SignIn
Kerala Kaumudi Online
Friday, 23 October 2026 2.14 PM IST

തൃശൂർ മികച്ച കളക്ടറേറ്റ്: കൂട്ടായ്മയുടെ അംഗീകാരം: കളക്ടർ

collector
മികച്ച കളക്ടറേറ്റായി തെരഞ്ഞെടുക്കപ്പെട്ട സന്തോഷം പങ്കുവയ്ക്കാൻ കളക്ടർ അർജുൻ പാണ്ഡ്യൻ ജീവനക്കാർക്ക് ലഡു വിതരണം ചെയ്യുന്നു

തൃശൂർ: റവന്യൂ അവാർഡുകളുടെ പ്രഖ്യാപനത്തിൽ തൃശൂർ ജില്ല മികച്ച കളക്ടറേറ്റ് ആയി തെരഞ്ഞെടുത്തത് അഭിമാനകരമാണെന്ന് കളക്ടർ അർജുൻ പാണ്ഡ്യൻ. ജീവനക്കാരുടെ കൂട്ടായ പ്രവർത്തനത്തിനുള്ള അംഗീകാരമാണിത്. വിവിധ റവന്യൂ, ജില്ലാ ഭരണ നിർവഹണ സൂചികകളിലെ മികച്ച പ്രവർത്തനങ്ങളാണ് ജില്ലയ്ക്ക് അംഗീകാരം നേടിത്തന്നത്. വില്ലേജ് ഓഫീസുകളെ ആധുനിക നിലവാരത്തിൽ ഉയർത്തുന്നത് മുതൽ ജില്ലയുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ, പരിഹരിക്കാതെ കിടന്ന വിഷയങ്ങൾ തീർപ്പാക്കിയത് എന്നിവ ഉൾപ്പെടെയാണ് മാതൃകാപരമായ നേട്ടം കൈവരിക്കാൻ കാരണം. കളക്ടറേറ്റിൽ പൊതു ജനങ്ങൾക്ക് കളക്ടറെ കാണുന്നതിനും സേവനങ്ങൾ വേഗത്തിലാക്കുന്നതിനുമായി പൊതുജന പരാതി പരിഹാര സെൽ ആധുനിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി പ്രവർത്തനം കാര്യക്ഷമമാക്കിയിരുന്നു. ജില്ലയിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 8.68 ഏക്കർ ഭൂമി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പൊതുജന പങ്കാളിത്തത്തോടെ ദുരിതാശ്വാസനിധിയിലേക്ക് 2.11 കോടി രൂപ നൽകി. ജില്ലയിലെ 6718 നിർധന രോഗികൾക്കും അവശ ജനവിഭാഗങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 15.9 കോടി രൂപ ധനസഹായവും ഉറപ്പാക്കി. അളവിൽ കൂടുതൽ കൈവശം വച്ചിരുന്ന മിച്ചഭൂമി കണ്ടെത്തുന്ന പ്രവർത്തനം ജില്ലയിൽ കാര്യക്ഷമമായി നടപ്പാക്കി. മേച്ചിൽപുറങ്ങൾ ജില്ലാതലത്തിൽത്തന്നെ ഡീവെസ്റ്റ് ചെയ്യാനുള്ള ഉത്തരവ് ആദ്യം നടപ്പിലാക്കിയ ജില്ലയാണ് തൃശൂർ. വിവിധങ്ങളായ പദ്ധതി നിർവഹണങ്ങളിലെല്ലാം 100 ശതമാനം നേട്ടം ഉറപ്പാക്കിയാണ് അർഹതയ്ക്കുള്ള അംഗീകാരമായി റവന്യൂ അവാർഡ് തൃശൂർ ജില്ലയ്ക്ക് ലഭിച്ചിരിക്കുന്നതെന്ന് കളക്ടർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL