SignIn
Kerala Kaumudi Online
Friday, 23 October 2026 3.33 AM IST

മുന്നണികൾക്ക് പുതിയ നേതൃത്വം, ഇനി ലക്ഷ്യം തദ്ദേശം

abdhukk

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രം. ജില്ലയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത് പുതിയ നേതൃത്വത്തെ മുന്നിൽ നിർത്തി. കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തതോടെ പ്രധാന പാർട്ടികളായ സി.പി.എം, കോൺഗ്രസ്, ബി.ജെ.പി കക്ഷികൾക്ക് പുതിയ നേതൃത്വം. ബി.ജെ.പിയെ സംബന്ധിച്ച് സംഘടനാതലത്തിലെ ഘടന മാറ്റി മൂന്നു ജില്ലാ പ്രസിഡന്റുമാരെ നിയോഗിച്ചാണ് മുന്നോട്ടു പോകുന്നത്. സി.പി.ഐയിലും തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ സെക്രട്ടറി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.


സി.പി.എം
മുൻ എം.എൽ.എ, എൽ.ഡി.എഫ് കൺവീനർ, പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചാണ് കെ.വി.അബ്ദുൾ ഖാദർ ജില്ലാ നേതൃപദവിലെത്തിയിരിക്കുന്നത്. ഇനിയും കെട്ടടങ്ങാത്ത കരുവന്നൂർ വിഷയവും സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും കർശന നിലപാടുമായി മുന്നോട്ട് പോകുന്നതിനൊപ്പം സംസ്ഥാന സർക്കരിനെതിരെ ഉണ്ടായേക്കാവുന്ന ഭരണവിരുദ്ധ വികാരം കൂടി മറികടന്നുള്ള തന്ത്രം മെനയുകയാണ് പ്രധാന കടമ്പ.


കോൺഗ്രസ്
പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിലെ അനിശ്ചിത്വം മറികടന്നാണ് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കൂടിയായ അഡ്വ. ജോസഫ് ടാജറ്റിനെ ഡി.സി.സി അദ്ധ്യക്ഷനാക്കിയിരിക്കുന്നത്. പാർട്ടിക്കതീതമായി വ്യക്തിബന്ധം പുലർത്തുന്ന നേതാവ് എന്നത് തന്നെയാണ് ടാജറ്റിനെ വേറിട്ടു നിർത്തുന്നത്. ഗ്രൂപ്പുകൾക്കതീതമായി എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകാനുള്ള കഠിനശ്രമം തന്നെയാണ് ടാജിന് മുന്നിലുള്ള വെല്ലവിളി.


ബി.ജെ.പി

ഏറെ കാലമായി സംഘടനാ രംഗത്തുള്ള ജസ്റ്റിൻ ജേക്കബ്ബാണ് സിറ്റി ജില്ലാ പ്രസിഡന്റ്. ആദ്യമായി ഒരു ന്യുനപക്ഷ സമുദായത്തിൽ നിന്ന് ഒരാളെ ജില്ലാ പ്രസിഡന്റാക്കിയെന്നതാണ് ശ്രദ്ധേയം. നോർത്ത് ജില്ലാ പ്രസിഡന്റായി മുൻ മഹിളാ മോർച്ച ജില്ലാ പ്രസിഡന്റായ അഡ്വ. നിവേദിത സുബ്രഹ്മണ്യനും സൗത്ത് ജില്ലാ പ്രസിഡന്റായി മുൻ ജില്ലാ വൈസ് പ്രസിഡന്റ് എ.ആർ.ശ്രീകുമാറുമാണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെ വിജയം നിലനിർത്തുകയെന്നതാണ് വെല്ലുവിളി.


ആധിപത്യം ആര് നേടും..?

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 86 പഞ്ചായത്തുകളിൽ എൽ.ഡി.എഫ് 64, യു.ഡി.എഫ് 20, ബി.ജെ.പി 01 എന്നിങ്ങനെയാണ് പഞ്ചായത്ത് ഭരണം നേടിയത്. തിരുവില്വാമല പഞ്ചായത്തിൽ കോൺഗ്രസും ബി.ജെ.പിയും തുല്യനിലയിൽ വരികയും ആദ്യ നറുക്കെടുപ്പിൽ ബി.ജെ.പിക്ക് ഭരണം കിട്ടുകയും പിന്നീട് അവിശ്വാസത്തിലൂടെ പുറത്താക്കി യു.ഡി.എഫ് ഭരണം പിടിച്ചു.

16 ബ്ലോക്ക് പഞ്ചായത്തുകളിലും 7 നഗരസഭകളിലും രണ്ട് എണ്ണം വീതമാണ് യു.ഡി.എഫിന് ലഭിച്ചത്. ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫിനൊപ്പം ഉറച്ചു നിന്നപ്പോൾ കോർപറേഷൻ ഭരണം കഴിഞ്ഞ അഞ്ചു വർഷമായി കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച എം.കെ.വർഗീസിന്റെ പിന്തുണയോടെ എൽ.ഡി.എഫ് നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL