തൃശൂർ: ജനാധിപത്യ രീതിയിലാണ് കോൺഗ്രസിൽ തിരഞ്ഞെടുപ്പെന്ന് ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്. അവിടെ ഒരു ജനാധിപത്യവുമില്ലെന്ന് സി.പി.എം സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ. തങ്ങളുടെ പാർട്ടിയിൽ താഴെത്തട്ടു മുതൽ തെരഞ്ഞെടുപ്പിലൂടെയാണ് നേതൃത്വസ്ഥാനത്തെത്തുന്നത്. എട്ട് മാസം എല്ലാ നേതാക്കളുമായും ചർച്ച ചെയ്തശേഷമാണ് തന്നെ നിയമിച്ചതെന്നുമായി ഖാദർ. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരുന്നപ്പോഴുള്ള നടപടികളൊന്നും ഓർമിപ്പിക്കേണ്ടെന്നും പറഞ്ഞ് ടാജറ്റ് തിരിച്ചടിച്ചു. എം.പിയെ കാണാനില്ലെന്നായി പിന്നീടുള്ള ആരോപണം. എം.പി ഇവിടെ ഉണ്ടോ എന്നതല്ല, കാര്യങ്ങൾ നടക്കുന്നുണ്ടോയെന്നാണ് നോക്കേണ്ടതെന്ന് ബി.ജെ.പി സിറ്റി പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് പറഞ്ഞു. അധികം പറഞ്ഞ് സുരേഷ് ഗോപിയെ സ്ഥിരം തൃശൂരിൽ വരുത്തേണ്ടായെന്ന് ജോസഫ് ടാജറ്റ് പറഞ്ഞത് എല്ലാവരിലും ചിരിയുണർത്തി. പുതുതായി നേതൃസ്ഥാനമേറ്റെടുത്ത കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾഖാദർ, ബി.ജെ.പി സിറ്റി പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് എന്നിവരെ പങ്കെടുപ്പിച്ച് പ്രസ്‌ക്ലബ് നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയിലാണ് മൂന്നു പേരും അഭിപ്രായങ്ങളും കാഴ്ചപ്പാടും വ്യക്തമാക്കിയത്.
തിരികെ കൊണ്ടുവരും: ജോസഫ് ടാജറ്റ്
പാർട്ടിക്കകത്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും കോൺഗ്രസിനെ ജില്ലയിൽ തിരികെ കൊണ്ടുവരുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്. അടുത്ത പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ സജീവമാക്കി അധികാരത്തിലെത്തിക്കും. പാർട്ടിയിൽ ഇപ്പോൾ പഴയ പോലുള്ള ഗ്രൂപ്പില്ല. തോൽവി സംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ട് എന്താണന്ന് അറിയില്ല. സി.പി.എമ്മിൽ പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരുന്ന കാലത്തും ഇപ്പോഴുമൊക്കെ എന്ത് ജനാധിപത്യമാണ് നടക്കുന്നതെന്ന് എല്ലാവർക്കും അറിയാം.
പാഠം ഉൾക്കൊള്ളും: കെ.വി.അബ്ദുൾ ഖാദർ
തൃശൂരിലെ തോൽവി സംബന്ധിച്ച് ജില്ലാ സമ്മേളനത്തിൽ വിമർശനം ഉണ്ടായെന്നും അതിന്റെ പോരായ്മകൾ പഠിച്ച് പാർട്ടി തിരിച്ചുവരുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ. ലോക്‌സഭാ പരാജയത്തിൽ സി.പി.എമ്മിനെതിരെ സി.പി.ഐ ആരോപണം ഉന്നയിച്ചിട്ടില്ല. തൃശൂർ മേയറുടെ വിഷയവുമായി ബന്ധപ്പെട്ട് സി.പി.ഐയുമായുണ്ടായ വിഷയങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കും. കരുവന്നൂർ വിഷയത്തിൽ ഇ.ഡി, സി.പി.എം നേതാക്കളെ പരമാവധി ദ്രോഹിച്ചിട്ടും ഒന്നുമുണ്ടായില്ല. കരുവന്നൂർ ബാങ്ക് മുൻ പ്രതാപത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും അബ്ദുൾ ഖാദർ പറഞ്ഞു.
സുരേഷ് ഗോപി പറഞ്ഞതെല്ലാം നടപ്പാക്കും: ജസ്റ്റിൻ ജേക്കബ്
സുരേഷ് ഗോപി പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുമെന്ന് ബി.ജെ.പി സിറ്റി പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്. ബി.ജെ.പി ഓഫീസിൽ പണച്ചാക്കുകൾ കൊണ്ടുവന്നുവെന്ന തിരൂർ സതീഷിന്റെ വാക്ക് വിശ്വസിക്കാനാകില്ല. അയാളെ ക്രമക്കേടിന് പാർട്ടി പുറത്താക്കിയതാണ്. വെടിക്കെട്ടുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ട് തൃശൂർ പൂരം സുഗമമായി നടത്തും. തൃശൂർ റെയിൽവേ സ്റ്റേഷന്റെ വികസനം സംബന്ധിച്ച് എം.പിയാകും മുമ്പേ സുരേഷ് ഗോപി ഇടപെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |