SignIn
Kerala Kaumudi Online
Friday, 23 October 2026 5.27 AM IST

തൃശൂർ റെയിൽവേ സ്‌റ്റേഷൻ സുരക്ഷയില്ലാ ട്രാക്കിൽ

photo

തൃശൂർ: കോടിക്കണക്കിന് രൂപ ചെലവഴിച്ച് അത്യാധുനിക നിലവാരത്തിൽ സ്റ്റേഷൻ ഉയർത്തിയെന്ന് പറയുമ്പോഴും പ്രാഥമിക സുരക്ഷ സംവിധാനങ്ങളില്ലാതെ തൃശൂർ റെയിൽവേ സ്‌റ്റേഷൻ. ഇന്നലെ ട്രെയിനുകളുടെ പാളം തെറ്റിയേക്കാവുന്ന വലിയ ഇരുമ്പുദണ്ഡ് തമിഴ്‌നാട് സ്വദേശിയായ ഹരി പാളത്തിന് കുറുകെ സ്ഥാപിച്ചത് അടിസ്ഥാന സുരക്ഷ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് വ്യക്തമാക്കുന്നത്. മോഷ്ടിച്ച ഇരുമ്പുദണ്ഡ് മുറിക്കുന്നതിനായാണ് ലഹരിക്ക് അടിമയായ ഹരി പാളത്തിലിട്ടതത്രെ. ഇന്നലെ പുലർച്ചെ 4.55ന് വന്ന ഗുഡ്‌സ് ട്രെയിൻ ഇത് തട്ടിത്തെറിപ്പിച്ചതിനാലാണ് വൻ അപകടം ഒഴിവായത്.


വഴികൾ നിരവധി

ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് കയറാനുള്ള പ്രധാന കവാടവും പൂത്തോൾ വഞ്ചിക്കുളം ഭാഗത്ത് നിന്നുള്ള പടിഞ്ഞാറൻ കവാടവും കൂടാതെ സ്റ്റേഷനിലേക്കും പ്ലാറ്റ്‌ഫോമിലേക്കും ട്രാക്കിലേക്കും എത്തിപ്പെടാൻ വഴികൾ നിരവധിയാണ്. പൂത്തോൾ വഞ്ചിക്കുളം പാർക്കിന് സമീപമുള്ള ഓവർബ്രിഡ്ജ് വഴിയും പടിഞ്ഞാറെ ടിക്കറ്റ് കൗണ്ടറിനടുത്തുള്ള ബൈക്ക് പാർക്കിംഗ് ഏരിയയിലൂടെയും ട്രാക്കിലേക്ക് പ്രവേശിക്കാനാകും. റെയിൽവേ ആർ.എം.എസ് ഓഫീസിന് മുൻപിലുള്ള ഇരുമ്പുഗേറ്റിലൂടെയും പാർസൽ ഓഫീസിനടുത്തുള്ള ഗേറ്റിലൂടെയും ഒന്നാം പ്ലാറ്റ്‌ഫോമിലെത്താം. രാത്രിസമയത്ത് കൊക്കാലെയിലെ ഗേറ്റ് അടയ്ക്കുമെങ്കിലും റെയിൽവേ ക്വാർട്ടേഴ്‌സിനടുത്തുള്ള ചെറിയൊരു മതിൽ ചാടിക്കടന്നാൽ ഏത് അക്രമിക്കും ഒന്നാം പ്ലാറ്റ്‌ഫോമിൽ പ്രവേശിക്കാനാകും.

കൊലപാതകം, അക്രമം

റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഴിഞ്ഞ വർഷം മാത്രം അഞ്ചോളം കൊലപാതകങ്ങളാണ് നടന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്നും പൂത്തോളിലേക്ക് കയറാവുന്ന ഇടവഴിയിൽ വച്ച് ലഹരിക്ക് അടിമയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടി വഴിയാത്രക്കാരനായ യുവാവിനെ കൊലപ്പെടുത്തിയിരുന്നു. പടിഞ്ഞാറെ ടിക്കറ്റ് കൗണ്ടറിന് പിറകിൽ ഒരാളെ മർദ്ദിച്ച് കൊന്ന് ഉപേക്ഷിച്ചതും കൊച്ചുകുട്ടിയെ കൊന്ന് ബാഗിലാക്കി പടിഞ്ഞാറെ ഓവർ ബ്രിഡജിന് അടുത്തുള്ള അഴുക്കുചാലിൽ അമ്മയും കാമുകനും ഉപേക്ഷിച്ചതും തമിഴ്‌നാട് സ്വദേശിയെ പാസ്‌പോർട്ട് ഓഫീസിന് സമീപം കുത്തിക്കൊലപ്പെടുത്തിയതും എല്ലാം കഴിഞ്ഞ എട്ട് മാസങ്ങൾക്കിടെ റെയിൽവേ സ്റ്റേഷൻ പരിസരത്താണ്.


ഭിക്ഷാടന, മോഷണ മാഫിയ

ഭിക്ഷാടക സംഘങ്ങളുടെയും ബൈക്ക് മോഷണ സംഘങ്ങളുടെയും വിഹാരകേന്ദ്രമാണ് റെയിൽവേ സ്റ്റേഷൻ പരിസരം. കഴിഞ്ഞ വർഷം മാത്രം 12 ഓളം ബൈക്കുകളാണ് ഇവിടെ നിന്നും നഷ്ടപ്പെട്ടത്. വഞ്ചിക്കുളം പാതയിലും മറ്റും നിറുത്തിയിടുന്ന വാഹനങ്ങളാണ് മോഷ്ടിക്കപ്പെടുന്നത്. ഈ ഭാഗങ്ങളിൽ ഭിക്ഷാടന മാഫിയയും സജീവമാണ്. ഇവരിൽ ചിലരാണ് ഇന്നലത്തേത് പോലുള്ള സംഭവങ്ങളിലേക്ക് നയിക്കുന്നത്. ഈ സംഘങ്ങളെ നിയന്ത്രിക്കാനും പ്ലാറ്റ്‌ഫോമിലും ട്രാക്കിലും കയറുന്നത് തടയാനും ആവശ്യത്തിന് പൊലീസോ ആർ.പി.എഫോ പ്രദേശത്തില്ല. അക്രമസംഭവങ്ങൾ നടക്കുമ്പോൾ മാത്രം രാത്രി സുരക്ഷയും പ്ലാറ്റ്‌ഫോം ടിക്കറ്റ് പരിശോധനയും ഉൾപ്പെടെയുള്ളവ കർശനമാക്കുമെങ്കിലും പിന്നീടെല്ലാം പഴയപടിയാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL