SignIn
Kerala Kaumudi Online
Friday, 23 October 2026 8.02 AM IST

കാടിറങ്ങുന്ന കൊമ്പന്മാർ, കേരളകൗമുദി പരമ്പരയിൽ പ്രതികരണങ്ങൾ തുടരുന്നു...

ചാലക്കുടി: കാടിറങ്ങുന്ന കൊമ്പന്മാർ ജനവാസ മേഖലയിൽ വരുത്തുന്ന ദുരിതവും ഇതിന് ശാശ്വത പരിഹാരവുമായി സോളാർ ഫെൻസിംഗ് സ്ഥാപിക്കുമെന്ന അധികൃതരുടെ വിശദീകരണവും കേരള കൗമുദി ഫീച്ചറുകളിലൂടെ പുറത്തുവന്നതോടെ പ്രതികരണങ്ങളുമായി കൂടുതൽ പേർ രംഗത്ത്. ഫെൻസിംഗ് സംവിധാനം കുറ്റമറ്റതാക്കണമെന്നാണ് പ്രധാന ആവശ്യം. മുൻ അനുഭവങ്ങൾ നോക്കുമ്പോൾ പല സോളാർ വേലികളും പ്രവർത്തന രഹിതമാണെന്ന് പൊതു പ്രവർത്തകർ ആശങ്കപ്പെടുന്നു. വന്യമൃഗങ്ങളെ നിയന്തിക്കുന്നതിന് വനം വകുപ്പ് ബൃഹത്തായ പദ്ധതി ആവിഷ്‌ക്കരിക്കണമെന്ന ആവശ്യവും ഉയരുന്നു.

കഴിഞ്ഞ 50 വർഷം മുതൽ അതിരപ്പിള്ളിയുമായി ബന്ധമുണ്ട്. രണ്ട് വർഷമേ ആയിട്ടുള്ളു ആനശല്യം രൂക്ഷമായിട്ട്. പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ അതിരപ്പിള്ളിയിൽ നിന്നും ഞങ്ങൾ പാലായനം ചെയ്യേണ്ടിവരും. ആനവരുന്നത് തടയാൻ രാത്രികാലങ്ങളിൽ നിരവധി പേർ കാവലിരിക്കുകയാണ്.

എൻ.കെ.മുരളി,

വെറ്റിലപ്പാറയിലെ ചെറുകിട വ്യവസായി

വന്യ മൃഗങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം മനുഷ്യനെ ജീവിക്കാൻ അനുവദിക്കുകയും വേണം. ഇതിനുള്ള സംവിധാനവും നിയമ നിർമ്മാണവും അത്യന്താപേക്ഷിതമാണ്.
അഡ്വ. ബിജു ചിറയത്ത്,

നഗരസഭ വികസന സമിതി ചെയർമാൻ

ചാലക്കുടിയിലെ കിഴക്കൻ മലയോരങ്ങൾ ആനക്കലിയിൽ വിറങ്ങലിച്ച് നിൽക്കുന്നു. വീടും കൃഷിയിടവും ഉപേക്ഷിച്ച് നാട്ടുകാർ സ്ഥലം വിടുന്ന അവസ്ഥയും. വന്യമൃഗങ്ങളുടെ പെരുപ്പം തടയാൻ വിദേശ രാജ്യങ്ങളെ മാതൃകയാക്കി നിയമമുണ്ടാക്കണം.

യൂജിൻ മോറേലി,

ആർ.ജെ.ഡി സംസ്ഥാന ജന. സെക്രട്ടറി


കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ കൈകാര്യം ചെയ്യാൻ കർഷകന് അനുമതി നൽകണം. വക വരുത്തപ്പെടുന്ന ചെറിയ ജീവികളെ മനുഷ്യർക്ക് ഉപയോഗിക്കാൻ വിധം നിയമവും വേണം. ഇതിന്റെ വരുമാനം വനം വകുപ്പിന് ലഭിക്കുകയും ചെയ്യും. ആനയെ തുരത്താനും സംവിധാനം വേണം.

വി.ഒ.സേവ്യാർ,

കേരള കർഷക സംഘം,

ചാലക്കുടി ഏരിയാ കമ്മറ്റിയംഗം


സോളാർ ഫെൻസിംഗ് ശാശ്വത പരിഹാരമല്ല. കാലാന്തരത്തിൽ പദ്ധതി പ്രവർത്തനരഹിതമാകും. വനാതിർത്തിയിൽ വലിയ കിടങ്ങുകളും മുകളിൽ വൻ ഭീമുകളും തയ്യാറാക്കി നിർമ്മിക്കുന്ന വിദേശ രാജ്യങ്ങളിലെ പദ്ധതിയാണ് ആവശ്യം. ആവാസ വ്യവസ്ഥയിലെ മാറ്റങ്ങളെ തിരിച്ചറിഞ്ഞ് മലയോര കർഷകന് സമാധാന ജീവിതത്തിന് ഉതകുന്ന വന നിയമ ഭേദഗതിയും വേണം.
പോളി ഡേവിസ്,

കേരള കോൺഗ്രസ് (എം).

ചാലക്കുടി നിയോജക മണ്ഡലം പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL