തൃശൂർ: ഏറെ വിവാദങ്ങൾക്കും സമരങ്ങൾക്കും ശേഷം ആരംഭിച്ച കൊടുങ്ങല്ലൂർ -ഷൊർണൂർ റോഡിലെ കോൺക്രീറ്റിംഗ് കുറുപ്പം റോഡിലേക്ക് കടന്നു. ഇടയ്ക്ക് നർമ്മാണം നിറുത്തിയതിനാൽ വ്യാപാരികളും യാത്രക്കാരും ദുരിതത്തിലായിരുന്നു. റോഡ് പൊളിച്ചിട്ട ശേഷം പണികൾ നടത്താതെ വന്നതോടെ വ്യാപാരം ചെയ്യാൻ സാധിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായത്. കോർപറേഷൻ കൗൺസിലർ വിനോദ് പൊള്ളാഞ്ചേരി കൗൺസിൽ യോഗത്തിൽ നിരന്തരം പ്രതിഷേധിച്ചിരുന്നു. പണികൾ ആരംഭിക്കാനുള്ള നടപടിയെടുക്കാമെന്ന് മേയർ ഉറപ്പ് നൽകി. കഴിഞ്ഞ ആഴ്ചയാണ് കൂർക്കഞ്ചേരി മുതൽ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ വരെയുള്ള കോൺക്രീറ്റിംഗ് പൂർത്തിയായത്. ഇവിടം മുതൽ കുറുപ്പം റോഡ് വരെയുള്ള ടാർ റോഡ് പൊളിച്ചതിന് പിന്നാലെ കോൺക്രീറ്റിംഗും ആരംഭിച്ചു. ചെട്ടിയങ്ങാടിയും കടന്ന് കുറുപ്പം റോഡിലേക്ക് കോൺക്രീറ്റിംഗെത്തി. ഒരു വശത്താണ് ആദ്യം കോൺക്രീറ്റിംഗ് നടത്തുന്നത്. ഈ ഭാഗം പൂർത്തിയായ ശേഷം ചില സ്ഥലങ്ങളിൽ വാഹനങ്ങൾ കടത്തി വിട്ടാണ് മറുഭാഗം ചെയ്യുക. കൊടുങ്ങല്ലൂർ- തൃശൂർ റോഡ് കോൺക്രീറ്റിംഗ് പൂർത്തിയാകുന്നതോടെ റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരമാകും. കോൺക്രീറ്റ് റോഡ് ചുരുങ്ങിയത് പത്ത് വർഷത്തേക്ക് അറ്റകുറ്റപണി പോലും ചെയ്യേണ്ടി വരില്ലെന്നതാണ് നേട്ടം. പൂരത്തിന് മുമ്പ് നഗരത്തിലേക്കെത്തുന്ന റോഡുകൾ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുമെന്ന മേയറുടെ പ്രഖ്യാപനം ഇതോടെ സാദ്ധ്യമാകും. പൂരം കഴിഞ്ഞ ശേഷമേ എതിർവശത്തെ ഭാഗം പൊളിച്ച് കോൺക്രീറ്റിംഗ് ആരംഭിക്കൂ. റോഡിൽ കോൺക്രീറ്റിംഗ് ജോലികൾ നടക്കുന്നതിനാൽ മാസങ്ങളായി വാഹനങ്ങൾ പല വഴിക്ക് തിരിച്ചുവിട്ടാണ് ഗതാഗതം നിയന്ത്രിക്കുന്നത്. കൂർക്കഞ്ചേരി വരെ പോകുന്നതിന് ശക്തൻ സ്റ്റാൻഡ് വഴി വാഹനങ്ങൾ തിരിച്ചുവിടുകയാണ്.
ഈ മാസം പൂർത്തിയാക്കും
ഈ മാസം 31നുള്ളിൽ കുറുപ്പം റോഡ് വരെയുള്ള കോൺക്രീറ്റിംഗ് പൂർത്തിയാക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ മഹേന്ദ്ര അശോകൻ പറഞ്ഞു. ഇതനുസരിച്ചുള്ള നിർമാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. കോൺക്രീറ്റിംഗ് കഴിഞ്ഞ ശേഷം വശങ്ങൾ ശരിയാക്കുന്നതിന്റെ ജോലി നടത്തുന്നതിന് ടെൻഡർ വിളിച്ചിട്ടുണ്ട്. ആ ജോലികളും എത്രയും വേഗം പൂർത്തിയാകും.
റോഡ് നിർമ്മാണം മൂലം മാസങ്ങളായി വ്യാപാരം നടത്താൻ സാധിച്ചിട്ടില്ല. പൊടിശല്യം മൂലം കടകൾ തുറക്കാറില്ല. റോഡിന്റെ പണികൾ വേഗം പൂർത്തിയാക്കണം
വ്യാപാരികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |