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

English Summary

A laboratory worker in Siberia died after developing severe pneumonia, raising concerns about a possible pneumonic plague outbreak in Russia. Authorities have not confirmed plague, attributing the death to pneumonia of unknown cause. Around 200 contacts are reportedly under observation. The United States is monitoring developments, while experts say there is currently no evidence of international spread or immediate risk to India.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RUSSIA PLAGUE, PNEUMONIC PLAGUE, INDIA PLAGUE RISK, YERSINIA PESTIS, PLAGUE SYMPTOMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360