വടക്കാഞ്ചേരി: നവകേരള സൃഷ്ടി മൂന്നാം പിണറായി സർക്കാർ പൂർണമാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ എം.സ്വരാജ്. ജനക്ഷേമത്തിലൂന്നി പ്രവർത്തിക്കുന്ന സർക്കാരിന് ലഭിക്കുന്ന പിന്തുണ കോൺഗ്രസിനെയും സംഘ പരിവാറിനെയും അസ്വസ്ഥമാക്കുകയാണ്. ശ്രീലങ്കയിലടക്കം ലോകത്ത് കമ്മ്യൂണിസം തിരിച്ചുവരികയാണ്. ലോക സഭയിൽ പാർട്ടിക്കുള്ള അംഗങ്ങളുടെ എണ്ണമല്ല പ്രശ്‌നം പാർട്ടി നിലപാടുകളാണ്. നന്മയുള്ള കോൺഗ്രസുകാർ ഇടത് സർക്കാർ വീണ്ടും വരണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും സ്വരാജ് പറഞ്ഞു. മാർച്ച് ആറുമുതൽ ഒമ്പതുവരെ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക ജാഥയ്ക്ക് വടക്കാഞ്ചേരിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം.സ്വരാജ്.
ജാഥയെ പഞ്ചവാദ്യത്തിന്റെയും പൂക്കാവടികളുടെയും അകമ്പടിയോടെ സ്വീകരിച്ചു. വനിതകൾ ചൂടിയ മുത്തുക്കുടകൾ അലങ്കാരമായി. പൊതുസമ്മേളനം എം.സ്വരാജ് ഉദ്ഘാടനം ചെയ്തു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ, എം.എം.വർഗീസ്, പി.എൻ.സുരേ ന്ദ്രൻ, ഡോ: കെ.ഡി.ബാഹുലേയൻ തുടങ്ങിയവർ സംസാരിച്ചു.
സി.പി.എം പതാക ജാഥക്ക് ആവേശകരമായ സ്വീകരണം
തൃശൂർ: സി.പി.എം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് കയ്യൂരിൽ നിന്നും പുറപ്പെട്ട പതാക ജാഥയ്ക്ക് ജില്ലയിൽ ആവേശകരമായ സ്വീകരണം. ജില്ലാ അതിർത്തിയായ ചെറുത്തുരുത്തിയിൽ നിന്ന് വൻ ജനാവലിയോടെ ആദ്യ സ്വീകരണ സ്ഥലമായ വടക്കഞ്ചേരിയിലെത്തി. രാത്രിയോടെ തെക്കേ ഗോപുര നടയിലായിരുന്നു സമാപനം. കാവടി, വാദ്യ മേളം എന്നിവയോടെ നഗരത്തിലേക്ക് വരവേറ്റു. സി.പി.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ കാദർ, എം. എം. വർഗീസ്, സേവ്യർ ചിറ്റിലപിള്ളി, എം.കെ. കണ്ണൻ,മേരി തോമസ്, പി. കെ. ഷാജൻ എന്നിവർ നേതൃത്വം നൽകി. പാലക്കാട് ജില്ലയിലെ ഷൊർണ്ണൂരിൽ നിന്ന് ജില്ലാതിർത്തിയായ ചെറുതുരുത്തി പാലത്തിലെത്തിയ ജില്ലയിലേക്ക് ജാഥയെ ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കയ്യൂരിൽ നിന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം എം.സ്വരാജ് ക്യാപ്ടനും പനോളി വത്സൻ വൈസ് ക്യാപ്ടനും കെ.അനുശ്രീ മാനേജരുമായാണ് ജാഥാ പ്രയാണം. ഇന്ന് രാവിലെ ഒമ്പതരയ്ക്ക് ഒല്ലൂർ സെന്റർ, പത്തിന് കൊടകര ഫ്‌ളൈ ഓവർ, പത്തരയ്ക്ക് ചാലക്കുടി ഫ്‌ളൈഓവർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ജില്ലാ അതിർത്തിയായ പൊങ്ങത്ത് എറണാകുളം ജില്ലയിലേക്ക് കൈമാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |