
എരുമപ്പെട്ടി: വേനൽക്കാലത്ത് രണ്ട് തോടുകൾ ഇറങ്ങി കയറണം വീട്ടിലെത്താൻ. മഴക്കാലമായാൽ മെഡിക്കൽ കോളേജിലോ, വൃദ്ധ സദനത്തിലോ അഭയം തേടും. എരുമപ്പെട്ടി കടങ്ങോട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ മാഞ്ഞാർപാടം തുരുത്തിലെ എല്ലാ വീട്ടിലെയും അവസ്ഥയാണിത്. പഞ്ചായത്ത് പദ്ധതികളിലൂടെ വീട് നിർമ്മാണം പൂർത്തീകരിച്ച് താമസം തുടങ്ങിയ പത്തോളം കുടുംബങ്ങളാണ് ദുരിതം പേറുന്നത്. മഴക്കാലത്ത് തുരുത്തിൽ വെള്ളം കയറിയാൽ വീട്ടിലെത്തൽ അസാദ്ധ്യം. നാല് ഭാഗങ്ങളിലും പാടവും തോടുമായി ഒറ്റപ്പെട്ട നിലയിലാണ്. തോടിന് കുറുകെ താത്കാലിക പാലമുണ്ടെങ്കിലും യാത്ര ദുഷ്‌കരം. ഒരു വീടൊഴികെ എല്ലാ വീടും പഞ്ചായത്ത് പദ്ധതികളായ ആശ്രയ, ലൈഫ് ഭവന പദ്ധതിയിലൂടെ നിർമ്മിച്ചവയാണ്. മഴക്കാലത്തിന് മുൻപേ കലുങ്കും റോഡും നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിൽ നിവേദനം നൽകാൻ ഒരുങ്ങുകയാണ് കുടുംബങ്ങൾ.
മാനദണ്ഡം പാലിക്കാതെ നിർമ്മാണം
പത്ത് വർഷം മുൻപ് ആശ്രയ ഭവന നിർമ്മാണ പദ്ധതിയിലൂടെ മാനദണ്ഡം പാലിക്കാതെയാണ് മുൻ ഭരണസമിതി സ്ഥലം വാങ്ങി വീട് വച്ചു നൽകിയതെന്ന് ആരോപണം. പാടത്താൽ ചുറ്റപ്പെട്ട സ്ഥലത്ത് മഴക്കാലത്ത് വെള്ളം കയറും. ഇങ്ങനെയുള്ള പ്രദേശങ്ങളിൽ ഭവനപദ്ധതിയിലൂടെ വീട് നിർമ്മിക്കാറില്ല. 2015 കാലഘട്ടത്തിലാണ് ആശ്രയ പദ്ധതിയിൽ ഒരു കുടുംബത്തിന് വീട് വയ്ക്കാനായി സ്വകാര്യ വ്യക്തിയിൽ നിന്ന് ഭരണസമിതി കുടുംബശ്രീ വഴി സ്ഥലം വാങ്ങിയത്. ഏഴോളം കുടുംബങ്ങൾ സർക്കാരിന്റെ വിവിധ ഭവന പദ്ധതികളിലൂടെ വീട് നിർമ്മാണം പൂർത്തിയാക്കി താമസം ആരംഭിച്ചു. ആശ്രയ ഭവന നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സി.പി.എം വിജിലൻസിന് നൽകിയ പരാതിയിൽ അന്വേഷണം തുടുരുകയാണ്.
പ്രദേശത്തെ കുടുംബം, തിത്തിമ്മ താത്ത പ്രതികരിച്ചതിങ്ങനെ.
പാലങ്ങളും റോഡും തുരുത്തിന് ചുറ്റും പാർശ്വഭിത്തിയും നിർമ്മിച്ചാലേ പത്ത് വർഷമായുള്ള ഈ ദുരിത ജീവിതത്തിന് മാറ്റമുണ്ടാകൂ.
എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ്. എസ്.ബസന്ത് ലാൽ പ്രതികരിച്ചതിങ്ങനെ.
സാധാരണ മഴയിലും വെള്ളത്തിലും മുങ്ങുന്ന പ്രദേശത്ത് ആശ്രയ ഭവനങ്ങൾ നൽകിയത് ഉചിതമായില്ല. ആ കുടുംബങ്ങൾക്ക് സംരക്ഷണമൊരുക്കാൻ നടപടി സ്വീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |