തൃശൂർ: നിരവധി പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ശേഷം ശക്തൻ സ്റ്റാൻഡിന്റെ തെക്കുഭാഗം ഗതാഗതത്തിനായി തുറന്നു. 2.5 കോടി ചെലവഴിച്ച് നിർമ്മിച്ച ശക്തൻ സ്റ്റാൻഡിന്റെ ഒരു വശം മന്ത്രി കെ. രാജൻ ഇന്നലെ വൈകിട്ടാണ് തുറന്നത്. നാലുമാസങ്ങൾക്ക് മുൻപ് നവംബറിലാണ് പാലക്കാട്, ഗോവിന്ദാപുരം, പീച്ചി, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട ഭാഗങ്ങളിലേക്കുള്ള ബസുകൾ നിറുത്തിയിടുന്ന ഭാഗം നിർമ്മാണത്തിനായി പൊളിച്ചത്. സ്റ്റാൻഡിന്റെ തെക്കുവശത്തെ ശോചനീയാവസ്ഥ രൂക്ഷമായതോടെയാണ് വടക്കുവശം നവീകരിച്ചപോലെ തെക്കുവശവും കോൺക്രീറ്റ് ചെയ്യണമെന്ന ആവശ്യമുയർന്നത്. ഈ ഭാഗത്തെ ചെളിക്കുഴിയിൽ വീണ് നിരവധി യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. എന്നാൽ നിർമ്മാണം പൂർത്തിയായശേഷം വിദ്യാർത്ഥി കൗൺസിൽ ഉൾപ്പെടെയുള്ള പരിപാടികൾ നടന്നത് വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. ബസ് ജീവനക്കാരും യാത്രക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സ്റ്റാൻഡ് തുറന്നുകൊടുത്തത്. എന്നാൽ കെട്ടിടങ്ങളുടെ പെയിന്റിംഗും വൈദ്യുതീകരണവും കഴിയാത്തതാണ് സ്റ്റാൻഡ് തുറന്നുകൊടുക്കാൻ വൈകിയതെന്നാണ് അധികൃതരുടെ വിശദീകരണം. 20 ലക്ഷം രൂപ ചെലവിൽ ഒന്നാംഘട്ട വൈദ്യുതീകരണം പൂർത്തികരിക്കുകയും 30 ലക്ഷം രൂപയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പൂർത്തികരണത്തിലുമാണ്. ഇതോടൊപ്പം കുറ്റുമുക്ക് നെട്ടിശ്ശേരി റോഡ് 2 കോടി രൂപ ചെലവിൽ ബി.എം.ബി.സി. ചെയ്യുന്ന പ്രവൃത്തിയും പൂർത്തിയായി. ബി.എം.ബി.സി. റോഡിന്റെ ഉദ്ഘാടനവും മന്ത്രി അഡ്വ.കെ. രാജൻ നിർവഹിച്ചു.
ഇന്നലെ വൈകിട്ട് നടന്ന ഉദ്ഘാടന ചടങ്ങിൽ മേയർ എം.കെ വർഗീസ് അദ്ധ്യക്ഷനായി.
ചടങ്ങിൽ പി. ബാലചന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ എം.എൽ റോസി, വർഗ്ഗിസ് കണ്ടംകുളത്തി, കരോളിൻ പെരിഞ്ചേരി, ജയപ്രകാശ് പൂവ്വത്തിങ്കൽ,സിന്ദു അന്റോ ചാക്കോള ,പൂർണിമ സുരേഷ് , സുബി സുകുമാർ ,ബീന മുരളി എന്നിവർ സംസാരിച്ചു.
തർക്കത്തിൽ ഇഴഞ്ഞ് നിർമ്മാണം
ശക്തൻ നഗർ വികസനവുമായി ബന്ധപ്പെട്ട് 2002 മുതൽ എനാർക്ക് കൺസ്ട്രക്ഷനുമായുള്ള തർക്കമാണ് ആധുനികരീതിയിലുള്ള ശക്തൻ സ്റ്റാൻഡ് നവീകരണം വൈകാൻ കാരണം. 1987ൽ ആണ് ശക്തൻ സ്റ്റാൻഡ് നിർമ്മിച്ചത്. ശക്തൻ സ്റ്റാൻഡിന്റെ വടക്കുവശത്ത് ഗുരുവായൂർ, ചാവക്കാട്, കോഴിക്കോട്, കുന്നംകുളം ഭാഗത്തേക്കുള്ള ബസുകളാണ് നിറുത്തുന്നത്. ഇപ്പോൾ പണി പൂർത്തിയാക്കിയ തെക്കുവശത്ത് പാലക്കാട്, ഗോവിന്ദാപുരം, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട ഭാഗത്തേക്കുള്ള ബസുകളാണ് നിറുത്തുന്നത്. തെക്കുവശത്തെ നിർമ്മാണം പൂർത്തീകരിച്ച് തുറന്നുകൊടുക്കാത്തതിനാൽ പാലക്കാട്, ഗോവിന്ദാപുരം ഭാഗത്തേക്കുള്ള ബസുകൾ തെക്കുഭാഗത്തെ പട്ടാളം റോഡിന് സമീപത്തുനിന്നാണ് യാത്രക്കാരെ കയറ്റിയിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |