
ചാലക്കുടി: ഉത്സവത്തിന് പോകൽ, ടൗണിലെത്തി സാധനം വാങ്ങൽ, തറവാട് വീട് സന്ദർശനം... ബാങ്ക് കൊള്ളയ്ക്ക് ശേഷവും റിജോ ആന്റണിയുടെ രണ്ട് ദിവസത്തെ പ്രവൃത്തി സാധാരണപോലെയായിരുന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു കവർച്ച. സ്‌കൂട്ടറിൽ വീട്ടിലെത്തിയ ഇയാൾ വൈകീട്ട് പതിവ് പോലെ പോട്ട ജംഗ്ഷനിലെത്തി, കടയിൽ നിന്ന് സാധനം വാങ്ങി. വീട്ടിലുള്ള രണ്ട് രാത്രിയും മൊബൈൽ ഫോണിൽ ബാങ്ക് കവർച്ചയെപ്പറ്റിയുള്ള ചാനൽ വാർത്തകൾ കണ്ടു. ശനിയാഴ്ച അന്നനാട് വേലുപ്പിള്ളി ക്ഷേത്രത്തിലെ ഉത്സവത്തിന് പോയി. ഈ യാത്രയിലാണ് സുഹൃത്ത് ബിനീഷിന്റെ പക്കൽ നിന്ന് വാങ്ങിയ പണം തിരികെ കൊടുത്തത്.
അന്നുതന്നെ മേലൂരിലെ തറവാട് വീട്ടിലുമെത്തി. ഈ സമയങ്ങളിലൊന്നും ഒരു ഭാവഭേദവുമുണ്ടായില്ലെന്ന് പൊലീസ് പറയുന്നു. ഇതിനിടെ അതി സമർത്ഥമായി തെളിവ് നശിപ്പിക്കലും നടത്തി. കവർച്ചയ്‌ക്കെത്തിയപ്പോൾ ധരിച്ച ബനിയൻ, ഓവർകോട്ട്, ഗ്ലൗസ് എന്നിവ വീടിന്റെ പിൻഭാഗത്തിട്ട് കത്തിച്ചു. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച കത്തിയും ഇയാൾ വച്ചിരുന്ന ഹെൽമറ്റ്, സഞ്ചരിച്ച സ്‌കൂട്ടർ എന്നിവ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
തറവാട്ടിൽ നിന്നിറങ്ങി
മേലൂരിൽ വലിയ സാമ്പത്തിക ഭദ്രതയുള്ള വീടാണ് റിജോ ആന്റണിയുടേത്. വർഷങ്ങളോളം ഭാര്യയും ഒന്നിച്ച് ഗൾഫിൽ ജോലി ചെയ്തിട്ടും കാര്യമായ സാമ്പത്തിക നേട്ടമുണ്ടാക്കിയില്ല. പണമെല്ലാം ഏതെല്ലാമോ വഴിയിലൂടെ ചോർന്നു. ആഢംബര ജീവിതത്തിന് ഒട്ടും കുറവുണ്ടായില്ല. ഇതേ ചൊല്ലി വിദേശത്തുള്ള ജ്യേഷ്ഠനുമായി അനിഷ്ടത്തിലായി. ഈ കലഹമാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിച്ചത്. പിന്നീട് പോട്ടയിൽ മറ്റൊരു വീട് വാങ്ങാനും ഇടയാക്കി. 75 ലക്ഷം രൂപ വീട് വാങ്ങലിന് ചെലവായി.
നാട്ടുകാരുടെ ചങ്ങാതി
തറവാട് വീടിന്റെ പരിസരത്തെ ആളായിരുന്നില്ല, പോട്ടയിലെ റിജോ. നാട്ടുകാരുടെ ഉറ്റ ചങ്ങാതിയും ആഘോഷങ്ങളിലെ സജീവ സാന്നിദ്ധ്യവുമായി. പോട്ട പള്ളിയിലെ അമ്പ് തിരുനാളിന് മുൻനിരയിൽ നിന്ന് യുവാക്കളുമൊത്ത് ബാൻഡ് മേളത്തിനിടെ നൃത്തം ചെയ്യുന്നത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി.
അറസ്റ്റ് ദിവസവും സന്തോഷവാൻ
പൊലീസ് പിടികൂടിയ ഞായറാഴ്ചയും ഇയാൾ വീട്ടിൽ സന്തോഷവനായി കാണപ്പെട്ടു. വീട്ടിൽ നടന്ന കുടുംബ സമ്മേളനത്തിലും ഉഷാറായിരുന്നു. എത്തിച്ചേർന്ന അയൽക്കാരെ പതിവുപോലെ സ്വീകരിച്ചു. പിന്നീട് മക്കളെ തൊട്ടടുത്ത വീട്ടിൽ ട്യൂഷനും പറഞ്ഞയച്ചു. ഒരിക്കലും പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസമായിരുന്നു പ്രതിക്കെന്ന് പൊലീസ് പറയുന്നു.
തെളിവെടുപ്പിൽ 12 ലക്ഷം കണ്ടെത്തി
ചാലക്കുടി: പോട്ടോ ബാങ്ക് കവർച്ചാകേസിലെ പ്രതി റിജോ ആന്റണിയുടെ പോട്ട ആശാരിപ്പാറയിലുള്ള വീട്ടിലെത്തി ആദ്യം തെളിവെടുത്തു. ഒളിപ്പിച്ചുവച്ച 12 ലക്ഷം കണ്ടെടുത്തു. തുടർന്ന് ബിനീഷ് എന്ന സുഹൃത്തിന് നൽകിയ 2.90 ലക്ഷം തേടി പതിനൊന്നോടെ കാടുകുറ്റി അന്നനാടെത്തി. ബാങ്കിൽ നിന്നും അപഹരിച്ച പണത്തിൽ നിന്നാണ് ഈ കടം തീർത്തത്. തുടർന്ന് പ്രതിയെ ബാങ്കിലെത്തിച്ചു. ജീവനക്കാരെ കത്തി കാട്ടി ഭയപ്പെടുത്തിയതും കൗണ്ടറിലെ ഗ്ളാസുകൾ തല്ലിത്തകർത്തതും പ്രതി വിവരിച്ചു. തെളിവെടുപ്പ് പൂർത്തിയായതോടെ പ്രതിയെ വീണ്ടും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ബാങ്കിൽ തെളിവെടുപ്പിനെത്തിച്ച പ്രതിയെ കാണാൻ ജനം തടിച്ചുകൂടി. ഏറെ ശ്രമിച്ചാണ് 20 മിനിറ്റ് നീണ്ട തെളിവെടുപ്പ് പൂർത്തിയാക്കിയത്. ഭാര്യയുമായി കുവൈറ്റിലായിരുന്ന റിജോ ആന്റണി, മൂന്ന് വർഷം മുമ്പാണ് ജോലി മതിയാക്കി നാട്ടിലെത്തിയത്. ചാലക്കുടി ഡിവൈ.എസ്.പി കെ.സുമേഷ്, എസ്.എച്ച്.ഒ. എം.കെ.സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |