SignIn
Kerala Kaumudi Online
Friday, 23 October 2026 8.01 AM IST

"ലേറ്റായ" ശക്തൻ പ്രതിമ പ്രതിഷേധിച്ച് സമർപ്പിച്ചു

തൃശൂർ : ശക്തൻപ്രതിമ സമർപ്പണം വൈകിയതിൽ പ്രതിഷേധിച്ച്, പുനർനിർമ്മിച്ച പ്രതിമ കോൺഗ്രസ് കൗൺസിലർമാർ പ്രതീകാത്മക അനാച്ഛാദനം നടത്തിയപ്പോൾ യഥാർത്ഥ അനാച്ഛാദനം നടത്തി ബി.ജെ.പി കൗൺസിലർമാർ. പ്രതിമയുമായി ബന്ധപ്പെട്ട് ഇനി ചടങ്ങുകൾക്കില്ലെന്ന് തുറന്നടിച്ച് മേയർ എം.കെ.വർഗീസും രംഗത്തെത്തി.
കെ.എസ്.ആർ.ടി.സി ബസിടിച്ച് തകർന്ന പ്രതിമ പുനർനിർമ്മിച്ച് ഫെബ്രുവരി ഒന്നിന് അനാച്ഛാദനം ചെയ്യുമെന്നായിരുന്നു മേയർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം മാറ്റി. സി.പി.ഐ ചൊടിച്ചതാണ് അനാച്ഛാദനം നടത്താതെ പിൻവാങ്ങാൻ കാരണമെന്നാണ് വിവരം. കെ.എസ്.ആർ.ടി.സി ഫണ്ടിന് പുറമേ എം.എൽ.എ ഫണ്ടും ഇക്കാര്യത്തിൽ ചെലവഴിച്ചിരുന്നു. ഇവരെ അറിയിക്കാതെയാണ് ചടങ്ങ് നിശ്ചയിച്ചത്.

കോൺഗ്രസിന്റേത് പ്രതീകാത്മകം

കോൺഗ്രസ് കൗൺസിലർമാരുടെ പ്രതീകാത്മക അനാച്ഛാദനം പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ നിർവഹിച്ചു. സി.പി.ഐ മന്ത്രിയെയും, എം.എൽ.എയെയും കോൺഗ്രസ് കൗൺസിലർമാരെയും ഒഴിവാക്കി മേയർക്ക് സ്വന്തം നിലയിൽ ഉദ്ഘാടനം ചെയ്യാൻ സി.പി.എം നേതൃത്വവും, മേയറും നടത്തിയ ഗൂഢാലോചനയാണ് ഈ നിലയിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ കുറ്റപ്പെടുത്തി. ഉപനേതാവ് ഇ.വി.സുനിൽരാജ് അദ്ധ്യക്ഷത വഹിച്ചു. മുകേഷ് കുളപ്പറമ്പിൽ, സിന്ധു ആന്റോ ചാക്കോള, ജോൺ ഡാനിയൽ, ജയപ്രകാശ് പൂവത്തിങ്കൽ, ശ്യാമള മുരളീധരൻ പങ്കെടുത്തു.


അനാവരണം ചെയ്ത് ബി.ജെ.പി

ശക്തൻ പ്രതിമ പൊതിഞ്ഞുവച്ച തുണി അനാവരണം ചെയ്ത് ബി.ജെ.പി കൗൺസിലർമാർ. കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെയാണ് ബി.ജെ.പി കൗൺസിലർമാരും നേതാക്കളുമെത്തി പ്രതിമ അനാച്ഛാദനം നടത്തിയത്. പാർലമെന്ററി പാർട്ടി ലീഡർ വിനോദ് പൊള്ളാഞ്ചേരി, പൂർണിമ സുരേഷ്, എൻ.പ്രസാദ്, ഡോ.ആതിര, കെ.എം.നിജി, എൻ.വി.രാധിക, ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്ബ്, രഘുനാഥ് സി.മേനോൻ എന്നിവർ പങ്കെടുത്തു.

ശക്തൻ തമ്പുരാൻ പ്രതിമ നിർമ്മാണം തന്റെ അറിവോടെയല്ല നടന്നത്. എം.എൽ.എ ഫണ്ട് അനുവദിച്ചത് അറിയില്ല. അനാച്ഛാദനത്തിനില്ല.

എം.കെ.വർഗീസ്
മേയർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL