തൃശൂർ : ആധുനിക നാടകത്തിന്റെ മികവ് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിലൂടെ കലകളുടെ സാംസ്‌കാരിക വേദിയായി തീരുകയാണ് അന്താരാഷ്ട്ര നാടകോത്സവം. വിവിധ രാജ്യങ്ങളിലെ അഭിനേതാക്കൾക്കും സംവിധായകർക്കും മികച്ച രീതിയിലുള്ള പ്രതികരണങ്ങളാണ് ആസ്വാദകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. രാവിലെ അരങ്ങേറിയ 'ഭൂതങ്ങൾ' അപ്പൻ സിനിമയെ ആസ്പദമാക്കി ഷാജഹാൻ ഒ.ടി സംവിധാനം ചെയ്ത നാടകം വാർദ്ധക്യത്തിലും അധികാരത്തിന്റെ ആസക്തി വിട്ടുപോകാത്ത മനുഷ്യന്റെ കഥയാണ്. വൈകിട്ട് മൂന്നിന് തോപ്പിൽ ഭാസി ബ്ലാക്ക് ബോക്‌സിൽ അരങ്ങേറിയ ഹംഗേറിയൻ നാടകം 'സർക്കിൾ റിലേഷൻ' സൗരയൂഥത്തിലെ ഗ്രഹങ്ങളും സൂര്യനും ചന്ദ്രനും എല്ലാം നമ്മുടെ തന്നെ പ്രതീകങ്ങളായ ഗ്രഹരാശിയുടെ പരിണാമമെന്ന ആശയത്തെ മുന്നോട്ട് വച്ചു. സമൂഹത്തിൽ സ്ത്രീ എങ്ങനെയായിരിക്കണമെന്ന് അളന്നു തിട്ടപ്പെടുത്തുന്ന മനുഷ്യർക്കുള്ള ചിന്തകളാണ് ആക്ടർ മുരളി തിയേറ്ററിൽ നടന്ന 'ഐറ്റം' നാടകം അവതരിപ്പിച്ചത്. നാടകങ്ങൾക്ക് പുറമേ സംവാദങ്ങൾക്കും ചർച്ചകൾക്കും രാമനിലയം വേദിയായി. റഷ്യൻ നാടകമായ പൂവർ ലിസയുടെ സംഘവുമായി മീറ്റ് ദ ആർട്ടിസ്റ്റ് പരിപാടി നടന്നു. ഡോ.ശ്യാംകുമാർ, റുവന്തി ഡി.ചിക്കേര, ജോൺ ബാഷ്‌ഫോർഡ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
'ഭൂതങ്ങൾ'
തൃശൂർ : അത്യാഗ്രഹത്തിന്റെ ഊരാക്കുടുക്കിൽ സ്വാർത്ഥത മൂലം മനുഷ്യബന്ധങ്ങളെ മറന്നുപോകുന്ന ഒരു വ്യക്തിയെയും അയാളുടെ കുടുംബത്തെയുമാണ് പാലക്കാട് നിന്നുള്ള 'ഭൂതങ്ങൾ' എന്ന നാടകം അവതരിപ്പിച്ചത്. ഇറ്റ്‌ഫോക്ക് അഞ്ചാം ദിനത്തിലാണ് ഒ.ടി.ഷാജഹാന്റെ സംവിധാനത്തിൽ പാലക്കാട് അത്‌ലറ്റ് കായിക നാടകവേദി നാടകം വേദിയിലെത്തിച്ചത്. മജു സംവിധാനം ചെയ്ത് 2022ൽ പുറത്തിറങ്ങിയ 'അപ്പൻ' എന്ന മലയാള സിനിമയെ അടിസ്ഥാനമാക്കികൊണ്ടാണ് നാടകം. അലിയാർ അലിയുടെ രംഗപടവും സനീഷിന്റെ വെളിച്ച വിതാനവും മിഥുൻ മലയാളത്തിന്റെ സംഗീതവും നാടകത്തിന് മുതൽക്കൂട്ടായി. 'സ്വത്തിനായുള്ള ആളുകളുടെ കുടിലതയും സ്വാർത്ഥതയും നിറഞ്ഞ രീതിയിലുള്ള കുറെ ചിത്രങ്ങളാണ് നാടകത്തിൽ' അവതരിപ്പിച്ചതെന്ന് ഷാജഹാൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |