തൃശൂർ : 48 മണിക്കൂറിൽ വ്യത്യസ്ത സംഭവങ്ങളിൽ ജില്ലയിൽ കൊല്ലപ്പെട്ടത് മൂന്നുപേർ. മദ്യപാനത്തെ തുടർന്നുള്ള തർക്കങ്ങളാണ് എല്ലാ കൊലപാതകത്തിനും പിന്നിൽ. ഉത്രാളിപ്പൂരത്തിനിടെ പൂരപ്പറമ്പിൽ മർദ്ദനമേറ്റ ജോലിക്കാരനുമായി അക്രമിയുടെ വീട്ടിൽ ചോദിക്കാനെത്തിയ കെട്ടിട നിർമ്മാണ കരാറുകാരൻ വടക്കാഞ്ചേരി പഴയ റെയിൽവേ ഗേറ്റിന് സമീപം അരിമ്പൂര് വീട്ടിൽ പരേതനായ ജോസിന്റെ മകൻ സേവ്യറാണ് (42) ചൊവ്വാഴ്ച അർദ്ധരാത്രിയോടെ കൊല്ലപ്പെട്ടത്.
മദ്യലഹരിയിലുള്ള തർക്കത്തെ തുടർന്ന് പൊന്നൂക്കരയിൽ സുഹൃത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സുധീഷ് (54), കഴിഞ്ഞദിവസം രാത്രി സംഗീത നാടക അക്കാഡമിക്ക് മുന്നിൽ മദ്യലഹരിയിൽ സുഹൃത്ത് തള്ളിയിട്ട് മരിച്ച പൂങ്കുന്നം ചക്കാമുക്ക് കുരുവട്ടശേരി ഗോപിയുടെ മകൻ അനി (49) എന്നിവരുടെ ജീവനാണ് പിന്നീട് നഷ്ടപ്പെട്ടത്. മൂന്ന് സംഭവങ്ങളിലും പ്രതികളെ പിടികൂടാനായി. വടക്കാഞ്ചേരിയിലെയും പൊന്നൂക്കരയിലെയും കൊലപാതകങ്ങളിൽ പ്രതികൾ ക്രിമിനൽ സ്വഭാവമുള്ളവരാണ്. ഇന്നലെ രാവിലെ നാടകം കാണാനായി വീട്ടിൽ നിന്ന് പോയതായിരുന്നു ബുധനാഴ്ച കൊല്ലപ്പെട്ട അനി. രാത്രി പതിനൊന്നോടെയാണ് സുഹൃത്തുമായി തർക്കമുണ്ടായത്.പിടിച്ചുതള്ളിയ ഉടനെ തലയടിച്ച് വീഴുകയായിരുന്നു. വടക്കാഞ്ചേരി സംഭവത്തിൽ ഒളിവിൽപോയ പ്രതി അടാട്ടുവളപ്പിൽ വിഷ്ണുവിനെ (32) പൊലീസ് മെഡിക്കൽ കോളേജിന് സമീപം ലോഡ്ജിൽ നിന്ന് വടക്കാഞ്ചേരി എസ്.എച്ച്.ഒ റിജിൻ എം.തോമസ് പിടികൂടി.
സേവ്യറിന്റെ ജോലിക്കാരനായ പാലക്കാട് വടക്കഞ്ചേരി സ്വദേശി അനീഷ് (40) തലയിലും കഴുത്തിലും പുറത്തും മാരകപരിക്കോടെ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പൊന്നൂക്കരയിൽ സുധീഷ് കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ വിഷ്ണു നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ്. 15 വർഷം മുമ്പ് സുധീഷിന്റെ സഹോദരിയെ വിഷ്ണു കളിയാക്കിയിരുന്നു. മദ്യം അകത്തു ചെന്നതോടെ ഇക്കാര്യം പറഞ്ഞ് തർക്കമായി. ഇതിനിടെയാണ് സുധീഷിന്റെ തല വിഷ്ണു ഭിത്തിയിൽ ഇടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |