ചാലക്കുടി: ഏഴാറ്റുമുഖം ഗണപതിയെ ചികിത്സിക്കാനായി പിടികൂടുന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല. തിങ്കളാഴ്ചയോടെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവുണ്ടായേക്കും. ആ പ്രതീക്ഷയിലാണ് വനപാലകരുടെ പ്രവർത്തനം. മൂന്ന് ദിവസം ആനയെ നിരീക്ഷിച്ച വെറ്ററിനറി ഓഫീസർമാരാകട്ടെ വിദഗ്ദ്ധ ചികിത്സ സംബന്ധിച്ച് റിപ്പോർട്ട് ഇതുവരെയും നൽകിയിട്ടില്ല. ഇന്നലെ അവർ നിരീക്ഷണത്തിനെത്തിയില്ല.
ഇതിനിടെ പുഴ കടന്ന് വെറ്റിലപ്പാറയിലെത്തിയ ഏഴാറ്റുമുഖം ഗണപതിയിൽ കൂടുതൽ അസ്വസ്ഥത പ്രകടമായില്ല. തീറ്റയെടുക്കലും വെള്ളം കുടിക്കലുമുണ്ടായി. വെറ്റിലപ്പാറ ഗവ.സ്‌കൂളിന് എതിർഭാഗത്തെ എണ്ണപ്പന തോട്ടത്തിൽ നടന്ന ആന ചില സമയത്ത് മുൻഭാഗത്തെ വലതുകാൽ മുടന്തി. റിസോർട്ട് പറമ്പിൽ കയറിയ ആന തെങ്ങിന്റെ പട്ട വലിച്ചെടുത്തു. കാലിന്റെ പാദത്തിൽ ആണി പോലുള്ള എന്തോ തറച്ചിരിക്കാനാണ് സാദ്ധ്യതയെന്ന് വനപാലകർ പറയുന്നു.
ആനത്താരകളിൽ ക്ളീനിംഗ്
ഏഴാറ്റുമുഖം ഗണപതിയുടെ കാലിൽ കമ്പി തറച്ചാണ് മുറിവേറ്റതെന്ന സംശയത്തിന്റെ പേരിൽ ഏഴാറ്റുമുഖം, വെറ്റിലപ്പാറ ഭാഗത്തെ ആനത്താരകൾ കേന്ദ്രീകരിച്ച് ക്ലീനിംഗ് ഡ്രൈവ് നടത്തി. കുപ്പിച്ചില്ലുകൾ, പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ, കമ്പിയടക്കമുള്ള വസ്തുക്കൾ എന്നിവ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളിൽ അറുപതോളം പേർ പങ്കെടുത്തു. വനം വകുപ്പ് വാച്ചർമാർ, പി.സി.കെ തൊഴിലാളികൾ എന്നിവർ ആറ് ഗ്രൂപ്പായി തിരിഞ്ഞാണ് ശുചീകരണം നടത്തിയത്.
നീക്കം ചെയ്തത് 30 ചാക്ക് അവശിഷ്ടം
മുപ്പത് ചാക്ക് അവശിഷ്ടങ്ങൾ നീക്കം ചെയ്‌തെന്ന് വാഴച്ചാൽ ഡി.എഫ്.ഒ ആർ.ലക്ഷ്മി പറഞ്ഞു. ആനകൾ സ്ഥിരമായി വെള്ളം കുടിക്കാനും തീറ്റയ്ക്കുമായെത്തുന്ന വഴികളാണ് പ്രധാനമായും വൃത്തിയാക്കിയത്. ആനകളുടെ പാദത്തിന്റെ അടിഭാഗം മൃദുവായിരിക്കും. വഴിത്താരകളിൽ കമ്പിയോ മറ്റോ കിടന്നാൽ അവ തറയ്ക്കാനും സാദ്ധ്യത കൂടുതലാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ആനത്താരകളുടെ ശുചീകരണം.
ക്ളീനിംഗ് ഡ്രൈവ് ഇങ്ങനെ
എറണാകുളം ജില്ലയിലെ പുഴത്തീരത്ത് ഏഴാറ്റുമുഖം മുതൽ വെറ്റിലപ്പാറ ജങ്കാർ കടവ് വരെ
അതിരപ്പിള്ളി റോഡിൽ വെറ്റിലപ്പാറ പാലം മുതൽ പതിമൂന്ന് ജംഗ്ഷൻ വരെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |