
ചാലക്കുടി: ആദ്യം മയക്കുവെടിവച്ച് ചികിത്സ, അടുത്തത് കോടനാട് ആനക്കൂട്ടിലെത്തിച്ചുള്ള സുരക്ഷിത പരിചരണം. കാലടി പ്ലാന്റേഷനിലെ മുറിവേറ്റ ആന വനം വകുപ്പിന്റെ വിലപ്പിടുപ്പുള്ള കൊമ്പനായി മാറും. ജനുവരി 24നായിരുന്നു ആനയെ മയക്കുവെടി വച്ച് ഫോറസ്റ്റ് വൈൽഡ് വെറ്ററിനറി ചീഫ് ഓഫീസർ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ആനയെ ചികിത്സിച്ചത്. മസ്തകത്തിലെ മുറിവ് വെടിയേറ്റ അടയാളമാണെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിലും ചാനലുകളിലും പ്രചരിച്ചപ്പോൾ വാഴച്ചാൽ വനം ഡിവിഷന്റെ പരിധിൽ ഇതാദ്യമായി വലിയൊരു പദ്ധതിക്ക് കളമൊരുക്കയല്ലാതെ ഉദ്യോഗസ്ഥർക്ക് മറ്റൊരു മാർഗമുണ്ടായില്ല. അറുപതോളം പേർ അണിനിരന്ന അഞ്ച് ദിവസം നീണ്ട ദൗത്യത്തിന് ചെലവായത് ലക്ഷങ്ങളും. അപ്പോഴാണ് വീണ്ടും മറ്റൊരു പുകില്. മസ്തകത്തിലെ ചികിത്സിച്ച ഭാഗത്ത് പുഴുവരിക്കുന്നത് കണ്ടു. വീണ്ടും മയക്കുവെടി നൽകി ആനയെ പിടികൂടണം. കുങ്കിയാനകളുടെ സഹായത്തോടെ കോടനാട് അഭയാരണ്യത്തിൽ എത്തിച്ച് വിദഗ്ദ്ധ ചികിത്സയും നൽകണം. ഇതിന് കൂടൊരുക്കുന്ന തത്രപ്പാടിലാണ് ഉദ്യോഗസ്ഥർ.
ആനക്കൂട് അറ്റകുറ്റപ്പണി അനിവാര്യം
അരിക്കൊമ്പനെ ചികിത്സിക്കുന്നതിന് രണ്ടു വർഷം മുമ്പ് തയ്യാറാക്കിയതാണ് ആനക്കൂട്. രണ്ടുവർഷം കൂട് വെറുതെ കിടന്നു. 7 മീറ്റർ ഉയരവും 10 മീറ്ററോളം നീളവും വീതിയും ഉള്ളതാണ് ആനക്കൂട്. തമ്പക മരം ഉപയോഗിച്ചാണ് ആനക്കൂടുകൾ നിർമ്മിക്കുക. പക്ഷേ തമ്പകത്തിന്റെ ക്ഷാമം മൂലം യൂക്കാലി മരങ്ങളാണ് ഉപയോഗിച്ചത്. ആണി അടക്കമുള്ള ലോഹങ്ങൾ ഉപയോഗിക്കില്ല. പൊഴികളിൽ പരസ്പരം മരങ്ങൾ ഘടിപ്പിക്കുകയാണ് രീതി. ആനകൾ കുത്തിയാലും ചവിട്ടിയാലും പൊളിയാത്ത ഉറപ്പാണ് തമ്പകം, യൂക്കാലി മരങ്ങൾക്ക്. ആനയ്ക്ക് തുമ്പിക്കൈ ഉയർത്താൻ കഴിയാത്ത വിധം ഷീറ്റ് കൊണ്ട് മേൽക്കൂരയും നിർമ്മിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |