
തൃശൂർ: കഴിഞ്ഞ രണ്ടു മാസങ്ങളിലായി തൃശൂർ സിറ്റി പൊലീസ് നശിപ്പിച്ചത് 2.37 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കൾ. ജനുവരിയിൽ റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ചും ഫെബ്രുവരിയിൽ സംസ്ഥാനതലത്തിൽ ലഹരിക്കെതിരെ നടത്തിയ ഡി ഹണ്ട് ഓപ്പറേഷനുമായി ബന്ധപ്പെട്ടാണ് ലഹരിവസ്തുക്കൾ നശിപ്പിച്ചത്. ജനുവരിയിൽ 99.120 കിലോഗ്രാം കഞ്ചാവും 236.27 ഗ്രാം മെത്താഫിറ്റാമിനും 500 ഗ്രാം എം.ഡി.എം.എയും 5.274 കിലോഗ്രാം ഹാഷിഷ് ഓയിലുമാണ് സിറ്റി പൊലീസ് നശിപ്പിച്ചത്. ഫെബ്രുവരി മാസത്തിൽ 105.944 കിലോഗ്രാം കഞ്ചാവും 95.57 ഗ്രാം മെത്തംഫെറ്റമിനുമാണ് ചിറ്റിശേരിയിലെ ഓട്ടുകമ്പനിയിൽ വച്ച് നശിപ്പിച്ചത്. ലഹരിക്കെതിരെയുള്ള തൃശൂർ സിറ്റി പൊലീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതപ്പെടുത്തി പരിശോധനകൾ വ്യാപിപ്പിക്കുമെന്നും മുൻകാല ലഹരി കേസിൽ ഉൾപെട്ടവരെ നിരീക്ഷിച്ച് വരികയാണെന്നും കമ്മീഷണർ ആർ.ഇളങ്കോ പറഞ്ഞു.
201 പേർ അറസ്റ്റിൽ
ഫെബ്രുവരി 22 മുതൽ ഇന്നലെ വരെയുള്ള ഒരാഴ്ച കാലയളവിൽ ലഹരിക്കെതിരെ സംസ്ഥാനതലത്തിൽ നടത്തിയ ഡി ഹണ്ട് ഓപ്പറേഷനിൽ തൃശൂർ സിറ്റി പൊലീസ് ജില്ലയിൽ ആകെ 194 കേസുകൾ രജിസ്റ്റർ ചെയ്തു. 201 പേർ അറസ്റ്റിലായി. 9 പേരെ റിമാൻഡ് ചെയ്തു. 3.41 ഗ്രാം എം.ഡി.എം.എ, 8.613 കിലോ ഗ്രാം കഞ്ചാവ്, 169 ഗഞ്ചാ ബീഡി എന്നിവയാണ് വിവിധയിടങ്ങളിൽ നടന്ന പരിശോധനകളിൽ പിടിച്ചെടുത്തത്. 194 കേസുകളിൽ 20 കുറഞ്ഞ തൂക്കംവരുന്ന ഇനത്തിലുള്ള കേസുകളും 5 മീഡിയം ക്വാണ്ടിറ്റി കേസുകളും ബാക്കിയുള്ളവ കഞ്ചാവ് ബീഡി ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളുമാണ്. റിമാൻഡ് ചെയ്തവരിൽ 6 പേർ അന്യസംസ്ഥാന തൊഴിലാളികളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |