തൃശൂർ: പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിന് ശേഷം ഒളകര ആദിവാസി ഉന്നതിയിലെ 44 കുടുംബങ്ങൾക്ക് ഭൂമിയെന്ന സ്വപ്നം യാഥാർത്ഥ്യത്തിലേയ്ക്ക്. ഡി.എഫ്.ഒ കഴിഞ്ഞദിവസം വനാവകാശ രേഖയിൽ ഒപ്പിട്ടതോടെയാണ് ചുവപ്പു നാട നീങ്ങിയത്. അടുത്ത ദിവസങ്ങളിലായി ഒന്നരയേക്കർ വീതമുള്ള ഭൂമിയുടെ അതിർത്തി നിർണയിക്കും. 22ന് ഒളകരയിൽ നടക്കുന്ന ചടങ്ങിൽ വനാവകാശ രേഖ കൈമാറും. സർക്കാർ ഭൂമി നൽകാൻ തീരുമാനിച്ചിട്ടും വൈകുന്നതിൽ നിരവധി പ്രതിഷേധം ഉടലെടുത്തിരുന്നു.
കളക്ടർ, പീച്ചി ഡി.എഫ്.ഒ, ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ എന്നിവർ ഒപ്പിട്ട ശേഷമാണ് ഭൂമി നൽകുന്നത്. എന്നാൽ ഡി.എഫ്.ഒ ഫയൽ പിടിച്ചു വച്ചത് ഒളകരക്കാരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. ഭൂമി പ്രശ്‌നം നീട്ടിക്കൊണ്ടുപോയ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണമെന്ന റിപ്പോർട്ട് സർക്കാരിന് നൽകിയതോടെയാണ് വനാവകാശ രേഖയിൽ ഡി.എഫ്.ഒ ഒപ്പിട്ടത്. മന്ത്രി കെ.രാജൻ, കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവരുടെ ഇടപെടലാണ് നടപടികൾ വേഗത്തിലാക്കിയത്. മുൻ കളക്ടർമാരായ ഹരിത വി.കുമാറും വി.ആർ.കൃഷ്ണ തേജയും ഇതിനായി പ്രവർത്തിച്ചിരുന്നു. ഉന്നതിയിൽ നിലവിൽ 47 കുടുംബങ്ങളാണ് താമസിക്കുന്നത്. മൂന്ന് കുടുംബങ്ങൾ അടുത്തിടെ താമസമാക്കിയവരാണ്.
കാൽനൂറ്റാണ്ട് പോരാട്ടത്തിന് അന്ത്യം
2001 മുതലാണ് ഒളകരക്കാർ ഭൂമിക്കായുള്ള പോരാട്ടം തുടരുന്നത്. 2005ൽ വനാവകാശ നിയമം നിലവിൽ വന്നപ്പോൾ നാലേക്കർ വീതം കൃഷിഭൂമി വേണമെന്ന് ഒളകരക്കാർ ആവശ്യപ്പെട്ടെങ്കിലും പിന്നീട് ആവശ്യം ഒരേക്കർ വീതമെന്ന് ചുരുക്കി. 2016 മുതൽ ഇക്കാര്യത്തിൽ നിരന്തര ഇടപെടലുണ്ടായി. ഇതിനിടെ ഭൂമി നൽകുന്നതിനെ എതിർത്ത് വൺ എർത്ത് വൺ ലൈൻ എന്ന സംഘടന നൽകിയ കേസും ഒളകരക്കാരുടെ സ്വപ്‌നങ്ങൾക്ക് നിരാശപകർന്നു.
ഒളകരയിലെത്തിയത് അമ്പത് വർഷം മുമ്പ്
ഒളകര നിവാസികളുടെ മുൻ തലമുറക്കാർ ഏകദേശം നൂറ് വർഷം മുമ്പ് വനത്തിലുള്ളിലെ മുപ്പഴകൂടി, പൈങ്ങോട്ടുകണ്ടം എന്നിവിടങ്ങളിലായി താമസിച്ചിരുന്നതായാണ് കിർത്താർഡ്‌സിന്റെ പഠന റിപ്പോർട്ട്. പീച്ചി ഡാം നിർമ്മിച്ച ശേഷം 1957ൽ വെള്ളം കയറിയതോടെ കുഴിക്കുത്തി എന്ന മറ്റൊരു സ്ഥലത്തേക്ക് മാറി. പിന്നീട് അമ്പത് വർഷം മുമ്പ് ഒളകരയിലെത്തി.
48 കേസ്
ഭൂമിക്കായി നടത്തിയ ശക്തമായ സമരങ്ങളിൽ 48 കേസാണ് ഒളകരക്കാർക്ക് മേൽ ചുമത്തിയിരുന്നത്. പലഘട്ടങ്ങളിലായി നടത്തിയ ചർച്ചകളിൽ പല കേസും പിൻവലിച്ചു. നിലവിൽ വനഭൂമിയിൽ മഞ്ഞൾ നട്ടുവെന്നാരോപിച്ച് ആറ് കേസെടുത്തിരുന്നു.
ആനക്കുഴിയിൽ നിന്ന് റോഡ്
ഒളകര ആദിവാസി ഉന്നതിയിലേക്ക് പാണഞ്ചേരി പഞ്ചായത്തിൽ നിന്നുള്ള റോഡ് നിർമ്മാണം ആരംഭിച്ചു. മന്ത്രി കെ.രാജന്റെ ശ്രമഫലമായി മൂന്ന് കോടി രൂപ റോഡ് നിർമ്മാണത്തിന് അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടം കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |