ബോർഡ് ഇല്ലാത്തതിനാൽ ഇരിങ്ങാലക്കുടയിൽ എത്തിയ ഓട്ടോകൾക്ക് ടെസ്റ്റ് കിട്ടിയില്ല
തൃശൂർ: ഫെയർ മീറ്ററില്ലെങ്കിൽ സൗജന്യയാത്രയെന്ന ബോർഡ് പതിക്കാതെ ടെസ്റ്റ്, ഫിറ്റ്‌നസ് എന്നിവ നൽകില്ലെന്ന സർക്കുലറിനെ തുടർന്ന് ഇരിങ്ങാലക്കുട ജോയിന്റ് ആർ.ടി ഓഫീസ് ഒഴികെ മറ്റെല്ലായിടത്തും ടെസ്റ്റിനെത്തിയ ഓട്ടോറിക്ഷകളിൽ ബോർഡ് പതിപ്പിച്ചു. ഇരിങ്ങാലക്കുടയിൽ 14 ഓട്ടോകൾ ടെസ്റ്റിന് എത്തിയെങ്കിലും ബോർഡ് സ്ഥാപിച്ചിരുന്നില്ല. വൈകുന്നേരത്തിന് മുൻപ് ബോർഡ് വച്ച് വരണമെന്ന നിർദ്ദേശവും ആരും പാലിച്ചില്ല. ആദ്യദിനമായതിനാൽ ഇന്ന് രാവിലെ വരുന്നവർക്ക് ടെസ്റ്റ് നൽകുമെന്ന് ഇരിങ്ങാലക്കുട ജോയിന്റ് ആർ.ടി.ഒ ബിജു ഐസക് കേരളകൗമുദിയോട് പറഞ്ഞു.
ടെസ്റ്റ് ഗ്രൗണ്ടുകളിൽ എത്തുന്ന ഓട്ടോകളിൽ പതിപ്പിക്കാനുള്ള ബോർഡ് മിക്കയിടത്തും ഉദ്യോഗസ്ഥർ തന്നെയാണ് എത്തിച്ചത്. ചിലയിടത്ത് ബോർഡ് എഴുതിവരാൻ അധികൃതർ നിർദ്ദേശിച്ചു. തുടർന്ന് ബോർഡ് എഴുതിവന്ന ശേഷമാണ് ടെസ്റ്റ് നൽകിയത്. തൃശൂർ, ചാലക്കുടി, ഗുരുവായൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ എന്നിവിടങ്ങളിലാണ് ഇന്നലെ ടെസ്റ്റ് നടന്നത്. കൊടുങ്ങല്ലൂർ ജോയിന്റ് ആർ.ടി ഓഫീസിൽ ഇന്നാണ് ടെസ്റ്റ് ദിനം. ഇവിടെയും ബോർഡ് സ്ഥാപിച്ചാൽ മാത്രമാണ് ടെസ്റ്റ് അനുവദിക്കൂവെന്ന് അധികൃതർ വ്യക്തമാക്കി. പല സ്ഥലത്തും പ്രതിഷേധം ഉയർന്നെങ്കിലും ബോർഡ് വേണമെന്ന കർശന നിർദ്ദേശം അനുസരിച്ചെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ബോർഡ് സ്ഥാപിക്കണമെന്ന മോട്ടോർ വാഹന വകുപ്പ് നിർദ്ദേശം തൊഴിലാളി വിരുദ്ധമാണെന്ന് ആരോപിച്ച് വിവിധ ട്രേഡ് യൂണിയനുകൾ രംഗത്തെത്തിയിട്ടുണ്ട്.
ആർ.ടി ഓഫീസിൽ ടെസ്റ്റിനെത്തിയ ഓട്ടോകൾ
തൃശൂർ 5
ചാലക്കുടി 10
ഗുരുവായൂർ 16
ഇരിങ്ങാലക്കുട 16 (ഒന്നിനും ടെസ്റ്റ് കിട്ടിയില്ല)
തൃപ്രയാർ 22
ഉത്തരവ് കത്തിച്ച് ഐ.എൻ.ടി.യു.സി
തൃശൂർ: ജില്ലാ ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ ( ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യയാത്രയെന്ന സ്റ്റിക്കർ പതിക്കണമെന്ന ഉത്തരവിനെതിരെ പ്രതിഷേധിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി കമ്മിഷണറുടെ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. യൂണിയൻ പ്രസിഡന്റ് എ.ടി. ജോസ് അദ്ധ്യക്ഷനായി. വി.എ. ഷംസുദ്ദീൻ, വി.കെ. വിമൽ, എം.ജെ. ബോബൻ, എം.എൽ. സീമോൻ, ടി.ജി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ആർ.ടി ഓഫീസിലേക്ക് സി.ഐ.ടി.യു മാർച്ച്
സൗജന്യയാത്ര സ്റ്റിക്കർ പതിക്കണമെന്ന ഉത്തരവിനെതിരെ ഓട്ടോ ആൻഡ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ ആർ.ടി.ഒ ഓഫീസ് മാർച്ച് ധർണയും നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി. സുധാകരൻ ഉദ്ഘാടനം ചെയ്തു. കെ.വി. ഹരിദാസ് അദ്ധ്യക്ഷനായി. ടി.എസ്. ബൈജു, പി.ജി. ജയപ്രകാശ്, അഡ്വ. കെ.ജി. സന്തോഷ് കുമാർ, കെ.എം. അഷറഫ്, കെ.കെ. മുബാറക്, പി.സി. ഉമേഷ് എന്നിവർ സംസാരിച്ചു. പടിഞ്ഞാറെക്കോട്ടയിൽ നിന്നും ആരംഭിച്ച മാർച്ചിന് എ.ആർ. കുമാരൻ, പി.കെ. അശോകൻ, പി.കെ. ശശി, നാസർ കൊടുങ്ങല്ലൂർ, എം.എം. മുരളീധരൻ, സുജാത, കെ.പി. തോമസ്, കെ.ജി. പ്രമോദ് എന്നിവർ നേതൃത്വം നൽകി.പി.കെ. പുഷ്പകരൻ ,എ.എം. ജനാർദ്ദനൻ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |