
തൃശൂർ: ജില്ലയിൽ ആറാഴ്ച്ചയ്ക്കുള്ളിൽ ചിക്കൻപോക്‌സ് പിടിപെട്ടത് അഞ്ഞൂറോളം പേർക്ക്. ഒരു മരണവും റിപ്പോർട്ട് ചെയ്തു. ചൂട് വർദ്ധിച്ചതാണ് രോഗവ്യാപനത്തിന് കാരണമെന്ന് നിഗമനം. ജനുവരി ആദ്യവാരത്തിൽ 57 കേസുകളാണ് റിപ്പോർട്ട് ചെയ്‌തെങ്കിൽ കഴിഞ്ഞ വാരത്തിൽ 104 പേർക്കാണ്. ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും കോർപറേഷൻ പരിധിയിലും നിരവധി പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. വരന്തരപ്പിള്ളിയിലാണ് ഒരാൾ മരിച്ചത്. പനിയുള്ളവരും മറ്റും ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. പരീക്ഷകാലമായതിനാൽ കുട്ടികളും മറ്റും ജാഗ്രതപുലർത്തണമെന്നും രോഗമുള്ളവരുമായി ഇടപഴകരുതെന്നും മുന്നറിയിപ്പുണ്ട്.
ആറാഴ്ച്ചയ്ക്കുള്ളിലെ കണക്ക്
ആദ്യ ആഴ്ച്ച - 57
രണ്ടാം ആഴ്ച്ച - 55
മൂന്നാം ആഴ്ച്ച - 77
നാലാം ആഴ്ച്ച - 85
അഞ്ചാം ആഴ്ച്ച - 80
ആറാം ആഴ്ച്ച - 104
ആകെ - 458
മരണം - 01
എൻജീനിയറിംഗ് കോളേജ് അടച്ചു, ക്ലാസുകൾ ഓൺലൈനിൽ
ചിക്കൻപോക്‌സ് വ്യാപകമായതിനെ തുടർന്ന് രാമവർമ്മപുരം എൻജിനീയറിംഗ് കോളേജ് അടച്ചു. ക്ലാസുകൾ ഓൺലൈനാക്കിയതായി പ്രിൻസിപ്പൽ അറിയിച്ചു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി.
രോഗലക്ഷണം
ചിക്കൻപോക്‌സ് കുമിളകളിലെ സ്രവങ്ങളിൽ നിന്നും അണുബാധയുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും പകരാം. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് 10 മുതൽ 21 ദിവസം വരെയാണ് സമയമെടുക്കുക.
ശരീരത്തിൽ കുമിളകൾ പൊങ്ങുന്നതിന് രണ്ട് ദിവസം മുമ്പും കുമിളകൾ ഉണങ്ങി രണ്ടു ദിവസം വരെയും അണുബാധ പകരാനിടയുണ്ട്.
പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തിൽ കുമിളകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
മുഖം, ഉദരഭാഗം, നെഞ്ച്, കൈക്കാലുകൾ, എന്നിവിടങ്ങളിൽ തടിപ്പുകളായി തുടങ്ങി വെള്ളം കെട്ടിനിൽക്കുന്ന കുമിളകൾ വരും. നാലു മുതൽ ഏഴ് ദിവസത്തിനുള്ളിൽ അവ പൊട്ടുകയോ പൊറ്റയാവുകയോ ചെയ്യാം.
സ്വയം ചികിത്സ വേണ്ട
ഒരു വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, ദീർഘകാലമായി ശ്വാസംമുട്ട്, ത്വക്ക്‌രോഗങ്ങൾ ഉള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ ഉടൻ ചികിത്സ തേടണം.
രോഗബാധിതർക്ക് വായുസഞ്ചാരമുള്ള മുറിയിൽ പരിപൂർണ വിശ്രമം വേണം.
ധാരാളം വെള്ളം കുടിക്കണം.
പഴവർഗങ്ങൾ കഴിക്കാം.
മറ്റുള്ളവരുമായിനേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം.
രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റു വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടാതെ ബ്ലീച്ചിംഗ് ലായനി ഒഴിച്ച് വൃത്തിയാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |