SignIn
Kerala Kaumudi Online
Friday, 23 October 2026 2.39 AM IST

കൊച്ചിൻ ദേവസ്വം ബോർഡിൽ ആളില്ല : ക്ഷേത്രക്കാര്യത്തിന് മുട്ടുശാന്തി

dev

തൃശൂർ : ശാന്തിക്കാരടക്കം ക്ഷേത്ര ജീവനക്കാരുടെ ഒഴിവുകൾ നികത്താതെ കൊച്ചിൻ ദേവസ്വം ബോർഡ്. ഇതോടെ ക്ഷേത്രങ്ങളിൽ ദൈനംദിന ചടങ്ങുകൾ പ്രതിസന്ധിയിലേക്ക്. ആറ് മാസം മുൻപ് ഒഴിവ് സംബന്ധിച്ച് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് റിപ്പോർട്ട് ചെയ്തിട്ടും നടപടിയായിട്ടില്ല.

നാനൂറിലേറെ ക്ഷേത്രങ്ങളുള്ള കൊച്ചിൻ ദേവസ്വത്തിൽ എഴുപതോളം ശാന്തിക്കാരുടെ ഒഴിവാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് നൽകിയത്. കഴകം തസ്തികയിൽ 25 ഉം ഇലത്താളം മൂന്ന്, സോപാനം അഷ്ടപദി രണ്ട്, സംബന്ധി പത്ത്, ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ 60 തുടങ്ങിയ ഒഴിവുകളാണുള്ളത്.

ശാന്തിക്കാരുടെ ക്ഷാമം മൂലം പല ക്ഷേത്രങ്ങളിലും താത്കാലിക്കാരെ നിയമിച്ചാണ് മുന്നോട്ടുപോകുന്നത്.

പലപ്പോഴും ഇവർ കൃത്യമായി ജോലിക്ക് വരാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. കഴകം, സംബന്ധി (ക്ഷേത്ര അടിയന്തരച്ചടങ്ങുകൾ നടത്തുന്നവർ), ഇലത്താളം എന്നീ തസ്തികകളിലും നിയമനം വൈകുകയാണ്. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള തൃപ്രയാർ, കൊടുങ്ങല്ലൂർ, ചോറ്റാനിക്കര തുടങ്ങിയ സ്ഥലങ്ങളിൽ പറയെടുപ്പിനു മറ്റും ഉപയോഗിക്കുന്നത് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെയാണ്. ഈ തസ്തികകളിലും താത്കാലിക നിയമനമാണ്. പലപ്പോഴും കൗണ്ടർ അസിസ്റ്റന്റുമാർ, ക്ഷേത്രങ്ങളിലെ കോമരങ്ങൾ എന്നിവരെ പോലും പറ ഡ്യൂട്ടിക്ക് നിയോഗിക്കുകയാണ്.

മുന്നൂറിലേറെ താത്കാലികക്കാർ

ബോർഡിന് കീഴിലെ നാനൂറിലേറെ ക്ഷേത്രങ്ങളിലായി മുന്നൂറിലേറെ താത്കാലിക ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ലക്ഷക്കണക്കിന് പേർ ജോലി ലഭിക്കാതെ അലയുമ്പോഴാണ് ഇത്രയേറെ താത്കാലിക ജീവനക്കാർ ജോലി ചെയ്യുന്നത്. അതേസമയം ക്ലറിക്കൽ തസ്തികയിൽ ദേവസ്വം ബോർഡിൽ ജോലി ലഭിച്ചവരുടെ കൊഴിഞ്ഞുപോക്കും പ്രതിസന്ധിയാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ നൂറോളം പേരാണ് മറ്റ് വകുപ്പിലേക്ക് മാറിയത്. എന്നാൽ പകരം നിയമനം ഇല്ലാത്തതും പ്രതിസന്ധിയാണ്. പ്രമുഖ ക്ഷേത്രങ്ങളിൽ ഭണ്ഡാരം എണ്ണാനും മറ്റുമായി നിരവധി പേരെയാണ് നിയോഗിക്കേണ്ടി വരുന്നത്. ഉത്സവ സീസണായതോടെ സ്‌പെഷ്യൽ ഡ്യൂട്ടിക്കും ആളെ വേണം. ഇവിടങ്ങളിലെല്ലാം താത്കാലികക്കാരെയാണ് നിയമിക്കുന്നത്.


ഒഴിവിങ്ങനെ

ശാന്തിക്കാർ 70
കഴകം 25
ഇലത്താളം 3
സോപാനം അഷ്ടപദി 2
സംബന്ധി 10
ലാസ്റ്റ് ഗ്രേഡ് 60.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, DEVASWAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL