തൃശൂർ : വേതന വർദ്ധനവ് ആവശ്യപ്പെട്ട് ആശ വർക്കർമാർ ആരംഭിച്ച സമരം രണ്ടാഴ്ച്ച പിന്നിട്ടതോടെ ഇവരുടെ നേതൃത്വത്തിലുള്ള വാർഡുതല ആരോഗ്യ പ്രവർത്തനം പ്രതിസന്ധിയിൽ. പലതരം പകർച്ച വ്യാധികൾ നിലനിൽക്കേ ഇതെല്ലാം എവിടെല്ലാമെന്ന് കണ്ടെത്തി റിപ്പോർട്ട് ചെയ്യേണ്ടത് ആശാ വർക്കർമാരാണ്. ഇതെല്ലാം തകിടം മറഞ്ഞു. ചിക്കൻ പോക്‌സ് ഉൾപ്പെടെ വ്യാപകമായുണ്ട്. ഒരു വിഭാഗമാണ് ഇപ്പോൾ പണിമുടക്കിലുള്ളത്. ആശ വർക്കർ കോൺഗ്രസ് ജോലി ചെയ്താണ് സമരത്തിനുള്ളത്. അടുത്തഘട്ടത്തിൽ പണിമുടക്ക് സമരവുമായി മുന്നോട്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് ആശ കോൺഗ്രസ്.
ആശ വർക്കർമാരോടുള്ള സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ, കേരള പ്രദേശ് ആശാ വർക്കേഴ്‌സ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പിച്ച തെണ്ടൽ സമരം നടത്തി. സമരം ഐ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡന്റ് കെ.എൻ.നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ല അദ്ധ്യക്ഷ ശകുന്തള സജീവ്, വിദ്യാ രമേഷ്, വിജിനി ഗോപി എന്നിവർ നേതൃത്വം നൽകി.
പിന്തുണയുമായി കേരള മഹിളാ സംഘം
ന്യായമായ ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന പാവപ്പെട്ട ആശാ വർക്കർമാരുടെ പ്രശ്‌നങ്ങൾക്ക് യുദ്ധകാല അടിസ്ഥാനത്തിൽ പരിഹാരം കാണാൻ സർക്കാർ സന്നദ്ധമാകണമെന്ന് മഹിളാസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ജയ, എം.സ്വർണ്ണലത, ഷീല വിജയകുമാർ, സജ്‌ന പർവീൻ, ഗീത രാജൻ, ജയന്തി സുരേന്ദ്രൻ, ബിജി സദാനന്ദൻ, സി.ആർ.റോസിലി സംസാരിച്ചു.
സോഫ്റ്റ് വെയർ പരിഷ്‌കരണം വേണമെന്ന്
നാഷണൽ ഹെൽത്ത് മിഷൻ ഇടയ്ക്കിടെ ഇറക്കുന്ന ആശ സർക്കുലറിൽ തങ്ങളുടെ ജോലിയുമായി ബന്ധമില്ലാത്ത കാര്യങ്ങളുടെ എൻട്രി നടത്തേണ്ട സാഹചര്യം നിലനിൽക്കുന്നതിനാൽ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗവ. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാർ നിസഹകരണ സമരത്തിലാണ്. ദൈനംദിന ജോലിയിൽ തടസം നേരിടാത്ത വിധത്തിലാണ് നിസഹകരണ സമരം. സ്ത്രീകൾ, കുട്ടികൾ, കൗമാരക്കാർ എന്നിവരുമായി ബന്ധപ്പെട്ടതാണ് ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സുമാരുടെ ചുമതല. ആശാ പ്രവർത്തകരുടെ ഈ ചുമതലയ്ക്ക് മാത്രമേ ഇൻസെന്റീവ് എൻട്രി ഇടാനാകൂവെന്നാണ് ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സുമാരുടെ നിലപാട്.
സെക്രട്ടേറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ വർക്കർ സമരം ചെയ്യേണ്ടത് കേന്ദ്രസർക്കാരിനെതിരെയാണ്. കേന്ദ്രം നൽകേണ്ട ഇൻസെന്റീവ് കേന്ദ്രം പിടിച്ചു വെച്ചിരിക്കുകയാണ്
കെ.കെ.ശൈലജ ടീച്ചർ
മുൻ ആരോഗ്യ മന്ത്രി.
സർക്കാരിന്റെ ദുർവാശി ഉടൻ അവസാനിപ്പിക്കണം. ആശ വർക്കർമാർക്ക് സർക്കാർ നിശ്ചയിച്ച മിനിമം വേതനം 21,000 രൂപ അനുവദിക്കണം
കെ.എൻ.നാരായണൻ
ജില്ലാ വൈസ് പ്രസിഡന്റ്
ഐ.എൻ.ടി.യു.സി
അവശ്യങ്ങൾ അംഗീകരിക്കും വരെ സമര രംഗത്ത് തുടരും. വളരെ ദുരിതപൂർണമായ ജീവിതമാണ്.
ശകുന്തള സജീവ്
ജില്ലാ പ്രസിഡന്റ്
ആശാ കോൺഗ്രസ് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |