തൃശൂർ: സ്ത്രീകളിലെ വളർന്നു വരുന്ന സ്തനാർബുദ, ഗർഭാശയ ക്യാൻസറുകൾ വർദ്ധിച്ച് വരുന്നു. ജില്ലയിൽ 30 വയസിന് മുകളിൽ പ്രായമായ ഒമ്പതര ലക്ഷത്തിലേറെ പേരെ പരിശോധിച്ചതിൽ 17,889 സ്ത്രീകളിൽ സ്തനാർഭുത, ഗർഭാശയ ക്യാൻസറിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. ഇവരെ കൂടുതൽ സ്‌ക്രീനിംഗിന് വിധേയമാക്കി മറ്റു നടപടികളേക്ക് കടക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ടി.പി.ശ്രീദേവി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്തനാർഭുത ക്യാൻസർ ലക്ഷണം 13761 പേരിലും ഗർഭാശയ ക്യാൻസർ ലക്ഷണം 4128 പേരിലും ലക്ഷണമുണ്ട്. പരമാവധി സ്ത്രീകളെ പരിശോധനയ്ക്ക് വിധേയമാക്കി സ്വയം പരിശോധനക്കും പരിപാലത്തിവനും വിധേയമാക്കുകയാണ് ലക്ഷ്യം. രോഗം സ്ഥിരീകരിക്കുന്നവർക്ക് മെഡിക്കൽ കോളേജുകൾ, ജില്ല, ജനറൽ ആശുപത്രികൾ, റീജ്യണൽ ക്യാൻസർ സെന്റർ, മലബാർ ക്യാൻസർ സെന്റർ എന്നിവിടങ്ങളിൽ ചികിത്സ ലഭ്യമാക്കും.
ക്യാമ്പയിന് ഇന്ന് തുടക്കം
സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന പ്രവർത്തനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് നടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്യും. ഇന്നു മുതൽ വനിതാ ദിനമായ മാർച്ച് എട്ട് വരെ സർക്കാരിന്റെ വിവിധ വകുപ്പുകൾ, സന്നദ്ധ, സ്വകാര്യ സംഘടനകൾ എന്നിവരെ കോർത്തിണക്കിയാണ് ക്യാമ്പയിന് തുടക്കം കുറിക്കുകയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡി.പി.എം ഡോ. പി.സജീവ് കുമാർ, പദ്ധതി നോഡൽ ഓഫീസർ ഡോ. വി.കെ.മിനി, ഡോ. എൻ.എ.ഷീജ, പി.എ.സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.
കാൻ പദ്ധതിയിലൂടെ കണ്ടെത്തിയത്
ജില്ല പഞ്ചായത്തിന്റെ കാൻ പദ്ധതിയിലൂടെ ജില്ലയിൽ നടത്തിയ സർവേകളിലൂടെ ക്യാൻസർ സ്ഥിരീകരിച്ചത് 528 പേരിൽ. ഇതിൽ എല്ലാ പ്രായത്തിലുള്ളവരും ഉൾപ്പെടും. ആദ്യഘട്ടത്തിൽ 188 പേർക്കും രണ്ടാം ഘട്ടത്തിൽ 198 പേർക്കും മൂന്നാം ഘട്ടത്തിൽ 142 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
മെഡിക്കൽ കോളേജിൽ ആധുനിക സൗകര്യങ്ങൾ
ആധുനിക സംവിധാനങ്ങൾ ഒരുക്കി ക്യാൻസർ വിഭാഗം ടെസ്റ്റും ചികിത്സകളും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് മിനി ആർ.സി.സിയാക്കി ഉയർത്തുക എന്നതാണ് ലക്ഷ്യം. നിലവിൽ എം.ആർ.ഐ, സി.ടി സ്‌കാൻ, ഓങ്കോ സർജറി എന്നിവ റേഡിയേഷൻ കീമോതെറാപ്പി ചികിത്സയ്ക്ക് പുറമേ ആരംഭിച്ചിരുന്നു. മാസത്തിൽ മുവ്വായിരത്തിലെറേ പേരാണ് ക്യാൻസർ വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നത്.
മുപ്പത് വയസു മുതൽ പ്രായമുള്ള സ്ത്രീകളെയാണ് പദ്ധതിയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. പലരും പരിശോധനകൾക്ക് പോലും തയ്യാറാകുന്നില്ല. ക്യാൻസറിനെ കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
-ടി.പി.ശ്രീദേവി,
ഡി.എം.ഒ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |