SignIn
Kerala Kaumudi Online
Friday, 23 October 2026 1.38 PM IST

പട്ടാപ്പകൽ കൊള്ള,​ പിന്നിൽ സഹായികളോ..?​

fed

  • അന്വേഷണത്തിന് പ്രത്യേക സംഘം

ചാലക്കുടി: തിരക്കേറിയ പോട്ട ജംഗ്ഷൻ. സമയം ഉച്ചതിരിഞ്ഞ് 2.23. ഗ്രേ കളർ എൻടോർക്ക് സ്‌കൂട്ടർ ബാങ്കിന് മുന്നിൽ നിറുത്തുന്നു. കൃത്യം 2.26ന് മടങ്ങുമ്പോൾ ഫെഡറൽ ബാങ്കിലെ 15 ലക്ഷം രൂപയുമായാണ് സ്‌കൂട്ടർ ഉടമ മടങ്ങുന്നത്. അതിനിടയിൽ കൃത്യമായ ആസൂത്രണത്തോടെ പ്യൂണിനെ കത്തിമുനയിൽ നിറുത്തി, കാഷ് കൗണ്ടർ തല്ലിപ്പൊളിച്ച് 47 ലക്ഷത്തിൽ 15 ലക്ഷം തെരഞ്ഞെടുത്താണ് മോഷ്ടാവ് മടങ്ങുന്നത്. ബാങ്ക് ജീവനക്കാരുടെ ഉച്ചഭക്ഷണ സമയം തെരഞ്ഞെടുത്ത് ബാങ്കിലെ ഓരോ പ്രവർത്തനവും മുറികളും മനസിലാക്കി ശരിയായി ആസൂത്രണം ചെയ്താണ് കവർച്ചയെന്നാണ് പൊലീസിന്റെ നിഗമനം.

കൂടാതെ ഒരേയോരാളാണ് കവർച്ചയ്ക്കായി രംഗത്തിറങ്ങിയതും. മോഷ്ടാവിന് ഗൃഹപാഠം ചെയ്യാനും വിവരങ്ങൾ ശേഖരിക്കാനുമെല്ലാം സഹായികളുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. വീട് കവർച്ചയടക്കമുള്ള മോഷണം പെരുകുന്ന വേളയിൽ പട്ടാപ്പകൽ നടന്ന ബാങ്ക് കൊള്ള പൊലീസിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. അതുകൊണ്ട് പ്രതിയെ എത്രയും വേഗം വലയിലാക്കാനുള്ള തത്രപ്പാടിലാണ് പൊലീസ്. സംഭവം അറിഞ്ഞയുടനെ ചാലക്കുടി ഡിവൈ.എസ്.പി കെ.സുമേഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം കവർച്ചക്കാരൻ സഞ്ചരിച്ചിരുന്ന ഭാഗങ്ങളിലെ നിരീക്ഷണ കാമറകൾ പരിശോധിക്കുന്ന ദൗത്യത്തിലേയ്ക്ക് തിരിഞ്ഞു.

എറണാകുളം ജില്ലയിലേയ്ക്ക് കടന്നുവെന്നാണ് സൂചന. അധികം വൈകാതെ തൃശൂർ റൂറൽ എസ്.പിയും പിന്നീട് ഡി.ഐ.ജിയുമെത്തി. മറ്റ് വിഭാഗങ്ങളിലെ ഡിവൈ.എസ്.പിമാരും അധികം വൈകാതെ സ്ഥലത്തെത്തി. മോഷ്ടാവ് ആദ്യമായി ബാങ്കിലെത്തിയതല്ല എന്നാണ് ഉദ്യോഗസ്ഥർ അനുമാനിക്കുന്നത്. ഇവിടെ സെക്യൂരിറ്റി ജീവനക്കാരൻ ഇല്ലെന്നും ഉച്ചഭക്ഷണ സമയ്ത്ത് കവർച്ച അനുകൂല സാഹചര്യമാണെന്നും ഇയാൾക്ക് നേരത്തെ ബോദ്ധ്യപ്പെട്ടുവെന്നുമാണ് പൊലീസ് സംശയിക്കുന്നത്.

പ്രത്യേക അന്വേഷണ സംഘം

പോട്ടയിലെ ഫെഡറൽ ബാങ്കിൽ നിന്നും 15 ലക്ഷം രൂപയോളം കവർന്ന സംഭവത്തിന്റെ അന്വേഷണം ചാലക്കുടി ഡിവൈ.എസ്.പി കെ.സുമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്. ഡി.ഐ.ജി ഹരിശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് പ്രത്യേക സംഘം രൂപീകരിച്ചത്.

എ.ടി.എം കവർച്ചയ്ക്ക് പിന്നാലെ...

തൃശൂർ : എ.ടി.എം മോഷണങ്ങളും ബാങ്ക് മോഷണവുമെല്ലാമായി തൃശൂർ വൻകിട മോഷ്ടാക്കളുടെ വിഹാരകേന്ദ്രമാകുന്നു. സെപ്തംബറിൽ മൂന്ന് എ.ടി.എം തകർത്ത് 69.43 ലക്ഷം കവർന്നതിന് പിന്നാലെ, ചാലക്കുടി പോട്ടയിൽ പട്ടാപ്പകൽ ബാങ്ക് ജീവനക്കാരെ ബന്ദിയാക്കി 15 ലക്ഷം കവർന്നതുമെല്ലാം ഇത് അടിവരയിടുന്നു.

അന്ന് എ.ടി.എം കവർച്ചാ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടതിനെ തുടർന്ന് തമിഴ്‌നാട് നാമക്കലിൽ നിന്ന് പ്രതികളെ പിടികൂടാനായിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞദിവസം പേരാമംഗലത്ത് പള്ളിയുടെ ഗ്രോട്ടോയിൽ പ്രാർത്ഥിക്കവേ, കാറിൽ സൂക്ഷിച്ച ഏഴര ലക്ഷം രൂപയോളം കവർന്ന സംഭവമുണ്ടായിരുന്നു. തൃശൂരിലെ എ.എസ് ട്രേഡേഴ്‌സ് എന്ന ഹോൾസെയിൽ സ്റ്റേഷനറി സ്ഥാപനത്തിലെ ജീവനക്കാരൻ പേരാമംഗലം സ്വദേശി കടവി ജോർജിന്റെ പണമാണ് നഷ്ടമായത്. രാത്രി ഒമ്പതരയോടെ പേരാമംഗലം ടി.സി.ഗോൾഡ് എന്ന സ്ഥാപനത്തിന് മുൻപിൽ കാർ പാർക്ക് ചെയ്ത ശേഷം പേരാമംഗലം പള്ളിയുടെ മുൻപിലെ ഗ്രോട്ടോയിൽ പ്രാർത്ഥിച്ച് തിരിച്ചെത്തിയപ്പോൾ കാറിന്റെ പിറകിലെ ഇടതുവശത്തെ ഗ്ലാസ് തകർത്ത് പണവുമായി കടക്കുകയായിരുന്നു. കല്ലൂരിൽ വീട് കുത്തിത്തുറന്ന് പത്ത് പവൻ കവർന്നതും കഴിഞ്ഞദിവസമാണ്. ചൊവ്വാഴ്ച്ച കൊടകര പെരിങ്ങാംകുളത്ത് കൈപ്പിള്ളി രാധകൃഷ്ണന്റെ പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 53 പവൻ സ്വർണാഭരണം കവർന്നിരുന്നു. സ്വർണവ്യാപാര മേഖലയായതിനാൽ അതുമായി ബന്ധപ്പെട്ടും കവർച്ച തൃശൂരിൽ നിത്യസംഭവമാണ്.


എ.ടി.എമ്മിലെ പണം ഇനിയും ലഭിച്ചില്ല

എ.ടി.എമ്മുകളിൽ നിന്ന് 69.43 ലക്ഷം കവർന്ന സംഭവത്തിൽ പിടിച്ചെടുത്ത പണം ബാങ്ക് അധികൃതർക്ക് ഇനിയും ലഭിച്ചില്ല. സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും പണം ലഭിക്കാനുള്ള നൂലാമാലകൾ തുടരുകയാണ്. കേസുകൾ രണ്ട് സംസ്ഥാനങ്ങളിലായതിനാലുള്ള കാലതാമസവും വിനയാകുന്നുണ്ട്. കവർച്ചാസംഘത്തെ പിടികൂടിയതും പണം പിടിച്ചെടുത്തതും തമിഴ്‌നാട് പൊലീസാണ്. കോടതി നടപടികൾ എല്ലാം നടക്കുന്നത് അവിടെയാണ്. കവർച്ചാകേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് തൃശൂരിലെ മൂന്ന് സ്റ്റേഷനിലായാണ്. പണം തിരികെ ലഭിക്കുന്നതിന്റെ ഭാഗമായി കോടതി മാറ്റത്തിന് തമിഴ്‌നാട് കോടതിയിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ് ബാങ്ക് അധികൃതരും പൊലീസും. ഇതുവരെ അപേക്ഷ കോടതി പരിഗണനയ്‌ക്കെടുത്തിട്ടില്ല. എസ്.ബി.ഐയുടെ മാപ്രാണം, തൃശൂർ ഷൊർണൂർ റോഡ്, കോലഴി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിൽ നിന്ന് മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് കൊള്ള നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL