SignIn
Kerala Kaumudi Online
Friday, 23 October 2026 8.27 AM IST

തദ്ദേശത്തിൽ എൽ.ഡി.എഫിനെ പൂട്ടാൻ തന്ത്രങ്ങളുമായി യു.ഡി.എഫ്

  • കളം പിടിക്കാൻ എൻ.ഡി.എയും

തൃശൂർ: തുടർച്ചയായി രണ്ടാമതും ഭരണത്തിലേറിയ എൽ.ഡി.എഫിനെ തദ്ദേശത്തിൽ വെട്ടാൻ പ്രചാരണതന്ത്രങ്ങളുമായി യു.ഡി.എഫും ബി.ജെ.പിയും. തദ്ദേശ സ്ഥാപനങ്ങളിലെ മേൽക്കൈ നിലനിറുത്താൻ മറുതന്ത്രങ്ങളുമായി എൽ.ഡി.എഫും. സമരങ്ങളും പ്രചാരണ പരിപാടികളും സേവന പ്രവർത്തനങ്ങളുമായി നേതാക്കളും രംഗത്തുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അവസാന ബഡ്ജറ്റാണ് അടുത്ത മാസം നടക്കുക. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് പ്രശ്‌ന സ്ഥലങ്ങളിലേക്ക് കൂടുതൽ പരിഗണന നൽകിയാകും ബഡ്ജറ്റ് അവതരണം. റോഡുകളുടെ ശോച്യാവസ്ഥയും തെരുവു വിളക്കും കുടിവെള്ളവുമാണ് പ്രധാനമായും വാർഡ് തലങ്ങളിൽ ഉയർന്നുവരിക.

ജലജീവൻ മിഷൻ പദ്ധതിക്കായി ജില്ലയിലെ ഭൂരിഭാഗം റോഡും പൊളിച്ചതിൽ ചെറിയ ശതമാനം മാത്രമാണ് റീ ടാറിംഗ് ചെയ്തത്. സി.പി.എം, സി.പി.ഐ, കോൺഗ്രസ്, ബി.ജെ.പി, മുസ്ലീം ലീഗ് തുടങ്ങി പ്രധാന കക്ഷികൾക്ക് പുറമേ ചെറുപാർട്ടികളും അണിയറ ഒരുക്കമാരംഭിച്ചിട്ടുണ്ട്. സി.പി.ഐയുടെ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നതിലാൽ കൂടുതൽ ശ്രദ്ധ അതിനാണെങ്കിലും ബ്രാഞ്ച് സമ്മേളനങ്ങളിൽ വാർഡ് തല പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടക്കുന്നുണ്ട്. ബി.ഡി.ജെ.എസും പ്രചാരണം സജീവമാക്കി രംഗത്തുണ്ട്.

സി.പി.എം

കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ ഏരിയതലത്തിൽ നടന്നുവരുന്ന കാൽനട ജാഥ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വച്ചുള്ളതാണ്. ആയിരങ്ങൾ പങ്കെടുക്കുന്ന ജില്ലാതല മാർച്ചും ധർണയുമാണ് ജാഥയുടെ സമാപനത്തിനായി നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ ശക്തമായ മുന്നേറ്റം ഇത്തവണയും നിലനിറുത്തുകയെന്നത് ശ്രമകരമാണ്. അതുകൊണ്ട് വരുംനാളിൽ വാർഡ് തലങ്ങളിൽ ശക്തമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകാനാണ് പാർട്ടി തീരുമാനം.


കോൺഗ്രസ്

സംസ്ഥാനത്തെ പ്രധാന വിഷയങ്ങൾക്കെതിരെയുള്ള സമരപരിപാടികൾക്ക് പുറമേ പ്രാദേശിക വിഷയങ്ങളും എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾക്കെതിരെയും സമര പരിപാടികളുമായി മുന്നോട്ട് പോകാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. പ്രക്ഷോഭങ്ങൾക്ക് പുറമേ യു.ഡി.എഫിന്റെ നേതൃത്വത്തിൽ സമരപരിപാടികൾ ആവിഷ്‌കരിക്കാനുള്ള ശ്രമവും അണിയറയിലുണ്ട്.


ബി.ജെ.പി

കേന്ദ്രബഡ്ജറ്റ് ഉയർത്തിയുള്ള പ്രചാരണങ്ങൾക്കൊപ്പം സംസ്ഥാന സർക്കാരിനെതിരെയും പ്രാദേശിക ഭരണകൂടങ്ങൾക്കെതിരെയും സമരപരിപാടികളുമായി ബി.ജെ.പി രംഗത്തുണ്ട്. കോർപ്പറേഷന്റെ അഴിമതി ഭരണത്തിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ ബി.ജെ.പി കഴിഞ്ഞദിവസം ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു.

ചെറു കക്ഷികളും സജീവം


മുസ്ലീം ലീഗ്, ആർ.ജെ.ഡി, ജനതാദൾ (എസ്), എൻ.സി.പി തുടങ്ങിയ കക്ഷികളും തങ്ങൾക്ക് ലഭിക്കാൻ സാദ്ധ്യതയുള്ള വാർഡും ഡിവിഷനും കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മുസ്ലീം ലീഗ് പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നൊരുക്കം എന്ന നിലയിൽ 'ഒരുക്കം' എന്ന പേരിൽ നിയോജക മണ്ഡലം പ്രവർത്തനം പൂർത്തിയാക്കി. ഉടനെ പഞ്ചായത്തുതല പ്രവർത്തനവും ആരംഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL